മസ്കത്ത്: കണ്ടാല്‍ ഹോട്ടലാണെന്ന് തോന്നുകയേ ഇല്ല. ടിക്കറ്റ് കൗണ്ടറും ബോഗികളും ബര്‍ത്തുകളും എല്ലാം കണ്ടാല്‍ ഇന്ത്യയിലെ തീവണ്ടിയാണെന്നേ തോന്നൂ. ഹോട്ടലില്‍ കയറിയിരിക്കുമ്പോഴും തീവണ്ടിയുടെ ‘ഫീലിങ്’ ആണ്. പക്ഷേ, ഭക്ഷണം മുന്നിലത്തെുമ്പോഴാണ് അസ്സല്‍ ഇന്ത്യന്‍ റസ്റ്റോറന്‍റാണെന്ന് മനസ്സിലാകുക.
മസ്കത്ത് ഗാലയില്‍ ആരംഭിച്ച ചെന്നൈ-മുംബൈ എക്സ്പ്രസ് ഫാമിലി റസ്റ്റോറന്‍റാണ് ഒമാനിലെ പ്രവാസികള്‍ക്ക് ഇന്ത്യയിലെ തീവണ്ടികളുടെ ഓര്‍മ പകരുന്നത്. രണ്ടാഴ്ച മുമ്പ് ആരംഭിച്ച ‘തീവണ്ടി’ റസ്റ്റാറന്‍റ് പ്രവാസികള്‍ക്കിടയില്‍ ഇപ്പോള്‍ തന്നെ ശ്രദ്ധയാകര്‍ഷിച്ചുകഴിഞ്ഞു. തീവണ്ടികളുടെ ബോഗികളുടെ മാതൃകയിലാണ് ഹോട്ടല്‍ ഒരുക്കിയിരിക്കുന്നത് ചെന്നൈ-മുംബൈ എക്സ്പ്രസിന്‍െറ മാതൃകയില്‍ തന്നെയാണ് പുറവും അകവും.
റെയില്‍വേ സ്റ്റേഷനുകളിലേത് പോലെ ടിക്കറ്റ് കൗണ്ടറാണ് റിസപ്ഷന് പകരമുള്ളത്. എട്ട് ബോഗികളില്‍ ഭക്ഷണം കഴിക്കുന്നവര്‍ക്ക് ഇരിക്കാനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നു. ഭക്ഷണ മേശകള്‍ക്ക് മുകളില്‍ ട്രെയിനുകളിലേത് പോലെ ബാഗുകളും മറ്റും വെക്കാന്‍ ബര്‍ത്തും സജ്ജീകരിച്ചിട്ടുണ്ട്. ജീവനക്കാരും തീവണ്ടികളിലെ പാന്‍ട്രി ജീവനക്കാരുടെ യൂണിഫോമാണ്. തീവണ്ടികളില്‍ കയറുന്നതിന് സമാനമായ അനുഭവം ഒരുക്കുകയെന്ന ലക്ഷ്യത്തോടെ ചെന്നൈ-മുംബൈ എക്സ്പ്രസ് റസ്റ്റാറന്‍റ് തുറന്നതെന്ന് ഉടമകള്‍ പറയുന്നു.
ഇന്ത്യന്‍ റെയില്‍വേയുടെ തീവണ്ടിയുടെ നിറങ്ങളും ജനലുകളും കമ്പാര്‍ട്ട്മെന്‍റുകളും അതുപോലെ പുനഃസൃഷ്ടിക്കുകയായിരുന്നു. റസ്റ്റാറന്‍റില്‍ പച്ചക്കറി വിഭവങ്ങളും മാംസാഹാരങ്ങളും ഉണ്ടെന്ന് മാനേജര്‍ ശരവണന്‍ പറഞ്ഞു. തന്തൂരി, ഇന്ത്യന്‍, സൗത് ഇന്ത്യന്‍, ചെട്ടിനാട് വിഭവങ്ങളാണ് ഉള്ളതെന്നും അദ്ദേഹം വ്യക്തമാക്കി
Keywords: Gulf News, Health News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment