ധാക്ക: യുദ്ധക്കുറ്റത്തിന് 90 വര്‍ഷം ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുകയായിരുന്ന ബംഗ്ലാദേശ് ജമാഅത്തെ ഇസ്‌ലാമി നേതാവ് ഗുലാം അസം(91) അന്തരിച്ചു. ബംഗബന്ധു ശൈഖ് മുജീബുര്‍റഹ്മാന്‍ മെഡിക്കല്‍ യൂനിവേഴ്‌സിറ്റി ആശുപത്രിയിലെ ജയില്‍ സെല്ലില്‍ ഹൃദയാഘാതം മൂലം വ്യാഴാഴ്ച രാത്രിയായിരുന്നു അന്ത്യമെന്ന് അദ്ദേഹത്തിന്റെ വക്താവ് അബ്ദുല്‍ മജീദ് ഭൂയിയാന്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ കഴിഞ്ഞിരുന്ന അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.
ബംഗ്ലാദേശ് പാക്കിസ്ഥാനില്‍ നിന്ന് സ്വതന്ത്രമാകുന്നതിനായി 1971ല്‍ നടന്ന സ്വതന്ത്ര്യ സമരത്തിനിടെ പാക് പക്ഷം ചേര്‍ന്ന് ആയിരങ്ങളെ വകവരുത്താന്‍ നേതൃത്വം നല്‍കിയെന്നായിരുന്നു അദ്ദേഹത്തിനെതിരെ ചുമത്തിയ കുറ്റം.
അദ്ദേഹത്തിനെതിരെയുള്ള 61 കുറ്റാരോപണങ്ങള്‍ തെളിഞ്ഞതായി കണ്ടെത്തിയ പ്രത്യേക ട്രിബ്യൂണല്‍ 90 വര്‍ഷത്തെ തടവ് വിധിക്കുകയായിരുന്നു. വിധി പ്രഖ്യാപനത്തിന് പിറകേ രാജ്യത്താകെ ജമാഅത്ത് അക്രമസാക്ത പ്രക്ഷോഭം അഴിച്ചു വിട്ടിരുന്നു.
2000വരെ ജമാഅത്തിന്റെ തലപ്പുത്തുണ്ടായിരുന്ന അദ്ദേഹം പിന്നീട് ആത്മീയ നേതാവെന്ന നിലയിലാണ് പ്രവര്‍ത്തിച്ചിരുന്നത്. തന്റെ പിതാവിന് മാന്യമായ മരണം പോലും നല്‍കാന്‍ ഭരണകൂടം തയ്യാറായില്ലെന്ന് ഗുലാം അസമിന്റെ മകന്‍ സല്‍മാന്‍ അല്‍ അസാമി ലണ്ടനില്‍ അല്‍ ജസീറയോട് പറഞ്ഞു.
അദ്ദേഹത്തിനെതിരെ നടന്ന കുറ്റാരോപണത്തിലും വിചാരണയിലും തൃപ്തരല്ല. ഇത്തരമൊരു പ്രായത്തില്‍ ഏതൊരു മനുഷ്യനും അദ്ദേഹത്തിന്റെ കുടുംബത്തോടൊപ്പം അന്ത്യദിനങ്ങള്‍ ചെലവഴിക്കാനുള്ള അര്‍ഹതയുണ്ട്. ഇത്തരം പരിമിതമായ മനുഷ്യാവകാശം പോലും പിതാവിന് അനുവദിച്ചില്ല. അദ്ദഹത്തിനും പാര്‍ട്ടി നേതാക്കള്‍ക്കുമെതിരെ ചുമത്തിയ യുദ്ധക്കുറ്റം അടിസ്ഥാനരഹിതമാണ്. ശരിയായ വിചാരണ നടത്തി യഥാര്‍ഥ കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടു വരണമെന്ന് സല്‍മാന്‍ പറഞ്ഞു.
ശേഖ് ഹസീനയുടെ നേതൃത്വത്തിലുള്ള ഇപ്പോഴത്തെ അവാമി ലീഗ് സര്‍ക്കാറാണ് അന്താരാഷ്ട്ര യുദ്ധക്കുറ്റ ട്രൈബ്യൂണല്‍ സ്ഥാപിച്ചത്. എന്നാല്‍ മുന്‍ പ്രധാനമന്ത്രി ഖാലിദാ സിയയുടെ ബംഗ്ലാദേശ് നാഷനല്‍ പാര്‍ട്ടി ഈ കോടതിയെ അംഗീകരിക്കുന്നില്ല. വിചാരണ നീതിയുക്തമായിരുന്നില്ലെന്ന് സല്‍മാന്‍ ആവര്‍ത്തിച്ചു.
പ്രതിപക്ഷത്തെ ക്ഷീണിപ്പിക്കുകയെന്ന രാഷ്ട്രീയ ലക്ഷ്യമായിരുന്നു അതിന് ഉണ്ടായിരുന്നത്. പ്രതിപക്ഷമായ ബി എന്‍ പിയുടെ സഖ്യ ശക്തിയെന്ന നിലയില്‍ ജമാഅത്തെ ഇസ്‌ലാമിയെ ലക്ഷ്യമിടുകയായിരുന്നു സര്‍ക്കാറെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഔദ്യോഗിക കണക്കുകള്‍ പ്രകാരം എട്ട് മാസത്തെ സ്വാതന്ത്ര്യ യുദ്ധത്തിനിടെ മുപ്പത് ലക്ഷം പേരാണ് കൊല്ലപ്പെട്ടത്. രണ്ടര ലക്ഷം സ്ത്രീകള്‍ ബലാത്‌സംഗം ചെയ്യപ്പെട്ടു. അന്നത്തെ കിഴക്കന്‍ പാക്കിസ്ഥാനില്‍ ജമാഅത്തിനെ നയിച്ചിരുന്നത് അസം ആയിരുന്നു. അദ്ദേഹത്തിന്റെ പാര്‍ട്ടി പരസ്യമായി പാക്കിസ്ഥാനെ പിന്തുണച്ചു. പാക്കിസ്ഥാന് സഹായം തേടി അദ്ദേഹം ഗള്‍ഫ് രാജ്യങ്ങളില്‍ നിരവധി തവണ സന്ദര്‍ശനം നടത്തിയിരുന്നു.
Keywords: International News, Bangladesh, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment