Latest News

വാട്‌സ് ആപ്പിലൂടെ പ്രസവരംഗം; ഡോക്ടര്‍മാര്‍ ജോലിയില്‍ തിരികെ പ്രവേശിച്ചു

പയ്യന്നൂര്‍: പയ്യന്നൂര്‍ ഗവ.താലൂക്ക് ആശുപത്രിയില്‍ പ്രസവരംഗം വാട്‌സ് ആപ്പിലൂടെ പ്രചരിപ്പിച്ച സംഭവത്തില്‍ സസ്‌പെന്റ് ചെയ്യപ്പെട്ട മൂന്ന് ഡോക്ടര്‍മാരും തിങ്കളാഴ്ച തിരികെ ജോലിയില്‍ പ്രവേശിച്ചു. ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റുമാരായ ഡോ. വി.വി മധുസൂദനന്‍, ഡോ. ടി.വി മനോജ്കുമാര്‍, അനസ്‌തെററിസ്റ്റ് ഡോ. പി.പി സുനില്‍കുമാര്‍ എന്നിവരെയാണ് സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് ജോലിയില്‍ തിരികെ പ്രവേശിപ്പിച്ചത്.

ഇവരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് പയ്യന്നൂര്‍ ഗവ. താലൂക്ക് ആശുപത്രിയില്‍ തന്നെ പുനര്‍ നിയമനം നല്‍കി കെണ്ട് കഴിഞ്ഞ ദിവസമാണ് ആരോഗ്യവകുപ്പ് ഡയറക്ടര്‍ പി.കെ. ജമീല ഉത്തറവിറക്കിയത്.

വാട്‌സ്ആപ്പ് സംഭവം വിവാദമായതിനെ തുടര്‍ന്ന് മുന്നറിയിപ്പില്ലാതെ അവധിയില്‍ പ്രവേശിച്ചതിനാണ് കണ്ണൂര്‍ ഡി.എം.ഒ മൂന്ന് ഡോക്ടര്‍മാരെയും സസ്‌പെന്റ് ചെയ്തിരുന്നത്. നല്ല നിലയില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന ആശുപത്രിയുടെ പ്രവര്‍ത്തനം ഇതോടെ അവതാളത്തിലായി. പകരം ഡോക്ടര്‍മാരെ നിയമിക്കാന്‍ കഴിയാതെ വന്നതോടെ പ്രസവ വാര്‍ഡും ലേബര്‍ റൂമും അടച്ചിടേണ്ടതായി വന്നിരുന്നു.

ഇതേ തുടര്‍ന്നാണ് സി.കൃഷ്ണന്‍ എം.എല്‍.എയുടെയും മററ് ജനപ്രതിനികളുടെയും മററും ഇടപെടലിലൂടെ വകുപ്പ് തല അന്വേഷണം സമയബന്ധിതമായി പൂര്‍ത്തിയാക്കി ഡോക്ടര്‍മാരെ ജോലിയില്‍ തിരികെ പ്രവേശിപ്പിച്ചത്.

രാവിലെയോടെ ആശുപത്രിയിലെത്തിയ ഡോക്ടര്‍മാരെ ഐ.എം.എ ഭാരവാഹികളും ആശുപത്രി ജീവനക്കാരും ചേര്‍ന്ന് സ്വീകരിച്ചു. ഇവര്‍ ജോലിയില്‍ പ്രവേശിച്ചതോടെ ആശുപത്രിയുടെ പ്രവര്‍ത്തനം കൂടുതല്‍ സജീവമാകും
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.