Latest News

പെണ്‍വേഷത്തില്‍ നിന്നു പടമെടുത്തു തട്ടിപ്പ്: യുവാവ് അറസ്റ്റില്‍

കൊച്ചി: പുരുഷന്മാര്‍ക്കൊപ്പം സ്ത്രീവേഷത്തില്‍ നിന്ന് ഫോട്ടോയെടുത്തു ഭീഷണിപ്പെടുത്തി പണവും സ്വര്‍ണവും തട്ടിയ കേസില്‍ യുവാവ് പിടിയില്‍. കൊല്ലം പെരിനാട് ചിറ്റായം ജീസസ് മാന്‍ഷനില്‍ സാനു അലക്‌സി(22)നെയാണു സെന്‍ട്രല്‍ പൊലീസ് പിടികൂടിയത്. പുരുഷന്മാരില്‍ നിന്നു കൂടുതല്‍ പണം തട്ടാന്‍ ലിംഗമാറ്റ ശസ്ത്രക്രിയ നടത്താനാണു കൊച്ചിയില്‍ തട്ടിപ്പു നടത്തിയതെന്ന് ഇയാള്‍ പൊലീസിനോടു പറഞ്ഞു.

കുറെക്കാലമായി ബെംഗളൂരുവിലായിരുന്ന സാനു ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കു പണമുണ്ടാക്കാനാണു കൊച്ചിയിലെത്തിയത്. ഈസ്ട്രജന്‍ കുത്തിവയ്പ് അടക്കമുള്ള രീതികളിലൂടെ ശരീരത്തില്‍ സ്ത്രീഹോര്‍മോണ്‍ ഉല്‍പാദിപ്പിച്ച ഇയാള്‍, രൂപമാറ്റ ചികില്‍സയ്ക്കുള്ള തയാറെടുപ്പിലായിരുന്നു. സ്ത്രീയായി രൂപം മാറിയശേഷം വന്‍ തട്ടിപ്പുകള്‍ നടത്താനായിരുന്നു പദ്ധതി. ബെംഗളൂരുവിലുള്ള സംഘമാണ് ഇതിനെല്ലാം സഹായവും നല്‍കിയത്.

20 ദിവസം മുന്‍പു ദര്‍ബാര്‍ ഹാളിനു സമീപത്തെ ഹോട്ടലില്‍ മുറിയെടുത്ത ഇയാളുടെ വലയില്‍ ഒട്ടേറെപ്പേര്‍ കുടുങ്ങി പണവും സ്വര്‍ണവും നഷ്ടമായി. വിവിധ ആവശ്യങ്ങള്‍ക്കെന്നുപറഞ്ഞ് പുരുഷന്‍മാരെ ഹോട്ടലിലേക്കു വിളിച്ചുവരുത്തുകയായിരുന്നു. ഇയാളുടെ പുരുഷശബ്ദം വിശ്വസിച്ച് ചിലര്‍ ചതിയില്‍പെട്ടപ്പോള്‍, മറ്റു ചിലര്‍ സ്വവര്‍ഗരതിക്കുള്ള ക്ഷണമായി ഇയാളുടെ ഫോണ്‍വിളിയെ കണക്കാക്കി വലയില്‍ ചാടുകയായിരുന്നു. മുറിയിലെത്തുന്നവരെ സ്ത്രീവേഷത്തില്‍ നില്‍ക്കുന്ന തനിക്കൊപ്പം ബലമായി പിടിച്ചുനിര്‍ത്തി മൊബൈല്‍ ക്യാമറയില്‍ ഫോട്ടോയെടുക്കും. ഈ ഫോട്ടോ പുറത്തുവിട്ട് നാണംകെടുത്തുമെന്നു ഭീഷണിപ്പെടുത്തിയായിരുന്നു പിടിച്ചുപറി. മാനം പോകുമെന്നു ഭയന്ന് ഇരകള്‍ വിവരം പുറത്തുപറഞ്ഞില്ല.

ഞായറാഴ്ചയാണ് കലൂരിലെ കൗണ്‍സലിങ് സ്ഥാപനം നടത്തുന്നയാളെ വിളിച്ചുവരുത്തി സ്വര്‍ണമാലയും മോതിരവും പിടിച്ചുപറിച്ചത്. ഇയാള്‍ സെന്‍ട്രല്‍ സ്‌റ്റേഷനില്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണു സിഐ ഫ്രാന്‍സിസ് ഷെല്‍ബിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സാനുവിനെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്യുമ്പോള്‍ ചുരിദാറായിരുന്നു ഇയാളുടെ വേഷം.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.