Latest News

പ്രവാസിയെ കൊലപ്പെടുത്തിയ സംഭവം: മകന്‍ പോലീസില്‍ കീഴടങ്ങി

പരപ്പനങ്ങാടി: പ്രവാസിയായ പുത്തരിക്കല്‍ പൂമഠത്തില്‍ മുഹമ്മദിനെ(52) വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ മകന്‍ അഷ്‌റഫ്(28) പോലീസില്‍ കീഴടങ്ങി. ഒറ്റയ്ക്കാണു കൊല നടത്തിയതെന്ന് ഇയാള്‍ സമ്മതിച്ചതായി പോലീസ് പറഞ്ഞു.

വെളളിയാഴ്ച രാത്രി പത്തോടെയാണു പ്രതി താനൂര്‍ സിഐ കെ.സി. ബാബുവിന്റെ മുമ്പാകെ കീഴടങ്ങിയത്. നാലിനു വൈകുന്നേരം നാലോടെ വീട്ടില്‍ മുഹമ്മദ് മാത്രമുള്ള സമയത്താണു കൊലപാതകം നടന്നത്. വീട്ടിലെ കൊടുവാള്‍ ഉപയോഗിച്ച് അഞ്ചുതവണ വെട്ടിയെന്നാണു മൊഴി. 

ബുധനാഴ്ച റിയാദില്‍നിന്നെത്തിയ പിതാവ് മറ്റൊരു വിവാഹത്തിനൊരുങ്ങിയതാണു കൊലപാതകത്തിനു കാരണം. പാലക്കാട്ടുകാരിയായ മുപ്പത്തിയഞ്ചുകാരിയെ വിവാഹം കഴിക്കാനാണു മുഹമ്മദ് നാട്ടിലെത്തിയത്. ഇതേക്കുറിച്ചു വീട്ടില്‍ വാക്കേറ്റം നടന്നിരുന്നു. ഈ സ്ത്രീക്കു വേണ്ടി പരപ്പനങ്ങാടിയില്‍ കുടുംബ വീടിനു സമീപം മറ്റൊരു വീടും കൂടി മുഹമ്മദ് നിര്‍മിക്കുന്നുണ്ടായിരുന്നു. മാതാവിനെ മുമ്പ് പലപ്പോഴും മര്‍ദിച്ചിരുന്നതിലെ അമര്‍ഷവും അഷ്‌റഫിനുണ്ടായിരുന്നതായി പോലീസ് പറഞ്ഞു.

കൊലപാതകത്തിനു അഷ്‌റഫ് ട്രെയിന്‍മാര്‍ഗം ബാംഗളൂരിലേക്കു കടന്നു. സംഭവത്തിനുശേഷം ഇയാളെ കാണാതായതില്‍ സംശയം തോന്നിയ പോലീസ് തെരച്ചില്‍ ശക്തമാക്കിയിരുന്നു. അന്വേഷണം നടക്കുന്നതറിഞ്ഞു അഷ്‌റഫ് ബസ് മാര്‍ഗം കോഴിക്കോട്ടെത്തി. പിന്നീടു താനൂര്‍ സിഐ ഓഫീസില്‍ എത്തി കീഴടങ്ങുകയായിരുന്നു.

തുടക്കം മുതലേ വീട്ടുകാരെ കേന്ദ്രീകരിച്ചായിരുന്നു പോലീസിന്റെ അന്വേഷണം. മുഹമ്മദിന്റെ ഭാര്യയെയും മറ്റു മക്കളെയും പോലീസ് ചോദ്യം ചെയ്തിരുന്നു. ശനിയാഴ്ച ഉച്ചയ്ക്കു പന്ത്രണ്ടിനു തെളിവെടുപ്പ് പൂര്‍ത്തിയാക്കിയ ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.



Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.