കാഞ്ഞങ്ങാട്: പ്രണയനൈരാശ്യത്തെ തുടര്‍ന്ന് ബ്ലേഡുകൊണ്ട് വീട്ടമ്മയുടെ കഴുത്തറുക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയായ നാല്‍പ്പത്തഞ്ചുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം പള്ളിത്തുറ പുതുവല്‍ വീട്ടില്‍ റെയ്‌നോള്‍ഡ് ജോര്‍ജ്ജ് എന്ന രാജുവിനെയാണ് ഹൊസ്ദുര്‍ഗ് എസ് ഐ കെ ബിജുലാല്‍ അറസ്റ്റ് ചെയ്തത്.
ബങ്കളം ദിവ്യംപാറയിലെ കാര്‍ത്ത്യായനി(40)യുടെ പരാതിപ്രകാരം വധശ്രമത്തിനാണ് രാജുവിനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.
ഇക്കഴിഞ്ഞ മാര്‍ച്ച് 29ന് രാവിലെയാണ് കാര്‍ത്ത്യായനിയെ രാജു ആക്രമിച്ചത്. രാത്രികാലത്ത് താമസിക്കാനുള്ള സുരക്ഷിതത്വമില്ലാത്തതിനാല്‍ കാര്‍ത്ത്യായനിയും പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ മകളും കാര്‍ത്ത്യായനിയുടെ സഹോദരിയുടെ വീട്ടില്‍ തലേ ദിവസം രാത്രി തങ്ങിയിരുന്നു. പിറ്റേ ദിവസം രാവിലെ കാര്‍ത്ത്യായനി സഹോദരിയുടെ വീട്ടില്‍ നിന്ന് മകളെയും കൂട്ടി സ്വന്തം വീട്ടിലെത്തിയപ്പോള്‍ വീട്ടിനകത്ത് ഒളിച്ചിരുന്ന രാജു ബ്ലേഡുമായി ചാടിവീഴുകയും കാര്‍ത്ത്യായനിയുടെ മുടിയില്‍ കുത്തിപ്പിടിച്ച ശേഷം കഴുത്തില്‍ ആഴത്തിലുള്ള മുറിവേല്‍പ്പിക്കുകയുമായിരുന്നു. അക്രമം തടയാന്‍ ശ്രമിച്ച മകള്‍ക്കും മര്‍ദ്ദനമേറ്റു.
കാര്‍ത്ത്യായനിയുടെ നിലവിളി കേട്ട് സഹോദരിയും വീട്ടുകാരും പരിസരവാസികളും ഓടിയെത്തിയതോടെ രാജു ഓടിരക്ഷപ്പെടുകയാണുണ്ടായത്. സാരമായി പരിക്കേറ്റ് ജില്ലാശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ കാര്‍ത്ത്യായനിയുടെ പരാതിപ്രകാരം രാജുവിനെതിരെ പോലീസ് വധശ്രമത്തിന് കേസെടുക്കുകയാണുണ്ടായത്.
ഇതിനിടെ ബ്ലേഡുകൊണ്ട് സ്വയം മുറിവേല്‍പ്പിച്ചതിനെ തുടര്‍ന്ന് രാജുവിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പതിനഞ്ചാമത്തെ വയസ്സില്‍ നാടുവിട്ട രാജു ഏഴുമാസം മുമ്പാണ് കാഞ്ഞങ്ങാട്ടേക്ക് വന്നത്. ആവിക്കര മുത്തപ്പന്‍ ക്ഷേത്രത്തിന് സമീപം വാടക വീട്ടില്‍ താമസിച്ച് തേപ്പുജോലികളില്‍ ഏര്‍പ്പെട്ടുവരികയായിരുന്ന രാജു വാര്‍പ്പ് തൊഴിലാളിയായ കാര്‍ത്ത്യായനിയുമായി പരിചയപ്പെടുകയും തുടര്‍ന്ന് ഇരുവരും അടുപ്പത്തിലാവുകയും ചെയ്തു.
ഭര്‍ത്താവ് ഉപേക്ഷിച്ചു പോയതിനാല്‍ കാര്‍ത്ത്യായനിയെ വിവാഹം ചെയ്യാന്‍ രാജു താല്‍പ്പര്യം പ്രകടിപ്പിക്കുകയും സ്ത്രീ ഇതിന് സമ്മതം നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ രാജുവിന് മദ്യപാനശീലം ഉണ്ടെന്നറിഞ്ഞതോടെ വിവാഹത്തോട് കാര്‍ത്ത്യായനി എതിര്‍പ്പ് പ്രകടിപ്പിച്ചു. ഇതില്‍ പ്രകോപിതനായാണ് രാജു കാര്‍ത്ത്യായനിയെ ആക്രമിച്ചത്.
No comments:
Post a Comment