Latest News

പൂക്കളും പൂമ്പാറ്റകളുമില്ലാത്ത ഓണം

തിരക്കേറിയ ജീവിത യാത്രക്കിടയില്‍വെച്ച് നമുക്കെന്നോ കൈമോശം വന്നുപോയ സ്‌നേഹത്തിന്റെയും സൗഹാര്‍ദ്ദത്തിന്റെയും ഓരോര്‍മ്മപുതുക്കലായി ഒരു ഓണം കൂടി വരികയാണ്.
മഴയുടെ ആലിംഗനത്തിന്റെ അനുഭൂതിയില്‍ മയങ്ങിപ്പോയ ഭൂമിയിപ്പോള്‍ വസന്തത്തിന്റെ പട്ടുടുത്തിരിക്കുന്നു. ഇളം വെയിലും പാതിനിലാവും പ്രകൃതിയെ സുന്ദരിയാക്കുമ്പോള്‍ വീണ്ടുംവരാമെന്ന് പറഞ്ഞ് വര്‍ഷകാലം വേനലവധിക്ക് വണ്ടികയറി....ഇനി ഇവിടെ ആഹ്ലാദത്തിന്റെ സൂര്യ തിളക്കമാണ്...[www.malabarflash.com]

ഓണം പൂവുകളുടെ കാലമാണ് പൂമ്പാറ്റകളുടെയും...വസന്തം വരുന്നതും പൂവിടരുന്നതും ഈ ആഘോഷത്തെ കെങ്കേമമാക്കാനാണ്. മുല്ലയും മന്താരവും ജമന്തിയും കാട്ടുചെമ്പരത്തിയും നറുമണം വിടര്‍ത്തി പുഞ്ചിരിച്ചുനില്‍ക്കുന്ന കാലം. അതിനുചുറ്റുമാണ് പൂമ്പാറ്റകള്‍ പാട്ടുപാടി കളിക്കുന്നത്. വസന്തകാലത്തിന്റെയും ഓണാഘോഷത്തിന്റെയും വരവറിയിച്ച് വിടരുന്ന പൂക്കളും പാട്ടുപാടി എത്തുന്ന പൂമ്പാറ്റകളും പ്രകൃതിയിലെ ഏറ്റവും വലിയ വിരുന്നുകാരാവുന്നു.
ഏതൊരാളുടെയും ഓണസ്മൃതികളില്‍ നിറഞ്ഞുനില്‍ക്കുന്നത് പൂപറിക്കാന്‍ പോയ ആ ബാല്യമായിരിക്കും. ചാണകംമെഴുകിയ കൊട്ടയില്‍ പൂവുകളോരോന്നായി നുള്ളിയിട്ടത്....കൂട്ടുകാരോട് കലമ്പിയും കാടുകളോട് കഥപറഞ്ഞും തുമ്പികളോട് കവിത ചൊല്ലിയും നടന്നത്....ഒടുവില്‍ ചമ്രംപടിഞ്ഞിരുന്ന് ഉണ്ണാനിരുന്നതും കരവിരുതിനാല്‍ പൂവുകള്‍കൊണ്ട് കളം തീര്‍ത്തതും അതിന്റെ പേരില്‍ കൂട്ടുകാരില്‍മൊത്തം അസൂയതീര്‍ത്ത് അഭിമാനംകൊണ്ടതും...പാല്‍പായസത്തിന്റെ രുചിയോടെ ഒരു പൂക്കളത്തെ വട്ടമിടുന്നുണ്ടിപ്പോഴും മനസ്സ്...മുറ്റത്തെ തൈമാവില്‍ കെട്ടിയ കളിയൂഞ്ഞാലില്‍ ആടിതിമിര്‍ക്കുമ്പോള്‍ രാത്രിമഴയുടെ തുള്ളിയെങ്ങോ ഉള്ളിലൊരായിരം കുളിരു ചൊരിയുന്നു...
പൂപറിക്കാന്‍ പോരുമോ, പോരുമോ...
മനസ്സ് പഴയൊരു പാട്ടിലലിയുമ്പോഴും കണ്ണില്‍ പതിയുന്നതത്രയും കോണ്‍ക്രീറ്റുകാടുകളും പൂവിടരാത്ത കൃത്രിമപൂന്തോട്ടങ്ങളുമാണ്. പൂവും പൂമ്പാറ്റകളുമില്ലാത്തൊരു കാലം തെല്ല് വൈമനസ്യത്തോടെയാണെങ്കിലും നമുക്ക് കാണാനാവുന്നുണ്ടിപ്പോള്‍...ഒരു പൂവുപോലും വിടരാത്ത വീട്ടുമുറ്റങ്ങളാണ് നമ്മുടേത്...

പൂപറിക്കാനായ് തൊടികള്‍ താണ്ടിയ കാലം ഇന്നലത്തെ തലമുറയുടേതാണ്. അഭിഷേക് ബച്ചനും ഋതിക്ക് റോഷനും നായികക്ക് സമ്മാനിക്കുന്ന ആ റോസാപൂവിനപ്പുറം ഏതുപൂവിന്റെ പേരാണ് നമുക്കിന്നറിയുക. നന്ത്യാര്‍വട്ടത്തേയും സൂര്യകാന്തിയേയും കുറിച്ചുപറഞ്ഞാല്‍ ഏതു കുട്ടിയാണ് അന്തംവിട്ടുനോക്കാതിരിക്കുക. പൂവുകള്‍ എന്നത് എവിടെയോ വിരിയുന്ന എന്തോ ഒന്നാണ്(!) അത് വിലകൊടുത്തുമാത്രം വാങ്ങാനുള്ളതാണെന്ന് പുതുതലമുറ പഠിച്ചിരിക്കുന്നു.
പൂവേ പൊലി പൂവേ എന്ന വിളി ടെലിവിഷനില്‍ മാത്രം മുഴങ്ങുമ്പോള്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന പൂവുകളാണിന്ന് നമ്മുടെ മുറ്റത്ത് പൂക്കളം തീര്‍ക്കുന്നത്. ഇന്റര്‍നെറ്റിന്റെയും സൈബറിന്റെയും യുഗത്തില്‍ നമ്മുടെ ഓണത്തിന്റെ പഴമ എവിടെയോ പോയ് മറഞ്ഞിരിക്കുന്നു. കൃത്രിമപൂക്കളങ്ങള്‍ക്ക് നടുവില്‍ നിന്നുയരുന്നതും കൃത്രിമസ്‌നേഹങ്ങളാണ്. ഉള്ള് തുറന്ന് ഒന്നു ചിരിക്കാന്‍പോലും മടിയുള്ള മനുഷ്യര്‍ക്കുമുന്നില്‍ ഓണം ഔപചാരികത മാത്രമാകുന്നു.

കാടുമുഴുവനും വെട്ടിനിരത്തി നാട് നഗരമാക്കിയപ്പോള്‍ പിന്നെ എവിടെയാണ് പൂവിടരേണ്ടത്. പൂവുകള്‍ വിടരാത്ത നാട്ടില്‍ നിന്ന് പൂമ്പാറ്റകളും പോയകലുകയാണ്. കഴിഞ്ഞ പത്തുവര്‍ങ്ങള്‍ക്കിപ്പുറം നല്ലൊരു ശതമാനം ചിത്രശലഭങ്ങളും നമ്മുടെ കാഴ്ചകള്‍ക്കപ്പുറത്തേക്ക് മറഞ്ഞിരിക്കുന്നുവെന്നാണ് പഠനം. ചിത്രശലഭങ്ങളും നിശാശലഭങ്ങളുമടക്കം 1,40,000 ഇനങ്ങളുള്ളതില്‍ 17,200 ഇനങ്ങള്‍ ചിത്രശലഭങ്ങളാണ്. ഇവയില്‍ 322 ഇനങ്ങള്‍ കേരളത്തില്‍ മാത്രം കാണപ്പെട്ടവയാണ്.
ചെമ്പരത്തിയുടെ ഇടയിലും ആകാശമല്ലികയുടെ മുകളിലും പാറിനടന്ന് പ്രകൃതിയെ അലങ്കരിച്ചിരുന്ന ചിത്രശലഭങ്ങള്‍ ഇന്നെവിടെയാണ്. ഏറെ സുപരിചിതമാണെന്ന് പറയാന്‍ പോലും നമ്മുടെ മനസ്സില്‍ ഒരു പൂമ്പാറ്റ ഇല്ലാതായിരിക്കുന്നുവെന്നതാണ് സത്യം. എന്‍ഡോസള്‍ഫാനെന്ന വിഷഭീകരനാണ് ഒരു പരിധിവരെ നമ്മുടെ പൂമ്പാറ്റകളെ നശിപ്പിച്ചതെന്ന് പറഞ്ഞാല്‍ അല്ലെന്നുപറായനാകുമോ )
പൂമ്പാറ്റകള്‍ ഇല്ലാതാകുന്നത് ഭൂമിയില്‍ ജീവനുവരാന്‍ പോകുന്ന ദുരന്തത്തിന്റെ ലക്ഷണമാണ്. ഭൂമിയില്‍ മനുഷ്യനും ഇതരജീവികളും പരസ്പരം ബന്ധപ്പെട്ടിട്ടുള്ളവയാണ്. ഇതിലേതെങ്കിലുമൊന്നിന്റെ നാശം പ്രകൃതിയെ മൊത്തം ബാധിക്കുമെന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്(?) എന്നിട്ടും കാടുകള്‍വെട്ടി വിഷം തളിച്ച് അടിച്ചുപൊളിക്കുകയല്ലേ നമ്മള്‍.

-എബി കുട്ടിയാനം 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.