Latest News

സ്‌കൂള്‍ ബസില്‍ കുട്ടികള്‍ അപകടത്തില്‍പെടുന്നതിന് പരിഹാരവുമായി സിറിയന്‍ സ്വദേശി

അബുദാബി: സ്‌കൂള്‍ ബസില്‍ കുട്ടികള്‍ അപകടത്തില്‍പെടുന്നതിന് പരിഹാരമാവുന്ന കണ്ടുപിടുത്തവുമായി സിറിയന്‍ സ്വദേശി. ഉസാമ അഹ്മദ്(45) എന്ന അബുദാബി പോലീസിലെ കമ്യൂണിക്കേഷന്‍സ് എഞ്ചിനിയറാണ് ഇതിനായി പ്രത്യേക ഡിവൈസ് കണ്ടെത്തിയരിക്കുന്നത്.

കുട്ടികളില്‍ ആരെങ്കിലും ബസില്‍ കുടുങ്ങിപോയാല്‍ സഹായത്തിന് ബന്ധപ്പെട്ടവരെ വിളിക്കാന്‍ ഇതിലൂടെ സാധിക്കും. സുരക്ഷയുമായി ബന്ധപ്പെട്ട സംവിധാനങ്ങളിലാണ് താന്‍ വൈദഗ്ധ്യം നേടിയിരിക്കുന്നതെന്ന് ഉസാമ വ്യക്തമാക്കി. 

ഉസാമയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഏറെ ഗവേഷണപരീക്ഷണങ്ങള്‍ക്കൊടുവില്‍ ഇത്തരം ഒരു ഡിവൈസ് കണ്ടെത്തിയിരിക്കുന്നത്. ഈ ഡിവൈസ് സ്‌കൂള്‍ ബസുകളില്‍ സ്ഥാപിക്കുന്നതോടെ അടുത്തിടെ അബുദാബിയില്‍ സംഭവിച്ചത് പോലുള്ള ദുരന്തങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കും. 

സ്‌കൂള്‍ ബസില്‍ ഉറങ്ങിയ ബാലിക മരിച്ചത് ഏറെ പ്രാധാന്യത്തോടെ മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. സ്‌കൂള്‍ ബസ് സെയ്ഫ്റ്റി സിസ്റ്റ(സെയ്ഫ് ബസ്)മെന്നാണ് ഡിവൈസിന് പേരിട്ടിരിക്കുന്നത്. 

കഴിഞ്ഞ 19 വര്‍ഷമായി അബുദാബിയില്‍ ജോലിചെയ്യുന്ന ഉസാമ 15 വര്‍ഷമായി അബുദാബി പോലീസില്‍ സേവനം ചെയ്യാന്‍ തുടങ്ങിയിട്ട്. ബസ് ഡ്രൈവര്‍ ബസ് അടച്ച് പുറത്തു പോയ ശേഷം കുട്ടികളാരെങ്കിലും അകത്തുണ്ടെങ്കില്‍ ഈ ഡിവൈസിന്റെ സഹായം ലഭിക്കും. ബസ് നിര്‍ത്തി ഡ്രൈവര്‍ പുറത്തു പോയ ശേഷം എട്ടു മണിക്കൂറോളം ഈ സംവിധാനം പ്രവര്‍ത്തനക്ഷമായിരിക്കും. 

ബസിന്റെ വാതിലുകള്‍ പൂട്ടുന്ന നിമിഷം മുതല്‍ ഡിവൈസ് പ്രവര്‍ത്തനക്ഷമാവും. ഇതിലൂടെ ആരെങ്കിലും വാഹനത്തില്‍ അകപ്പെട്ടിട്ടുണ്ടെങ്കില്‍ ഡ്രൈവര്‍ ഉള്‍പെടെയുള്ളവര്‍ക്ക് സന്ദേശവും ലഭിക്കും. ഇതോടൊപ്പം പ്രസ്തുത വാഹനം എവിടെയാണ് പാര്‍ക്ക് ചെയ്തിരിക്കുന്നത് എന്നത് ഉള്‍പെടെയുള്ള വിവരങ്ങള്‍ പോലീസിലേക്കും സന്ദേശമായി പോകും. 

സെന്‍സര്‍ സംവിധാനത്തിലാണ് ഡിവൈസിന്റെ പ്രവര്‍ത്തനം ക്രമീകരിച്ചിരിക്കുന്നത്. രാജ്യത്തെ മൊത്തം സ്‌കൂള്‍ ബസുകളില്‍ ഈ സംവിധാനം നടപ്പാക്കുന്നതിനെക്കുറിച്ച് അധികൃതര്‍ പഠനം ആരംഭിച്ചിട്ടുണ്ട്. കുട്ടികള്‍ക്കായി കാറില്‍ ഘടിപ്പിക്കാവുന്ന സീറ്റ് രൂപകല്‍പനയിലൂടെ പ്രശസ്തനാണ് ഉസാമ. ഈ സീറ്റിന് അമേരിക്കയില്‍ നിന്നുള്ള സെക്യൂരിറ്റി ഐഡിയ ഓഫ് ദ ഇയര്‍ പുരസ്‌കാരം ലഭിച്ചിരുന്നു. 

കുട്ടികളെ കാറില്‍ മറന്നുപോകുന്നത് തടയുന്നത് കൂടിയായിരുന്നു ഈ സംവിധാനം. ഇതോടൊപ്പം കടുത്ത ചൂടില്‍ കുട്ടികള്‍ക്ക് ജീവാപായം സംഭവിക്കാതിരിക്കാന്‍ ചില്ലുകള്‍ തുറക്കാനും സാധിക്കുന്ന രീതിയിലാണ് രൂപകല്‍പന. രാജ്യത്ത് കാറില്‍ അകപ്പെട്ട് ശ്വാസംമുട്ടി കുട്ടികള്‍ മരിക്കുന്നത് പല തവണ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത്തരം കേസുകളെല്ലാം ഇതിലൂടെ പൂര്‍ണമായി ഇല്ലാതാക്കാന്‍ സാധിക്കുമെന്നാണ് അബുദാബി പോലീസ് ഉള്‍പെടെയുള്ളവര്‍ പ്രതീക്ഷിക്കുന്നത്.
Keywords: Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.