Latest News

ആര്‍.എസ്.എസ്. നേതാവ് മനോജിന്റെ കൊലപാതകത്തിന്റെ അന്വേഷണം സി.ബി.ഐ.യ്ക്ക്

തിരുവനന്തപുരം: കണ്ണൂര്‍ കതിരൂരില്‍ ആര്‍.എസ്.എസ്. നേതാവ് മനോജിന്റെ കൊലപാതകത്തിന്റെ അന്വേഷണം സി.ബി.ഐ.യ്ക്ക് വിടാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയാണ് ഇക്കാര്യം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്.

സംസ്ഥാന ഡി.ജി.പി.യുടെ ശുപാര്‍ശ അനുസരിച്ചാണ് അന്വേഷണം സി.ബി.ഐ.യ്ക്ക് വിടുന്നതെന്ന് ചെന്നിത്തല പറഞ്ഞു. സി.ബി.ഐ. ഏറ്റെടുക്കുന്നതുവരെ കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എന്‍.ഐ.എ ആക്ടിലെ പതിനഞ്ചാം വകുപ്പ് പ്രകാരം പ്രതികള്‍ക്കെതിരെ കേസെടുത്ത സാഹചര്യത്തിലാണ് അന്വേഷണം കേന്ദ്രഏജന്‍സിക്ക് കൈമാറുന്നത്. ഈ വകുപ്പ് അനുസരിച്ച് കേസ് ചാര്‍ജ് ചെയ്താല്‍ പതിനഞ്ച് ദിവസത്തിനകം കേന്ദ്ര സര്‍ക്കാരിനെ വിവരം അറിയിക്കണമെന്നാണ് ചട്ടം. ഇതാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്തത്- മന്ത്രി അറിയിച്ചു.

ബോംബെറിഞ്ഞ് ഭീതി പരത്തി കഴുത്തറുത്താണ് കൊലപാതകം നടത്തിയിരിക്കുന്നത്. ടി.പി. ചന്ദ്രശേഖരന്‍ വധത്തിനുശേഷം ഇത്തരമൊരു കൊലപാതകം കേരളത്തില്‍ നടന്നിട്ടില്ല. കേസിലെ പ്രതികള്‍ക്ക് മറ്റ് സംസ്ഥാനങ്ങളിലും വിദേശങ്ങളിലും ബന്ധമുണ്ടെന്നും പോലീസ് സംശയിക്കുന്നുണ്ട്. കണ്ണൂര്‍ ജില്ലയിലെ സമാധാനാന്തരീക്ഷം തകരുന്നതിന് ഈ കൊലപാതകം വഴിവയ്ക്കുമെന്ന കാര്യം തള്ളിക്കളയാനാവില്ല. ഈ കാര്യങ്ങളെല്ലാം പരിഗണിച്ചാണ് സി.ബി.ഐ. അന്വേഷണത്തിന് ഡി.ജി.പി. ശുപാര്‍ശ ചെയ്തത്-ചെന്നിത്തല പറഞ്ഞു.

കേസന്വേഷണം സി.ബി.ഐ.യ്ക്ക് വിടണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി, ആര്‍.എസ്.എസ്. നേതാക്കള്‍ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും നിവേദനം നല്‍കിയിരുന്നു. സംസ്ഥാന സര്‍ക്കാരിന് ഇതില്‍ പ്രത്യേക രാഷ്ട്രീയ താത്പര്യമൊന്നുമില്ല. കേസിന്റെ ഗൗരവം കണക്കിലെടുത്താണ് ഗുരുതരമായ വകുപ്പുകള്‍ ചുമത്തിയതും കേസ് കേന്ദ്ര ഏജന്‍സിക്ക് കൈമാറിയതും. കേസിന്റെ ഒരു ഘട്ടത്തിലും സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ടിട്ടില്ല. ആരെ അറസ്റ്റ് ചെയ്യണമെന്നും ഏത് പാര്‍ട്ടിക്കാരനെ പ്രതിയാക്കണമെന്നും പറയേണ്ടത് ആഭ്യന്തരമന്ത്രിയല്ല - ചെന്നിത്തല പറഞ്ഞു.

കേരളത്തില്‍ ഇതാദ്യമായല്ല കൊലപാതകക്കേസില്‍ യു.എ.പി.എ. വകുപ്പ് ചുമത്തുന്നത്. ആര് കൊലപാതകം നടത്തിയാലും സര്‍ക്കാര്‍ കര്‍ശനമായ നടപടി സ്വീകരിക്കും. കണ്ണൂരില്‍ തന്നെ ബി.എം.എസ്. പ്രവര്‍ത്തകന്റെ കൊലപാതകത്തിലെ പ്രതികളെ പിടികൂടി. തിരുവനന്തപുരത്ത് ബി.ജെ.പി.ക്കാര്‍ സി.പി.എം. പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെയും പിടികൂടിയിട്ടുണ്ട്. ഇതിലൊന്നും പോലീസ് യാതൊരു അലംഭാവവും കാട്ടിയിട്ടില്ല. എന്തു വിലകൊടുത്തും കണ്ണൂരിലെ അക്രമരാഷ്ട്രീയം അമര്‍ച്ച ചെയ്യും എന്നതാണ് സര്‍ക്കാരിന്റെ നിലപാട്- ആഭ്യന്തരമന്ത്രി പറഞ്ഞു.

സപ്തംബര്‍ ഒന്നിനാണ് ആര്‍.എസ്.എസ്. ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖായ കതിരൂര്‍ എളന്തോടത്ത് മനു എന്ന മനോജിനെ വെട്ടിക്കൊന്നത്. കതിരൂര്‍ ഉക്കാസ്‌മൊട്ട കിഴക്കേ കതിൂര്‍ റോഡിലെ തട്ടിയില്‍ മുക്കില്‍ വച്ചായിരുന്നു ആക്രമണമുണ്ടായത്. പാനൂര്‍ മാക്കൂല്‍പ്പീടിക കൊളപ്പുറത്ത് പ്രമോദിന് അക്രമത്തില്‍ പരിക്കേറ്റിരുന്നു. മനോജിനെതിരെ നേരത്തെ അഞ്ചു തവണ വധശ്രമം ഉണ്ടായിരുന്നു.

സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായ പി.ജയരാജനെ കൊല്ലാന്‍ ശ്രമിച്ച കേസില്‍ അഞ്ചാം പ്രതിയായ മനോജിന് പത്തുവര്‍ഷം തടവുശിക്ഷ വിധിച്ചിരുന്നു. ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയതിനെത്തുടര്‍ന്ന് ജാമ്യത്തിലിറങ്ങിയത്.



Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.