Latest News

വീട്ടമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍

കണ്ണൂര്‍: വീട്ടമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ഇരിട്ടി കച്ചേരിക്കടവിലെ ലിസമ്മയെ (50) കൊലപ്പെടുത്തിയതിന് ഭര്‍ത്താവ് നരിമറ്റത്ത് ജെയിംസ് എന്ന കുട്ട്യച്ചനെയാണ് (55) ഇരിട്ടി ഡിവൈ.എസ്.പി പി. സുകുമാരന്‍ അറസ്റ്റുചെയ്തത്. വ്യാഴാഴ്ച രാവിലെ വീട്ടിലെ മദ്ധ്യത്തെ മുറിയില്‍ കഴുത്തിന്റെ ഇടത്തുഭാഗം അറുത്ത നിലയിലാണ് ലിസമ്മയുടെ മൃതദേഹം കണ്ടത്. ഭര്‍ത്താവ് ജെയിംസിന് മറ്റൊരു സ്ത്രീയുമായുള്ള അവിഹിതബന്ധമാണ് കൊലപാതകത്തിന് കാരണമായതെന്ന് പൊലീസ് വ്യക്തമാക്കി.

ഈ സ്ത്രീക്ക് ജെയിംസ് 5000 രൂപ കൊടുത്തതായി ലിസമ്മ അറിയുകയും ഇതിനെ തുടര്‍ന്ന് ഇവര്‍ തമ്മില്‍ വാക്കേറ്റമുണ്ടാവുകയും ചെയ്തിരുന്നു. കഴിഞ്ഞ ഞായറാഴ്ച അയല്‍ക്കൂട്ടത്തിന്റെ പാസ് ബുക്കില്‍ നിന്ന് ജെയിംസ് 11,000 രൂപ പിന്‍വലിച്ചിരുന്നുവത്രെ. ഇതിനെച്ചൊല്ലി ദിവസവും വാക്കേറ്റം നടന്നിരുന്നു. സംഭവ ദിവസം ഇരുവരും ചേര്‍ന്ന് വീട്ടിലെ പശുവിനെ കറക്കുകയും ഇതിനിടയില്‍ തര്‍ക്കമുണ്ടാവുകയും ചെയ്തു. ജെയിംസ് അടുക്കളയില്‍ നിന്ന് കത്തിയെടുത്ത് ലിസമ്മയുടെ പിന്നാലെ ഓടുകയും ഹാളില്‍ വച്ച് നിലത്തുതള്ളിയിട്ട് കഴുത്തറുത്ത് കൊലപ്പെടുത്തുകയുമായിരുന്നു.

ഇതിന് ശേഷം ഒന്നും സംഭവിക്കാത്ത മട്ടില്‍ പാല്‍ മില്‍മയില്‍ കൊടുക്കുവാന്‍ പോയ ജെയിംസ് പതിവുപോലെ വഴിയില്‍ കണ്ട പരിചിതരോട് സംസാരിക്കുകയും മറ്റും ചെയ്തിരുന്നു. തിരിച്ചു വീട്ടിലെത്തി കത്തിയെടുത്ത് മൃതദേഹത്തിന് മുകളില്‍ വച്ച ശേഷമാണ് ഇയാള്‍ ബഹളമുണ്ടാക്കി ആളുകളെ കൂട്ടിയത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് പുറത്തുനിന്ന് ഒരാളിവിടെയെത്തി കൊലനടത്താനുള്ള സാഹചര്യമില്ലെന്ന് കണ്ടെത്തിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍ മാറിമാറി ജെയിംസിനെ ചോദ്യം ചെയ്‌തെങ്കിലും ജെയിംസ് കുറ്റം സമ്മതിക്കാന്‍ തയ്യാറായിരുന്നില്ല. അന്വേഷണത്തിനെത്തിച്ച പൊലീസ് നായ മൃതദേഹത്തില്‍ നിന്ന് മണംപിടിച്ച ശേഷം വീടിന് ചുറ്റും തൊഴിത്തിനടുത്തും പോയി നില്‍ക്കുകയായിരുന്നു. ഇത് അന്വേഷണ ഉദ്യോഗസ്ഥരില്‍ സംശയം ബലപ്പെടുത്തി.

പരിയാരം മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ രാവിലെ ആറുമണിക്കും ഏഴുമണിക്കുമിടയിലാണ് കൊലപാതകം നടന്നതെന്ന് ബോധ്യമായി. ജെയിംസ് രാവിലെ പാലുമായി പോയി തിരിച്ചെത്തിയത് എട്ടുമണിയോടെയാണ്. സൈബര്‍ സെല്ലിന്റെ സഹായവും ഫോറന്‍സിക് റിപ്പോര്‍ട്ടും ജെയിംസിനെ കുടുക്കാന്‍ സഹായകമായി. ഇരിട്ടി ഡിവൈ.എസ്.പി പി. സുകുമാരന് പുറമെ സി.ഐ വി.വി. മനോജ്, എസ്.പിയുടെ സ്‌ക്വാഡ് അംഗങ്ങള്‍ തുടങ്ങിയവരും അന്വേഷണസംഘത്തിലുണ്ട്.

Keywords:Murder Case, Police, Arrested, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.