Latest News

വനിതകള്‍ക്ക് ഇനി നിര്‍ഭയമായി അന്തിയുറങ്ങാം; കോഴിക്കോട് ഷീസ്റ്റേ യാഥാര്‍ത്ഥ്യായി

കോഴിക്കോട്: [www.malabarflash.com] ജോലികഴിഞ്ഞ് വൈകിയെത്തുന്ന സ്ത്രീകള്‍, എന്തെങ്കിലും ആവശ്യത്തിനായി രാത്രി നഗരത്തിലെത്തുന്നവര്‍, വിദ്യാര്‍ത്ഥിനികള്‍ ഇവര്‍ക്കൊക്കെ ഇനി ആരെയും പേടിക്കാതെ സമാധാനമായും സുരക്ഷിതമായും തല ചായ്ക്കാം. കോഴിക്കോട് എരഞ്ഞിപ്പാലത്തിനടുത്ത് പുതുതായി ആരംഭിച്ച ഷീസ്റ്റേ ഇനി രാത്രികാലങ്ങളില്‍ നഗരത്തിലെത്തുന്നവര്‍ക്ക് അഭയമൊരുക്കും; സ്വന്തം വീടുപോലെ സുരക്ഷിതമായി.

അസമയങ്ങളില്‍ നഗരത്തിലെത്തിപ്പെടുന്ന സ്ത്രീകള്‍ക്ക് നിര്‍ഭയമായി താസിക്കാന്‍ ഒരിടമുണ്ടാവുക എന്നത് ഇവിടത്തുകാരുടെ ദീര്‍ഘകാലത്തെ ആവശ്യമായിരുന്നു. ഷീ സ്റ്റേ പദ്ധതിയിലൂടെ സ്ത്രീകളുടെ ഒരു ചിരകാല സ്വപ്മാണ് സംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍ യാഥാര്‍ത്ഥ്യമാക്കിയിരിക്കുന്നത്.

മിതമായ നിരക്കില്‍ ഇവിടെ മുറികളും ആവശ്യക്കാര്‍ക്ക് ഭക്ഷണവും ലഭിക്കും. താമസക്കാര്‍ക്കായി വൈഫൈ സൗകര്യം, നാപ്കിന്‍ ഇന്‍ഡസിനേറ്റര്‍, നാപ്കിന്‍ വെന്‍ഡിംഗ് മെഷീന്‍, വിദ്യാര്‍ത്ഥിനികള്‍ക്കായി പ്രത്യേക വിഭാഗം തുടങ്ങി വിവിധ സൗകര്യങ്ങളും ഹോസ്റ്റലില്‍ ഒരുക്കിയിട്ടുണ്ട്. എട്ട് ഡോര്‍മെറ്ററികളും എട്ട് മുറികളുമടക്കം നൂറ് പേര്‍ക്ക് താമസിക്കാനുളള സൗകര്യമാണ് ഇവിടെയുള്ളത്. നഗരത്തില്‍ ഏതാനും ദിവസത്തേക്ക് എത്തിച്ചേരുന്ന ഉദ്യോഗസ്ഥകള്‍ക്കും മറ്റും എയര്‍ കണ്ടീഷന്‍ ചെയ്ത മുറികളും മിതമായ നിരക്കില്‍ ഇവിടെ ലഭിക്കും.

രാത്രികാലങ്ങളില്‍ ജോലി സ്ഥലങ്ങളില്‍ നിന്നും എത്തിച്ചേരുന്നവര്‍ക്ക് തൊഴിലുടമയുടെ പ്രത്യേക അപേക്ഷയിന്‍മേല്‍ ഏഴ് മണിക്ക് ശേഷം പ്രവേശനത്തിന് പ്രത്യേക അനുമതി ലഭിക്കും.


വനിതാ വികസന കോര്‍പ്പറേഷന്‍ എരഞ്ഞിപ്പാലത്ത്  ആരംഭിച്ച ഷീസ്റ്റേ പഞ്ചായത്ത് സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. എം.കെ മുനീര്‍ ഉദ്ഘാടനം ചെയ്തു. ആവശ്യമായി വരികയാണെങ്കില്‍ ജില്ലയില്‍ ഇനിയും ഷീസ്റ്റേകള്‍ ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

പരിപാടിയില്‍ വനിതാ വികസന കോര്‍പ്പറേഷന്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ പി കുത്സു അധ്യക്ഷത വഹിച്ചു. പരിപാടിയില്‍ വിവിധ വനിതാ സ്വയംതൊഴില്‍ പദ്ധതികള്‍ക്കായുളള വായ്പാ വിതരണം അഞ്ചുപേര്‍ക്ക് നല്‍കിക്കൊണ്ട് എ പ്രദീപ് കുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.

കടാശ്വാസ കമ്മീഷന്‍ അംഗം ഉമ്മര്‍ പാണ്ടികശാല, സി.ഡി.എ ചെയര്‍മാന്‍ എന്‍.സി അബൂബക്കര്‍, കെ.യു.ആര്‍.ഡി.എഫ്.സി ചെയര്‍മാന്‍ കെ.മൊയ്തീന്‍ കോയ, കോര്‍പറേഷന്‍ കൗണ്‍സിലര്‍മാരായ പി.കിഷന്‍ചന്ദ്, പൂളക്കല്‍ ശ്രീകുമാര്‍, ഡോ. ജയശ്രീ, ബ്രസീലിയ ഷംസുദ്ദീന്‍, കെ സുബൈര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Advertisement

Keywords: Kerala News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.