Latest News

സ്വത്തുക്കള്‍ കൈവശപ്പെടുത്തിയ ബന്ധുക്കള്‍ തിരിഞ്ഞു നോക്കിയില്ല; അടച്ചിട്ട വീട്ടില്‍ അവശയായി കഴിഞ്ഞ വയോധികയെ ആശുപത്രിയിലാക്കി

നാദാപുരം : കുമ്മങ്കോട് ബദ്‌രിയ പള്ളിക്കു സമീപം അടച്ചിട്ട വീട്ടിനുള്ളില്‍ ദിവസങ്ങളായി ഭക്ഷണമോ പരിചരണമോ കിട്ടാതെ അവശയായി കിടന്ന വൃദ്ധയെ പൊലീസെത്തി ആശുപത്രിയിലെത്തിച്ചു. നരന്തയില്‍ കുഞ്ഞാമി ഉമ്മയാണ് ഏകയായി കഴിഞ്ഞിരുന്നത്. നൂറോടടുത്തതാണു പ്രായം. കുമ്മങ്കോട്ടെ ഉന്നത കുടുംബാംഗമായ ഇവര്‍ക്ക് ഏക്കര്‍ കണക്കിനു ഭൂമിയും സമ്പാദ്യവും സ്വന്തമായുണ്ടായിരുന്നു. മക്കളില്ല. ഭര്‍ത്താവ് നേരത്തെ മരിച്ചു.

ഉച്ചയോടെ പൊലീസ് വീട്ടിലെത്തുമ്പോള്‍ വീടു പൂട്ടിയ നിലയിലായിരുന്നു. ബന്ധുക്കളില്‍ ചിലരെ പൊലീസ് വരുത്തിയെങ്കിലും വാതില്‍ തുറന്നുകിട്ടിയില്ല. രണ്ടു മണിക്കൂറിലേറെ കാത്തു നിന്ന ശേഷം പിന്‍ഭാഗത്തെ വാതില്‍ കുത്തിപ്പൊളിച്ച് അകത്തു കയറിയപ്പോള്‍ അകത്തും മൂന്നു വാതിലുകള്‍ പൂട്ടിയ നിലയിലായിരുന്നു. ഇവയുടെയും പൂട്ടു പൊളിക്കേണ്ടിവന്നു. കട്ടിലില്‍നിന്നു താഴെ വീണു തറയില്‍ മൂത്രത്തില്‍ അവശനിലയിലായിരുന്നു കുഞ്ഞാമി ഉമ്മ.

പൊലീസ് ആണു വസ്ത്രങ്ങള്‍ മാറ്റിയതും ചായയും മറ്റും നല്‍കിയതും. അപ്പോഴേക്കും കുഞ്ഞാമി ഉമ്മയോടൊപ്പം താമസിക്കുന്ന ബന്ധുവായ അന്ത്രു സ്ഥലത്തെത്തി. ജോലിക്കു പോയതായിരുന്നെന്നും തനിക്കു കഴിയുംവിധം പരിചരിക്കാറുണ്ടെന്നും അന്ത്രു പറഞ്ഞു. ആരും തിരിഞ്ഞു നോക്കാതായതോടെയാണു വീട്ടിനുള്ളിലാക്കി ജോലിക്കു പോകേണ്ടി വന്നതെന്നും സ്വത്തുക്കള്‍ ലഭിച്ച മറ്റു ബന്ധുക്കളോടൊക്കെ ഏറെക്കാലമായി താന്‍ സഹായം തേടാറുണ്ടെങ്കിലും ആരും തിരിഞ്ഞു നോക്കാറില്ലെന്നും അന്ത്രു അറിയിച്ചു.

എല്ലാ ബന്ധുക്കളെയും വിളിച്ചു വരുത്തി ഇവരുടെ സംരക്ഷണം ഉറപ്പു വരുത്തുമെന്നും അതിനു സന്നദ്ധമാകാത്ത പക്ഷം ഏതെങ്കിലും അഭയകേന്ദ്രത്തിലാക്കുമെന്നും പൊലീസ് പറഞ്ഞു. ഉമ്മയുടെ സ്വത്തുക്കള്‍ കൈവശപ്പെടുത്തിയവരില്‍നിന്ന് ഈ സ്വത്തുക്കള്‍ തിരികെ വാങ്ങിച്ചു സര്‍ക്കാരിലേക്കു കണ്ടുകെട്ടുന്നതിനു നിയമമുണ്ടെന്നും ആരും സംരക്ഷിക്കുന്നില്ലെങ്കില്‍ ഇക്കാര്യവും ആലോചിക്കുമെന്നും പൊലീസ് അറിയിച്ചു.

എസ്‌ഐ ബിജു, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ രജനി, ഷാജി, അബ്ദുല്‍ മജീദ്, ബിജു എന്നിവരടങ്ങിയ പൊലീസ് സംഘമാണു സ്ഥലത്തെത്തിയത്.



Keywords: Nadapuram, Kerala News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.