Latest News

കാര്‍ വാടകയ്‌ക്കെടുത്തു മറിച്ചുവില്‍ക്കുന്ന നീലേശ്വരം സ്വദേശിയടക്കം നാല് പേര്‍ അറസ്റ്റില്‍

കട്ടപ്പന:[www.malabarflash.com] കാര്‍ വാടകയ്‌ക്കെടുത്തു മറിച്ചുവില്‍ക്കുന്ന നീലേശ്വരം സ്വദേശിയടക്കം നാല് പേര്‍ അറസ്റ്റില്‍. നീലേശ്വരം റിയാസ് മന്‍സിലില്‍ റിയാസ്(36), കൊല്ലം തങ്കശേരി സ്റ്റാന്‍വില്ല ഹെറാള്‍ഡ്(41), മലപ്പുറം നിലമ്പൂര്‍ ചേലക്കോടന്‍ ഹമീദ്(34), നിലമ്പൂര്‍ ചന്തമുക്ക് കളത്തറ ബാബുക്കുട്ടന്‍(41) എന്നിവരാണ് അറസ്റ്റിലായത്.

കട്ടപ്പന ഡിവൈഎസ്പി പി.കെ. ജഗദീഷിനു ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്നാണ് സംഘത്തെ വലയിലാക്കിയത്. നിലമ്പൂര്‍ നല്ലതണ്ണി പെരുമ്പള്ളി അന്‍സാരിയുടെ വാഗണ്‍ആര്‍ കാര്‍ വാടകയ്‌ക്കെടുത്ത് മറിച്ചുവില്‍ക്കാന്‍ എത്തിയപ്പോഴാണ് സംഘം പിടിയിലായത്. ചൊവ്വാഴ്ച രാത്രി ഒന്‍പതോടെ കട്ടപ്പന പള്ളിക്കവല ഭാഗത്തുനിന്നാണ് സംഘത്തെ പോലീസ് കസ്റ്റഡിയിലെടുത്തത്.

വാഹനം വാടകയ്‌ക്കെടുത്തശേഷം വ്യാജ ആര്‍സി ബുക്കും തിരിച്ചറിയല്‍ കാര്‍ഡും നിര്‍മിച്ചാണ് ഇവര്‍ തട്ടിപ്പ് നടത്തിയിരുന്നത്. വാഹനത്തിലുള്ള ആര്‍സി ബുക്കിന്റെ പകര്‍പ്പ് സ്‌കാന്‍ ചെയ്തശേഷം കംപ്യൂട്ടറിന്റെ സഹായത്തോടെ പുതിയ ആര്‍സി ബുക്ക് നിര്‍മിക്കും. പൊളിച്ചുവിറ്റതും ഇരുചക്ര വാഹനങ്ങളുടെയും ഹോളോഗ്രാം പതിപ്പിച്ചാണ് ആര്‍സി ബുക്ക് തയാറാക്കിയിരുന്നത്.

തുടര്‍ന്ന് സംഘത്തിലുള്ള ഒരാളുടെ ഫോട്ടോയും യഥാര്‍ഥ വാഹന ഉടമയുടെ വിലാസവും ഉള്‍പ്പെടുത്തി തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മിക്കും. ഇതുപയോഗിച്ചാണ് കാര്‍ വില്‍പന നടത്തുന്നത്. ഇത്തരത്തില്‍ പ്രതികളില്‍ ഒരാളുടെ ചിത്രവും അന്‍സാരിയുടെ മേല്‍വിലാസവും ഉള്‍പ്പെടുത്തി നിര്‍മിച്ച തിരിച്ചറിയല്‍ കാര്‍ഡും വ്യാജ ആര്‍സി ബുക്കും പോലീസ് കണ്ടെത്തി.

എസ്‌ഐ കെ.ആര്‍. ബിജു, എസ്‌ഐ ഏബ്രഹാം, സിവില്‍ പോലീസ് ഓഫീസര്‍മാരായ സജിമോന്‍, ഗോപന്‍ ജയന്‍ എന്നിവരും ഉള്‍പ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ കോടതിയില്‍ ഹാജരാക്കി.

Keywords: Kerala, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.