Latest News

തന്ത്രി കേസ്: കാസര്‍കോട് സ്വദേശിക്ക് 11 വര്‍ഷം തടവും പിഴയും

കൊച്ചി: ശബരിമല മുന്‍ തന്ത്രി കണ്ഠരര് മോഹനരെ ആയുധങ്ങള്‍ കാണിച്ചു ഭീഷണിപ്പെടുത്തി ആഭരണങ്ങളും പണവും കവര്‍ന്ന കേസിലെ പ്രതി കാസര്‍കോട് സ്വദേശി പുളിക്കൂര്‍ അബ്ദുല്‍ സഹദി (33)നു കോടതി വിവിധ കുറ്റങ്ങളിലായി 11 വര്‍ഷം തടവും 11,000 രൂപ പിഴയും വിധിച്ചു.

ശിക്ഷ ഒരുമിച്ച് ഏഴു വര്‍ഷം കഠിന തടവായി അനുഭവിച്ചാല്‍ മതി. ആദ്യവിചാരണയുടെ ഘട്ടത്തില്‍ ഒളിവില്‍ പോയ സഹദിനെ കോടതി വീണ്ടും വിചാരണ ചെയ്തു കുറ്റക്കാരനെന്നു കണ്ടെത്തി ശിക്ഷിക്കുകയായിരുന്നു.

മുഖ്യപ്രതികളായ ശോഭാ ജോണ്‍, ബെച്ചു റഹ്മാന്‍ അടക്കം ആറു പ്രതികള്‍ക്ക് നേരത്തെ ഏഴു വര്‍ഷം കഠിനതടവും പിഴയും, കവര്‍ച്ചമുതല്‍ ഒളിപ്പിച്ച മറ്റു രണ്ടു പ്രതികള്‍ക്കു നാലു വര്‍ഷം വീതം കഠിനതടവും വിധിച്ചിരുന്നു. ഭവനഭേദനം, ഭീഷണിപ്പെടുത്തി പണവും ആഭരണവും തട്ടിയെടുക്കല്‍, സ്ത്രീത്വത്തെ അവഹേളിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്കാണു സഹദിന് ശിക്ഷ ലഭിച്ചത്. ജില്ലാ പ്രിന്‍സിപ്പല്‍ അസി. സെഷന്‍സ് ജഡ്ജി ജെ. നാസറാണ് പ്രതി കുറ്റക്കാരനെന്നു കണ്ടെത്തി ശിക്ഷിച്ചത്.

കണ്ഠരര് മോഹനരെ 2006 ജൂലൈ 23നു ശോഭാ ജോണിന്റെ എറണാകുളത്തെ ഫ്‌ളാററില്‍ വിളിച്ചുവരുത്തി പണവും സ്വര്‍ണാഭരണങ്ങളും രത്‌നങ്ങളും മൊബൈല്‍ ഫോണും കവര്‍ന്നെന്നാണ് കേസ്. ആയുധങ്ങള്‍ കാണിച്ചു ഭീഷണിപ്പെടുത്തി ശാന്തയെന്ന സ്ത്രീക്കൊപ്പം തന്ത്രിയുടെ ഫോട്ടോയെടുത്ത ശേഷം ചിത്രം പുറത്തുവിടാതിരിക്കാന്‍ പ്രതികള്‍ 30 ലക്ഷം രൂപ ആവശ്യപ്പെട്ടെന്നും പൊലീസ് കണ്ടെത്തിയിരുന്നു.

എറണാകുളം സെന്‍ട്രല്‍ സിഐ ജി. വേണു അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ പ്രോസിക്യൂഷനു വേണ്ടി അഡീ. പബ്ലിക് പ്രോസിക്യൂട്ടര്‍ ഡാല്‍ബി ഇമ്മാനുവല്‍ പാലമൂട്ടില്‍ ഹാജരായി.

Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.