Latest News

എഎപി ഡല്‍ഹി പിടിച്ചടക്കി

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകള്‍ പുറത്തുവന്നപ്പോള്‍ ആം ആദ്മി പാര്‍ട്ടി വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്ന് ഉറപ്പായി. തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് ഭൂരിപക്ഷം നേടുമെന്ന പ്രതീക്ഷയില്‍ ഇറങ്ങിയ ബിജെപിക്ക് കനത്ത തിരിച്ചടി നേരിട്ടു. 

മൂന്നില്‍ രണ്ട് സീറ്റിലും എഎപി മുന്നിട്ട് നില്‍ക്കുകയാണ്. ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി കിരണ്‍ ബേദിയും കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനാര്‍ഥി അജയ് മാക്കനും തോല്‍വി ഉറപ്പാക്കി കഴിഞ്ഞു. 15 വര്‍ഷം ഇടവേളകളില്ലാതെ തലസ്ഥാനം ഭരിച്ച കോണ്‍ഗ്രസ് ഒരു സീറ്റില്‍ പോലും മുന്നിട്ട് നില്‍ക്കുന്നില്ല എന്നതാണ് അവസ്ഥ. 70 അംഗ ഡല്‍ഹി നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിനു വേണ്ടത് 36 സീറ്റാണ്.

വോട്ടെണല്‍ തുടങ്ങിയപ്പോള്‍ മുതല്‍ തന്നെ എഎപി വ്യക്തമായ ആധിപത്യം നേടിയിരുന്നു. വോട്ടെടുപ്പിനു ശേഷമുള്ള എക്‌സിറ്റ് പോളുകളെല്ലാം ആം ആദ്മി പാര്‍ട്ടിക്കും അരവിന്ദ് കേജരിവാളിനുമാണ് മുന്‍തൂക്കം നല്‍കിയതെങ്കിലും ഇത്രവലിയ മുന്നേറ്റം ആരും പ്രതീക്ഷിച്ചിരുന്നില്ല.

ഡല്‍ഹിയിലെ എഎപി ആസ്ഥാനത്തും മറ്റ് പ്രദേശങ്ങളിലും പ്രവര്‍ത്തകര്‍ വിജയാഹ്ലാദം തുടങ്ങി. കോണ്‍ഗ്രസ്, ബിജെപി കേന്ദ്രങ്ങള്‍ മൂകമാണ്. നരേന്ദ്ര മോദിയുടെ വിജയയാത്ര ഡല്‍ഹിയില്‍ അവസാനിച്ചുവെന്നാണ് എഎപിയുടെ ആദ്യ പ്രതികരണം. ഇത് ജനങ്ങളുടെ വിജയമാണെന്നും പാര്‍ട്ടി പ്രതികരിച്ചു.

എന്നാല്‍ മോദിയെ പ്രതിരോധിച്ച് ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി കിരണ്‍ ബേദി തന്നെ രംഗത്തെത്തി. കേന്ദ്ര സര്‍ക്കാരിന്റെ വിലയിരുത്തലല്ല തെരഞ്ഞെടുപ്പ് ഫലമെന്നും തോല്‍വിക്ക് പൂര്‍ണ ഉത്തരവാദി താനാണെന്നും ബേദി പറഞ്ഞു. ബേദിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിത്വമല്ല പരാജയത്തിന് കാരണമെന്ന് ബിജെപിയും പ്രതികരിച്ചിട്ടുണ്ട്.

കോണ്‍ഗ്രസ് ഡല്‍ഹിയില്‍ തൂത്തെറിയപ്പെട്ടതിന് പിന്നാലെ ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരേ പ്രതിഷേധവുമായി ഒരുവിഭാഗം പ്രവര്‍ത്തകര്‍ എഐസിസി ആസ്ഥാനത്തെത്തി. രാഹുല്‍ രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി അജയ് മാക്കന്‍ സദര്‍ ബസാര്‍ മണ്ഡലത്തില്‍ പിന്നിലാണ്. മാക്കന്‍ തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് പാര്‍ട്ടി പദവികളെല്ലാം രാജിവെയ്ക്കുകയും ചെയ്തിട്ടുണ്ട്.
Keywords: AAP, DELHI, BJP, National News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.