Latest News

മദ്യനയം: സ്റ്റേ നീക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണം: കാന്തപുരം

മൈസൂര്‍: സര്‍ക്കാറിന്റെ മദ്യനയം അംഗീകരിച്ച സിംഗിള്‍ബെഞ്ച് വിധി ഹൈക്കോടതി ഡിവിഷന്‍ബെഞ്ച് സ്റ്റേ ചെയ്ത സാഹചര്യത്തില്‍ ഇത് നീക്കാന്‍ നിയമപരമായ നടപടികള്‍ സ്വീകരിക്കണമെന്ന് അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമാജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍.

ജനവികാരം കണക്കിലെടുത്ത് സര്‍ക്കാര്‍ കൊണ്ടുവന്ന മദ്യനയം അട്ടിമറിക്കാന്‍ നടത്തുന്ന നീക്കങ്ങള്‍ ചെറുത്ത് തോല്‍പ്പിക്കണമെന്നും കര്‍ണ്ണാടക യാത്രയുടെ ഭാഗമായി മൈസൂരിലെത്തിയ കാന്തപുരം ആവശ്യപ്പെട്ടു.

കേരള സമൂഹം ഇരുകൈയും നീട്ടി സ്വീകരിച്ച മദ്യനയത്തില്‍ നിന്ന് പുറകോട്ട് പോകുന്ന ഒരു നിലപാടും സര്‍ക്കാറിന്റെ ഭാഗത്ത് നിന്നുണ്ടാകരുത്. സമ്പൂര്‍ണ്ണ മദ്യനിരോധം ലക്ഷ്യമിട്ട് കൊണ്ടുവന്ന നടപടികള്‍ക്ക് കേരളം സമ്പൂര്‍ണ്ണ പിന്തുണയാണ് നല്‍കുന്നത്. ഇത് തിരിച്ചറിഞ്ഞ് കൊണ്ടുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കാന്തപുരം പറഞ്ഞു.

മദ്യനിരോധം ഏര്‍പ്പെടുത്തിയതിനാല്‍ സാമ്പത്തിക നഷ്ടം സംഭവിക്കുന്നുവെന്ന വാദത്തില്‍ കഴമ്പില്ല. സംസ്ഥാനത്ത് ഉണ്ടെന്ന് പറയപ്പെടുന്ന സാമ്പത്തിക പ്രതിസന്ധിയുടെ അടിസ്ഥാനം മദ്യം നിരോധിച്ചതിനാല്‍ സംഭവിച്ചതെന്ന പ്രചാരണവും അടിസ്ഥാനരഹിതമാണെന്നും കാന്തപുരം കൂട്ടിച്ചേര്‍ത്തു.

മതസൗഹാര്‍ദ്ധത്തിന്റെ പ്രതീകമായിരുന്നു ടിപ്പുസുല്‍ത്താനെന്ന് കര്‍ണ്ണാടക യാത്രക്ക് മൈസൂരില്‍ നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ കാന്തപുരം പറഞ്ഞു. ടിപ്പുവിന്റെ മന്ത്രിസഭയില്‍ അന്യമതസ്ഥരായ മന്ത്രിമാരുണ്ടായിരുന്നു. ഉദ്യോഗസ്ഥരില്‍ ഏറെപേരും മറ്റുമതസ്ഥരായിരുന്നു. ടിപ്പുവിന്റെ മതനിരപേക്ഷ നിലപാടിന്റെ ഏറ്റവും വലിയ ഉദാഹരണമാണിതെന്നും കാന്തപുരം പറഞ്ഞു.


അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമാജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നയിക്കുന്ന കര്‍ണ്ണാടക യാത്രക്ക് ശനിയാഴ്ച മൈസൂരിലും മടിക്കേരിയിലുമാണ് പ്രധാനമായി സ്വീകരണം നല്‍കിയത്. ആയിരങ്ങള്‍ പങ്കെടുക്കുന്ന സമ്മേളനത്തോടെ യാത്ര ഞായറാഴ്ച മംഗലാപുരത്ത് സമാപിക്കും. 

മടിക്കേരി ഗാന്ധിമൈതാനത്ത് നടന്ന സമ്മേളനം കര്‍ണ്ണാടക ആഭ്യന്തരമന്ത്രി കെ ജെ ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു. കുടക് എം പി പ്രതാപ് സിംഹ മുഖ്യാതിഥിയായിരുന്നു. മുന്‍കേന്ദ്രമന്ത്രി സി എം ഇബ്രാഹിം, വീരാജ്‌പേട്ട എം എല്‍ എ ബൊപ്പയ്യ, മടിക്കേരി എം എല്‍ എ മണ്ടേപ്പാണ്ട അപ്പച്ചുരംജന്‍, സയ്യിദ് ഇബ്രാഹിം ഖലീലുല്‍ ബുഖാരി, ബേക്കല്‍ ഇബ്രാഹിം മുസ്‌ലിയാര്‍, സി മുഹമ്മദ് ഫൈസി, കെ കെ അഹമ്മദ് കുട്ടി മുസ്‌ലിയാര്‍, അബ്ദുല്ലത്തീഫ് സഅദി പഴശ്ശി, മുഹമ്മദ് ഫാസില്‍ റസ്‌വി, എസ് എസ് എഫ് കേരളസംസ്ഥാന ഉപാധ്യക്ഷന്‍ പി എ മുഹമ്മദ് ഫാറൂഖ് നഈമി, മര്‍ക്കസ് വൈസ്ചാന്‍സിലര്‍ ഡോ. ഹുസൈന്‍സഖാഫി ചുള്ളിക്കോട്, അബ്ദുല്‍ഹമീദ് മുസ്‌ലിയാര്‍, ആര്‍ പി ഹുസൈന്‍ മാസ്റ്റര്‍ പ്രസംഗിച്ചു.

കര്‍ണ്ണാടക റവന്യൂമന്ത്രി ശ്രീനിവാസ് പ്രസാദായിരുന്നു മൈസൂരിലെ സമ്മേളനത്തിന്റെ ഉദ്ഘാടകന്‍. മൈസൂര്‍ ഖാസി അല്‍ഹാജ് മൗലാന ഉസ്മാന്‍ ശരീഫ്, സയ്യിദ് ഇബ്രാഹിം ഖലീലുല്‍ ബുഖാരി, സി മുഹമ്മദ് ഫൈസി, മൈസൂര്‍ ബിഷപ്പ് മോസ്റ്റ് റവ. ഡോ. തോമസ് ആന്റണി വാഴപ്പള്ളി, യോഗനരസിംഹ സ്വാമി ക്ഷേത്രം സ്വാമി ശ്രീ ഭാഷ്യം സ്വാമി, ശ്രീ ജ്ഞാനപ്രകാശ് സ്വാമി, ചാമരാജ് എം എല്‍ എ. വാസു, ചാമുണ്ടേശ്വരി എം എല്‍ എ. ജി ടി ദേവഗൗഡ, മുന്‍ എം പി വിശ്വനാഥ്, അല്‍ഹാജ്ജ് അബ്ദുല്‍ഖാദര്‍ സേഠ്, അബ്ദുല്‍ അസീസ് അബ്ദുല്ല, ഹരീഷ്ഗൗഡ, അന്തോളന ദിനപത്രം ചീഫ്എഡിറ്റര്‍ രാജശേഖര്‍ഖോട്ടി, ഡോ. മഹ്ബൂബ്ഖാന്‍, അല്‍ഹാജ് മന്‍സൂര്‍ സേഠ്, എന്‍ മുഹമ്മദ് ഹാജി, യു കെ ഹമീദ്ഹാജി തുടങ്ങിയവര്‍ പ്രസംഗിച്ചു.


കര്‍ണ്ണാടക സ്റ്റേറ്റ് എസ് എസ് എഫിന്റെ സില്‍വര്‍ ജൂബിലിയുടെ ഭാഗമായാണ് അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നയിക്കുന്ന കര്‍ണ്ണാടക യാത്ര സംഘടിപ്പിച്ചത്. ഗുല്‍ബര്‍ഗയില്‍ തുടങ്ങിയ യാത്രയുടെ ആദ്യഘട്ടം തുംകൂറിലാണ് സമാപിച്ചത്. ബീജാപൂര്‍, ഭാഗല്‍കോട്ടെ, ഹവേരി, ബെല്ലാരി, ദാവണഗരെ, ഷിമോഗ, ബഡ്ക്കല്‍, ഉഡുപ്പി, ചിക്മംഗ്‌ളൂര്‍, ബംഗളുരു എന്നിവിടങ്ങളിലെ പര്യടനം നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു.





Keywords: Banglore, Kandapuram, Karnadaka, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.