Latest News

വ്യാജ ഡോക്ടര്‍ തന്‍വീറിനും വീട്ടുകാര്‍ക്കുമെതിരെ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു

കാഞ്ഞങ്ങാട്: ഡോക്ടറാണെന്ന് തെറ്റിദ്ധരിപ്പിച്ച് വിദ്യാസമ്പന്നയായ യുവതിയെ വിവാഹം ചെയ്യുകയും വിവാഹശേഷം കൂടുതല്‍ സ്ത്രീധനമാവശ്യപ്പെട്ട് ശാരീരികമായും മാനസികമായും പീഢിപ്പിക്കുകയും ചെയ്ത കേസില്‍ പ്രതികളായ വ്യാജ ഡോക്ടര്‍ തന്‍വീര്‍ അഹമ്മദും വീട്ടുകാരും ഉള്‍പ്പടെ ഏഴ് പേര്‍ക്കെതിരെ പോലീസ് അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം കോടതിയില്‍ കുറ്റ പത്രം സമര്‍പ്പിച്ചു.

എറണാകുളം സ്വദേശികളായ തന്‍വീര്‍ അഹമ്മദ്(26), പിതാവ് ഷാഹുല്‍ ഹമീദ്, മാതാവ് ഷഫീന, തന്‍വീറിന്റെ സഹോദരി സല്‍മ, സല്‍മയുടെ ഭര്‍ത്താവ് ഷമ്മി പി മജീദ്, ചിത്താരി സ്വദേശികളായ മുഹമ്മദ് റഫീഖ്, മുഹമ്മദ്ഷാ എന്നിവര്‍ക്കെതിരെയാണ് ഹൊസ്ദുര്‍ഗ് സി ഐ യു പ്രേമന്‍ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ്(ഒന്ന്) കോടതിയില്‍ കുറ്റ പത്രം സമര്‍പ്പിച്ചത്. 

കൊടുങ്ങല്ലൂര്‍ മേത്തല വില്ലേജിലെ ഇല്യാസിന്റെ ഭാര്യ നസീമിന്റെ പരാതി പ്രകാരമാണ് തന്‍വീര്‍ അഹമ്മദ് അടക്കമുള്ളവര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നത്.
2012 ഏപ്രില്‍ 26നാണ് ഇല്ല്യാസിന്റെ മകള്‍ ഷാലിമയെ തന്‍വീര്‍ വിവാഹം ചെയ്തത്. തന്‍വീറിന് വേണ്ടി ഷമ്മി ഒരു പത്രത്തില്‍ വിവാഹ പരസ്യം നല്‍കിയിരുന്നു. ഡോക്ടറായ തന്‍വീറിന് വധുവിനെ ആവശ്യമുണ്ടെന്നായിരുന്നു പരസ്യം. ഇത് ശ്രദ്ധയില്‍പെട്ട ഷാലിമയുടെ വീട്ടുകാര്‍ തന്‍വീറിന്റെ വീട്ടുകാരുമായി ബന്ധപ്പെടുകയും കാഞ്ഞങ്ങാട്ട് വെച്ച് വിവാഹം തീരുമാനിക്കുകയുമായിരുന്നു. കോയമ്പത്തൂരിലെ ക്ലിനിക്കില്‍ ഫിസിയോളജിക്കല്‍ വിദ്യാര്‍ത്ഥിനിയായിരുന്ന ഷാലിമ ഡോക്ടറാണെന്ന് കരുതി തന്‍വീറുമായുള്ള വിവാഹത്തിന് സമ്മതിക്കുകയും ചെയ്തു. വിവാഹവേളയില്‍ ഷാലിമയുടെ വീട്ടുകാര്‍ തന്‍വീറിന് 42 ലക്ഷം രൂപയും 300 പവന്‍ സ്വര്‍ണ്ണവും സ്ത്രീധനമായി നല്‍കിയിരുന്നു.
വിവാഹത്തിന് മുമ്പ് വ്യാജരേഖകള്‍ ഹാജരാക്കി തന്‍വീര്‍ മഡിയനിലെ സ്വകാര്യാശുപത്രിയില്‍ ജോലിനേടുകയും ചെയ്തിരുന്നു. വിവാഹ ശേഷം പുതിയ ആശുപത്രി തുടങ്ങാനെന്ന് പറഞ്ഞ് തന്‍വീര്‍ ഷാലിമയോട് 25 ലക്ഷം രൂപ ആവശ്യപ്പെട്ടു. എന്നാല്‍ തന്‍വീര്‍ ഡോക്ടറല്ലെന്നും വ്യാജ ബിരുദം സമ്പാദിച്ചാണ് ആശുപത്രിയില്‍ ജോലി നേടിയതെന്നും ഷാലിമയുടെ വീട്ടുകാര്‍നടത്തി യ അന്വേഷണത്തില്‍ വ്യക്തമായി.താന്‍ ആവശ്യപ്പെട്ട 25 ലക്ഷം രൂപ ലഭിക്കില്ലെന്ന് ഉറപ്പായതോടെ ഷാലിമയെ തന്‍വീര്‍ പീഢിപ്പിക്കാന്‍ തുടങ്ങി. 

തന്‍വീറിന്റെ മാതാപിതാക്കളും സഹോദരിയും, സഹോദരിഭര്‍ത്താവും ഇതിന് കൂട്ട് നില്‍ക്കുകയായിരുന്നു. പീഢനം അസഹ്യമായതോടെ ഷാലിമ ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമൊപ്പമുള്ള കുശാല്‍ നഗറിലെ വാടക ക്വാര്‍ട്ടേഴ്‌സിലെ താമസം അവസാനിപ്പിച്ച് സ്വന്തം വീട്ടിലേക്ക് തിരിച്ചുപോവുകയാണുണ്ടായത്.
തുടര്‍ന്ന് തന്‍വീറിനും വീട്ടുകാര്‍ക്കുമെതിരെ ഷാലിമയുടെ മാതാവ് ഹൊസ്ദുര്‍ഗ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തന്‍വീറുമായുള്ള വിവാഹത്തിനും വഞ്ചനയ്ക്കും കൂട്ട് നിന്നതിനാണ് ചിത്താരി സ്വദേശികളായ മുഹമ്മദ് റഫീക്കിനെയും , മുഹമ്മദ് ഷായയെയും പ്രതി പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.


Keywords:  Kerala, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.