Latest News

വീട്ടമ്മയെ കെട്ടിയിട്ട് കവര്‍ച്ച: അഞ്ചുപേര്‍ കസ്‌ററഡിയില്‍

ആലക്കോട്: തനിച്ച് താമസിക്കുകയായിരുന്ന വീട്ടമ്മയെ കെട്ടിയിട്ട് 50 പവന്റെ സ്വര്‍ണ്ണാഭരണങ്ങളും 60,000 ത്തോളം രൂപയും കവര്‍ന്ന കേസില്‍ അഞ്ച് പേര്‍ പോലീസ് വലയിലായി. ഇതില്‍ ഒരാള്‍ കൊലക്കേസ് പ്രതിയാണ്. ചെറുപുഴ മച്ചിയില്‍ സ്വദേശി സച്ചിന്‍, ജോസ്ഗിരി സ്വദേശി സന്ദീപ്, തമിഴ്‌നാട്, സേലം സ്വദേശി സഭാവതി, മറ്റു രണ്ടുപേര്‍ എന്നിവരാണ് പിടിയിലായത്.

ഇതില്‍ സഭാവതിയാണ് കൊലക്കേസ് പ്രതി. ആലക്കോട് സി.ഐ: പി.കെ. സുധാകരന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ 13ന് രാത്രി 7.30 ഓടെയാണ് ചെറുപുഴക്ക് സമീപത്തെ മഞ്ഞക്കാട്ടെ പന്നിയാനിക്കല്‍ ബ്രിജിത്തി (75)ന്റെ വീട്ടില്‍ വന്‍ കവര്‍ച്ച നടന്നത്. കൂറ്റന്‍ വീടിന്റെ രണ്ടാം നിലയിലുള്ള ബാല്‍ക്കണി വഴി അതിക്രമിച്ചു കയറിയ രണ്ടംഗ സംഘം ബ്രിജിത്തിനെ മര്‍ദിച്ചവശയാക്കിയ ശേഷം കെട്ടിയിട്ടായിരുന്നു കവര്‍ച്ച നടത്തിയത്. 

ശബ്ദമുണ്ടാക്കിയാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയ സംഘം വീടിനുള്ളില്‍ ഏറെ നേരം ചെലവഴിച്ച് സകല സ്ഥലവും അരിച്ചുപെറുക്കിയ ശേഷമാണ് പണവും ആഭരണങ്ങളുമായി രക്ഷപ്പെട്ടത്. കവര്‍ച്ചാ സംഘം മുഖംമൂടി ധരിച്ചിരുന്നു. നാടിനെ നടുക്കിയ കവര്‍ച്ചാക്കേസിലെ പ്രതികളെ പിടികൂടാന്‍ കണ്ണൂര്‍ എസ്.പി: ഉണ്ണിരാജ, തളിപ്പറമ്പ ഡി.വൈ.എസ്.പി: കെ.എസ്. സുദര്‍ശന്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ ആലക്കോട് സി.ഐ: പി.കെ. സുധാകരന്‍, എസ്.ഐ: സി. ദാമോദരന്‍ എന്നിവരുള്‍പ്പെട്ട പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചിരുന്നു. 

ഈ സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിലാണ് 20 ദിവസം കൊണ്ട് പ്രതികളെ വലയിലാക്കിയത്. മോഷണ സംഘാംഗങ്ങള്‍ മുഖംമൂടി ധരിച്ചിരുന്നെങ്കിലും പിടിവലിക്കിടയില്‍ ഒരാളെ ബ്രിജിത്ത കണ്ടിരുന്നു. ബ്രിജിത്ത നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് പ്രതികളുടെ രേഖാ ചിത്രം തയ്യാറാക്കിയിരുന്നു. ഇത് പ്രതികളെ പിടികൂടാന്‍ സഹായകരമായി. വീടുമായി അടുത്ത് പരിചയമുള്ളവരുടെ സഹായമില്ലാതെ കവര്‍ച്ച നടത്താന്‍ കഴിയില്ലെന്ന് പോലീസിന് ആദ്യം തന്നെ വ്യക്തമായിരുന്നു. അതിനാല്‍ നാട് കേന്ദ്രീകരിച്ചാണ് ആദ്യം തന്നെ അന്വേഷണം നടന്നത്. ഈ അന്വേഷണത്തിലാണ് സച്ചിന്‍, സന്ദീപ് എന്നിവര്‍ പിടിയിലായത്. 

വളം വില്പനക്കാരായ ഇരുവരും പലപ്പോഴായി തമിഴ്‌നാട്ടിലേക്ക് പോകാറുണ്ട്. അവിടെ വച്ചാണ് സഭാവതിയുടെ നേതൃത്വത്തിലുള്ള കവര്‍ച്ചാ സംഘവുമായി പരിചയപ്പെട്ടത്. ബ്രിജിത്ത തനിച്ച് താമസിക്കുന്ന വീടിനെ കുറിച്ച് കവര്‍ച്ചാ സംഘത്തിന് വിവരം നല്‍കിയത് ഇവരായിരുന്നു. ഇതേ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ നിന്ന് എത്തിയ കവര്‍ച്ചാ സംഘം സച്ചിന്റെ സന്ദീപിന്റെയും സഹായത്തോടെയാണ് ബ്രിജിത്തയുടെ വീട്ടില്‍ കവര്‍ച്ച നടത്തിയത്. 

പിടിയിലായ സഭാവതി എറണാകുളം മട്ടാഞ്ചേരിയില്‍ ജഡ്ജിയുടെ വീട്ടില്‍ കവര്‍ച്ച നടത്തുന്നതിനിടയില്‍ സെക്യൂരിറ്റി ജീവനക്കാരനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയാണെന്ന സൂചന പോലീസിന് ലഭിച്ചിട്ടുണ്ട്. കവര്‍ച്ച ചെയ്ത സ്വര്‍ണ്ണവും പണവും കണ്ടെടുക്കുന്നതിനായി പോലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്. വലയിലായ പ്രതികളെ എസ്.പി, ഡി.വൈ.എസ്.പി, സി.ഐ എന്നിവരുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തു കൊണ്ടിരിക്കുകയാണ്. ചോദ്യം ചെയ്യല്‍ തുടരുന്നതിനാല്‍ പ്രതികളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തു വിട്ടിട്ടില്ല.


Keywords:Kannur, Robbery, Police, Case, Arrested, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.