Latest News

ഹോട്ടലുകളില്‍ പായ്ക്കറ്റ് പാലുകള്‍ ചൂടാക്കുന്നത് പ്ലാസ്റ്റിക് കവറോടു കൂടി

നീലേശ്വരം: ഹോട്ടലുകളില്‍ ഫ്രീസറില്‍ നിന്നെടുക്കുന്ന തണുത്തുറഞ്ഞ പായ്ക്കറ്റ് പാലുകള്‍ ചൂടാക്കുന്നത് പായ്ക്കറ്റോട് കൂടി തന്നെ ചായ തിളപ്പിക്കുന്ന സമോവറില്‍ വെച്ച് പ്ലാസ്റ്റിക് കവറിലിരുന്ന് ചൂടാകുന്ന ഈ പാലാണ് ചായയായി നമ്മുടെ മുമ്പിലെത്തുന്നത്. ഇങ്ങനെ പാല്‍ ചൂടാകുമ്പോള്‍ പ്ലാസ്റ്റിക് കവറിലുള്ള പോളിമറുകള്‍, ശരീരത്തിന്റെ സ്വാഭാവിക ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങളെ പോലും അസ്ഥിരപ്പെടുത്തുന്ന ബിസ്ഫിനോള്‍ എ - തുടങ്ങിയ അതീവ മാരകവസ്തുക്കള്‍ വിഘടിച്ച് പാലില്‍ ചേരുന്നു.

നീലേശ്വരത്താണ് ഹോട്ടലുകാരന്റെ ഈ ഇന്ധനലാഭ വിദ്യ. സേഫ് കേരളയുടെ ഭാഗമായി ആരോഗ്യവകുപ്പ് അധികൃതര്‍ പുലര്‍ച്ചയോടെ നടത്തിയ പരിശോധനയിലാണ് കാന്‍സര്‍ ഉള്‍പ്പെടെയുള്ള ഗുരുതര രോഗങ്ങള്‍ സമ്മാനിക്കപ്പെടുന്ന ഞെട്ടിക്കുന്ന ഈ രീതി കണ്ടെത്തിയത്. 


നീലേശ്വരത്തെ 15 ഹോട്ടലുകളിലെയും ബേക്കറികളിലെയും പെട്രോള്‍ പമ്പുകളിലെയും ശുചിത്വ നിലവാരം പരിശോധിച്ച് നിര്‍ദ്ദേശങ്ങള്‍ നല്‍കി. മാര്‍ക്കറ്റ് ജംഗ്ഷനിലെ ബേക്കറിയില്‍ കാലഹരണ തീയ്യതി കഴിഞ്ഞ നിലയില്‍ കണ്ടെത്തിയ റസ്‌ക്ക്, ബണ്‍, കേയ്ക്ക് എന്നിവയും, ഹോട്ടലുകളില്‍ ഉപയോഗിച്ച് പഴകിയ എണ്ണ, അച്ചാര്‍, മാംസം തുടങ്ങിയവയും ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശാനുസരണം കടയുടമകള്‍ നശിപ്പിച്ചു.

നീലേശ്വരം പള്ളിക്കരയില്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ ഉച്ചഭക്ഷണം നല്‍കി വന്നിരുന്ന ഹോട്ടലിലെ ഊണു വിതരണം താല്‍ക്കാലികമായി അവസാനിപ്പിച്ചു. ലൈസന്‍സും കുടിവെള്ള പരിശോധനാ ഫലവും ഇല്ലാതിരുന്ന ഒരു ഹോട്ടലിന് അവ ഹാജരാക്കാന്‍ പതിനഞ്ച് ദിവസത്തെ സമയം അനുവദിച്ചു. 
സേഫ് കേരളയില്‍ മുമ്പ് പരിശോധിക്കാതിരുന്ന ഹോട്ടലുകളും ബേക്കറികളുമാണ് പരിശോധനാ വിധേയമാക്കിയത്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശുചീകരിച്ച് സൂക്ഷിച്ച് പുനര്‍ചംക്രമണ കേന്ദ്രങ്ങളില്‍ നല്‍കാന്‍ ആവശ്യമായ നിര്‍ദ്ദേശങ്ങളും നല്‍കി. ഒരു പെട്രോള്‍ പമ്പിലെയും ഹോട്ടലിലെയും വൃത്തിഹീനമായി കാണപ്പെട്ട ടോയ്‌ലെറ്റുകള്‍ അടിയന്തിരമായി വൃത്തിയാക്കുന്നതിനുള്ള നിര്‍ദ്ദേശം നല്‍കി. 
ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എം.രാമകൃഷ്ണന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ പി.വിജയന്‍, എം.ചന്ദ്രന്‍, സിജോ.എം.ജോസ്, പി.വി.പ്രകാശന്‍, കെ.ബാബു എന്നിവരാണ് പരിശോധനാ സംഘത്തിലുണ്ടായിരുന്നത്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.