Latest News

മുരളിവധം: നാലുപ്രതികള്‍ പൊലീസ് വലയിലായെന്നു സൂചന

കാസര്‍കോട്: കുമ്പളയില്‍ സിപിഎം പ്രവര്‍ത്തകനും ഡിവൈഎഫ്‌ഐ ശാന്തിപ്പള്ളം യൂണിറ്റ് കമ്മിറ്റി അംഗവുമായ പി. മുരളിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളായ നാലുപേര്‍ പൊലീസ് വലയിലെന്നു സൂചന. മുരളിയെ ആക്രമിക്കുമ്പോള്‍ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് മഞ്ജുനാഥയുടെ മൊഴിയില്‍നിന്നാണു പ്രതികളെക്കുറിച്ചുള്ള സൂചന പൊലീസിനു ലഭിച്ചത്.

പ്രതികള്‍ ബിജെപിയുമായി ബന്ധമുള്ളവരാണെന്നാണു പൊലീസ് നല്‍കുന്ന വിവരം. രണ്ടുബൈക്കുകളിലെത്തിയ നാലംഗസംഘം മുരളിയും മഞ്ജുനാഥയും സഞ്ചരിച്ച ബൈക്ക് സൂരംബയലിനു സമീപം തടഞ്ഞുനിര്‍ത്തിയശേഷം ആക്രമിക്കുകയായിരുന്നുവെന്നാണു മഞ്ജുനാഥയുടെ മൊഴി. അക്രമിസംഘത്തില്‍ ബൈക്കുകള്‍ക്കു പിറകിലിരുന്നവരാണു കത്തി ഉപയോഗിച്ചു മുരളിയെ കുത്തിയതെന്നു പൊലീസ് പറയുന്നു.

മുരളി ഓടിച്ച ബൈക്കിനു പിന്നിലിരുന്ന മഞ്ജുനാഥയെയും ആക്രമിക്കാന്‍ ശ്രമിച്ചെങ്കിലും ഒഴിഞ്ഞുമാറിയതിനാല്‍ പരുക്കേറ്റില്ല. ബിജെപി പ്രവര്‍ത്തകനായിരുന്ന കുമ്പള കഞ്ചിക്കട്ടയിലെ ദയാനന്ദയെ കൊലപ്പെടത്തിയ കേസില്‍ കോടതി വിട്ടയച്ച മുരളിക്കെതിരെ മുന്‍പു രണ്ടുതവണ ആക്രമണമുണ്ടായിരുന്നു. മുരളിയെ കൊലപ്പെടുത്തിയ സംഭവത്തിനു ദയാനന്ദവധവുമായി ബന്ധമുണ്ടെന്നാണു പൊലീസ് നല്‍കുന്ന സൂചന.

ജീവനു ഭീഷണിയുണ്ടെന്നു മുരളി കുമ്പള പൊലീസിനു പരാതി നല്‍കിയിരുന്നു. ഡിവൈഎസ്പി ടി.പി. രഞ്ജിത്ത്, കുമ്പള സിഐ സുരേഷ് ബാബു എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണു കേസ് അന്വേഷിക്കുന്നത്. 


Keywords: Kasaragod, Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.