Latest News

പൂണെയിലെ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 73 ആയി

പുണെ: മഹാരാഷ്ട്രയിലെ പുണെയില്‍ ഉരുള്‍പൊട്ടലുണ്ടായ മാലിനില്‍നിന്ന് വെള്ളിയാഴ്ച കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെടുത്തു. ഇതോടെ മരണസംഖ്യ 73 ആയി.

പശ്ചിമഘട്ടത്തെക്കുറിച്ച് പഠിച്ച കസ്തൂരി രംഗന്‍ സമിതി പരിസ്ഥിതിലോല പ്രദേശമായി പ്രഖ്യാപിച്ച മേഖലയില്‍പ്പെട്ട ഗ്രാമമാണ് ഉരുള്‍പൊട്ടലില്‍ ഒലിച്ചുപോയ മാലിന്‍. ഇതേത്തുടര്‍ന്ന് നിര്‍മാണങ്ങള്‍ ഒഴിവാക്കണമെന്ന് കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം 2013 നവംബറില്‍ വിജ്ഞാപനമിറക്കിയിരുന്നു. എന്നാല്‍, സംസ്ഥാനസര്‍ക്കാറോ പ്രാദേശിക ഭരണകൂടമോ ഇത് ഗൗരവത്തിലെടുക്കാഞ്ഞതാണ് ദുരന്തത്തിനിടയാക്കിയതെന്ന് ആരോപണമുണ്ട്.

പ്രതികൂലകാലാവസ്ഥയും റോഡുകള്‍ തകര്‍ന്നതുംകാരണം രക്ഷാപ്രവര്‍ത്തനത്തിന് പ്രയാസം നേരിടുന്നുണ്ട്. 25 പുരുഷന്‍മാരുടെയും 28 സ്ത്രീകളുടെയും 10 കുട്ടികളുടെയും മൃതദേഹമാണ് ഇതുവരെ കണ്ടെടുത്തതെന്ന് ജില്ലാ കളക്ടറേറ്റിലെ കണ്‍ട്രോള്‍റൂമില്‍ നിന്നറിയിച്ചു.
അവശിഷ്ടങ്ങള്‍ക്കടിയില്‍നിന്ന് ജീവനോടെ കണ്ടെടുത്ത എട്ടുപേരെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കൂടുതല്‍ പേര്‍ ജീവനോടെയുണ്ടോ എന്ന തിരച്ചിലിലാണ് ദുരന്തപ്രതികരണസേനയുടെ നേതൃത്വത്തിലുള്ള രക്ഷാപ്രവര്‍ത്തകര്‍.

വ്യാഴാഴ്ച ദുരന്തസ്ഥലം സന്ദര്‍ശിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് മരിച്ചവരുടെ ബന്ധുക്കള്‍ക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് രണ്ടുലക്ഷം രൂപവീതം ധനസഹായം പ്രഖ്യാപിച്ചിരുന്നു. മരിച്ചവരില്‍ പലരെയും കൂട്ടമായി സംസ്‌കരിക്കുകയാണ്.

മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് അഞ്ച് ലക്ഷംരൂപവീതം ആശ്വാസധനം നല്‍കുമെന്ന് മഹാരാഷ്ട്രാ മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്‍ അറിയിച്ചു. പരിക്കേറ്റവര്‍ക്ക് സൗജന്യ ചികിത്സയും ഗ്രാമീണര്‍ക്ക് ഉചിതമായ പുനരധിവാസവും ഉറപ്പുവരുത്തുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

Keywords:Maharashtra, Pune, Obituary, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.