Latest News

ജ്വല്ലറി ഉടമയുടെ കൊല; അന്വേഷണത്തിന് പ്രത്യേക ടീം

തലശ്ശേരി: മെയിന്‍ റോഡില്‍ സവിത ജ്വല്ലറി ഉടമ ചക്യത്ത് മുക്കിലെ സ്‌നേഹയില്‍ പി കെ ദിനേശന്‍ കടക്കുള്ളില്‍ കൊല്ലപ്പെട്ടത് സംബന്ധിച്ചുള്ള അന്വേഷണത്തിന് പ്രത്യേക ടീമിനെ നിയോഗിക്കും. നിലവില്‍ തലശ്ശേരി എഎസ് പി ടി നാരായണന്റെ നേതൃത്വത്തില്‍ പാനൂര്‍ സി ഐ വി വി ബെന്നിയാണ് പ്രാഥമികാന്വേഷണം നടത്തുന്നത്. തലശ്ശേരി സി ഐ വി കെ വിശ്വംഭരന്‍ നായര്‍ ശബരിമല ഡ്യൂട്ടിയിലായതിനാല്‍ പാനൂര്‍ സി ഐ വി വി ബെന്നിക്കാണ് തലശ്ശേരി സി ഐയുടെ ചുമതല.

തലശ്ശേരി ജനറല്‍ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം കൂത്തുപറമ്പ് സി ഐ പ്രേംസദന്‍ ഇന്‍ക്വസ്റ്റ് നടത്തി. പരിയാരം മെഡിക്കല്‍ കേഎേജില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം സൈദാര്‍പള്ളി അച്ചാരത്ത് റോഡിലെ തറവാട്ട്‌വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.

കൊല നടന്നത് കടയിലെ സ്‌ട്രോംഗ് റൂമിലായിരുന്നു. മാരകമായി പരിക്കേറ്റിരുന്നു. അഞ്ചില്‍പരം മാരകമായ മുറിവുകളാണ് ശരീരത്തിലുള്ളത്. രക്തം വാര്‍ന്ന് പോയതാവാം മരണം സംഭവിക്കാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം.

കൊലക്ക് പിന്നില്‍ കവര്‍ച്ചയാണോ മറ്റ് സാമ്പത്തികമായ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. കടയില്‍ സ്വര്‍ണാഭരണങ്ങളോ, വെള്ളി ആഭരണങ്ങളോ ഉണ്ടായിരുന്നില്ലെന്നാണ് സൂചനകള്‍. കല്യാണ ആവശ്യത്തിനും മറ്റുമായി ഓര്‍ഡര്‍ സ്വീകരിച്ച് ആഭരണങ്ങള്‍ നിര്‍മിച്ച് നല്‍കിവരവാണത്രെ പതിവ്. കടയില്‍ ആഭരണങ്ങള്‍ സൂക്ഷിക്കാറില്ലെന്നാണ് പൊതുവെയുള്ള നിഗമനം.

സംഭവ സമയം ദിനേശന്‍ തനിച്ചായിരുന്നു കടയില്‍. കടപൂട്ടാനുള്ള ശ്രമത്തില്‍ ആഭരണങ്ങള്‍ സ്‌ട്രോംഗ് റൂമില്‍വെക്കുകയാണെന്ന് കരുതി കവര്‍ച്ചക്കാര്‍ മുറിയിലെത്തി പരിശോധന നടത്തവെ തടയാന്‍ ശ്രമിച്ചപ്പോള്‍ അക്രമിച്ചതാവാനും സാധ്യതയുണ്ടെന്നാണ് സൂചനകള്‍. കടയെ പറ്റി അറിയുന്നവരാരും കടക്കുള്ളില്‍ കവര്‍ച്ചക്കായി എത്തുകയുമില്ല. നേരത്തെ സാമ്പത്തിക പ്രശ്‌നങ്ങളുണ്ടായിരുന്നുവെങ്കിലും മെയിന്‍ റോഡിലെ കുടുംബവകയായുള്ള കടവില്‍പ്പന നടത്തി അവ പരിഹരിച്ചിരുന്നു. കുടുംബപരമായ പ്രശ്‌നങ്ങളും രമ്യതയില്‍ എത്തിയിരുന്നു. 

കടയില്‍ നിന്ന് പോലീസിന് ലഭിച്ചത് ദിനേശന്റെ സെല്‍ഫോണ്‍ മാത്രമാണ്. എസ് പി ഉണ്ണിരാജ, ഡോഗ് സ്‌ക്വാഡ് , വിരലടയാളവിദഗ്ദ്ധര്‍ എന്നിവര്‍ ബുധനാഴ്ച രാവിലെ കൊല നടന്ന കടയിലും മറ്റും പരിശോധന നടത്തി. പരിസരത്തുള്ള കടയിലെ ജീവനക്കാരില്‍ നിന്നും മറ്റും പോലീസ് മൊഴിയെടുത്തുവരുന്നു. കടക്ക് ചുറ്റും പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
രാത്രി 7.30നും എട്ടിനും ഇടയിലാണ് കൊല നടന്നതെന്നാണ് നിഗമനം. ഈ സമയത്ത് ജ്വല്ലറിക്ക് മുന്‍പിലെ സ്‌റ്റേഷനറി കട തുറന്നു പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു.

ഒട്ടേറെ പേര്‍ മുമ്പിലെ റോഡിലൂടെ കാല്‍നടയായും പോയിട്ടുണ്ട്. എന്നാല്‍ സംഭവത്തിനു ദൃക്‌സാക്ഷികളായി ആരും ഇതുവരെ മുന്നോട്ടു വന്നിട്ടില്ല. ജ്വല്ലറിക്കു സമീപത്തെ ഏതാനും കടകളില്‍ സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ രണ്ടിടത്തെ ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു.
തലശ്ശേരിയില്‍ ആദ്യത്തെ സംഭവമാണ് കടക്കുള്ളില്‍ വ്യാപാരി കൊല്ലപ്പെടുന്നത്. ഇതാണ് വ്യാപാര സമൂഹത്തിന് ഞെട്ടലുളവാക്കിയത്. ഈ അടുത്തകാലത്തായി പോലീസ് നടപടി സജീവമാകുന്നില്ലെന്ന ആരോപണവുമുയര്‍ന്നിട്ടുണ്ട്. സ്വീറ്റ എന്ന പോലീസ് നായ കൊല നടന്ന കടയും സ്‌ട്രോംഗ് റൂമും പരിശോധിച്ചു. കടയില്‍ നിന്ന് മെയിന്റോഡില്‍ സിവില്‍ സപ്ലൈസ് മാവേലി സ്‌റ്റോറിന് അടുത്തുവരെ ഓടിയ ശേഷമാണ് നായ നിന്നത്.
അതിനിടെ ജ്വല്ലറി ഉടമയുടെ കൊലപാതകത്തോടനുബന്ധിച്ച് ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ് അസോസിയേഷനും വ്യാപാരി വ്യവസായി ഏകോപന സമിതി, വ്യാപാരി വ്യവസായി സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണമാണ്. മെഡിക്കല്‍ ഷോപ്പുകളും ഒറ്റപ്പെട്ട ചില കടകളും മാത്രമാണ് തുറന്ന് പ്രവര്‍ത്തിച്ച് വരുന്നത്. ഹോട്ടലുകള്‍ അടഞ്ഞുകിടന്നത് ജനജീവിതത്തെ സാരമായി ബാധിച്ചു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.