Latest News

ദുബൈയില്‍ നിന്ന് 1.2 കോടി ദിര്‍ഹമിന്‍െറ ആഭരണം കൊള്ളയടിച്ച സംഘം പിടിയില്‍

ദുബൈ: 1.2 കോടി ദിര്‍ഹം വിലമതിക്കുന്ന സ്വര്‍ണ,വജ്ര ആഭരണങ്ങള്‍ ദുബൈയില്‍ നിന്ന് കൊള്ളടയിച്ച കിഴക്കന്‍ യൂറോപ്യന്‍ സംഘത്തെ ദുബൈ പൊലീസ് അതിവിദഗ്ധമായി അറസ്റ്റ് ചെയ്തു. റുമേനിയക്കാരായ മൂന്നു പേരാണ് പിടിയിലായത്.

മോഷണം ആസൂത്രണം ചെയ്ത പാരീസിലുള്ള പ്രതികളെ പിടികൂടുന്നതിന് ഇന്‍റര്‍പോളിന്‍െറയും ഫ്രഞ്ച് അധികൃതരുടെയും സഹായം തേടിയതായി ദുബൈ പൊലീസ് മേധാവി മേജര്‍ ജനറല്‍ ഖമീസ് മത്താര്‍ അല്‍ മസീന വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
ദുബൈയിലും പാരീസിലുമുള്ള കൊള്ളസംഘങ്ങള്‍ സംയുക്തമായാണ് മോഷണം ആസൂത്രണം ചെയ്തത്. ഡിസംബര്‍ 12നായിരുന്നു സംഭവം. എന്നാല്‍ 72 മണിക്കൂറിനകം ‘രാജകുമാരന്‍’ എന്നു പേരിട്ട സ്റ്റിങ് ഓപ്പറേഷനിലൂടെ പ്രതികളെ പിടികൂടാനായി. 

പാരീസിലായിരുന്ന ജ്വല്ലറിയുടമയെ തോക്കിന്മുനയില്‍ നിര്‍ത്തി ദുബൈയിലെ ജീവനക്കാരന് ഫോണ്‍ വഴി നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ ആജ്ഞാപിച്ചാണ് ഇവര്‍ കൊള്ള നടത്തിയതെന്ന് അല്‍ മസീന പറഞ്ഞു. 

വജ്രാഭരണങ്ങളും സ്വര്‍ണമോതിരവുമണിഞ്ഞ് ദുബൈയിലെ കടയിലത്തെിയ രണ്ടുപേര്‍ കമ്പനിയുടെ അറബ് ഉടമ പാരീസില്‍ നിന്നയച്ചതാണെന്ന് പറഞ്ഞാണ് സംസാരിച്ചത്. തുടര്‍ന്ന് കമ്പനി ഉടമയുമായി ഫോണില്‍ സംസാരിച്ച ജീവനക്കാരന്‍ അദ്ദേഹത്തിന്‍െറ നിര്‍ദേശപ്രകാരം ഏതാനും ആഭരണങ്ങള്‍ യൂറോപ്യന്‍ സംഘത്തിന് കാണിച്ചുകൊടുത്തു.
എന്നാല്‍ അടുത്ത സന്ദര്‍ശനത്തില്‍ ഉടമ ഫോണില്‍ നിര്‍ദേശിച്ചതനുസരിച്ച് ആറര കിലോ സ്വര്‍ണവും വജ്രാഭരണങ്ങളും സ്യൂട്ട്കേസിലാക്കി രണ്ടംഗ സംഘം കൊണ്ടുപോവുകയായിരുന്നെന്ന് ജീവനക്കാരന്‍ പൊലീസിനോട് പറഞ്ഞു.
ആഭരണങ്ങളുടെ വില പാരീസില്‍ ഉടമക്ക് നല്‍കാമെന്ന ധാരണയിലാണ് ഇവ കൈമാറിയത്. എന്നാല്‍ ഇങ്ങനെ പണം നല്‍കിയില്ലെന്നറിയുമ്പേഴേക്കും സംഘം ആഭരണവുമായി മുങ്ങിയിരുന്നു. വിവരമറിഞ്ഞതിനെ തുടര്‍ന്ന് ദുബൈ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പാരീസിലുള്ള കൊള്ളസംഘം തോക്കുചൂണ്ടി ജ്വല്ലറി ഉടമയെക്കൊണ്ട് ജീവനക്കാരന് നിര്‍ദേശം നല്‍കിപ്പിക്കുകയായിരുന്നെന്ന് മനസ്സിലായത്. 

മോഷണമുതല്‍ മൂന്നാമതൊരാള്‍ക്ക് കൈമാറിയെന്ന് ഉറപ്പുവരുത്തിയശേഷമാണ് സംഘം ജ്വല്ലറി ഉടമയെ മോചിപ്പിച്ചത്. തുടര്‍ന്ന് ഉടമ ദുബൈയിലെ ജീവനക്കാരനെ വിളിച്ച് നായിഫ് പൊലീസില്‍ അറിയിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ ഊര്‍ജിത അനേഷണത്തിലാണ് മോഷണ സംഘത്തെ തൊണ്ടിമുതല്‍ സഹിതം പിടികൂടിയതെന്ന് മേജര്‍ ജനറല്‍ ഖമീസ് മത്താര്‍ അല്‍ മസീന വ്യക്തമാക്കി.ലബനീസ് ഉടമസ്ഥതയിലുള്ളതാണ് ജ്വല്ലറി.

Keywords: Gulf News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.