Latest News

എ. നഫീസത്ത് ബീവി അന്തരിച്ചു

തിരുവനന്തപുരം: [www.malabarflash.com] പ്രമുഖ കോണ്‍ഗ്രസ് നേതാവും മുന്‍ ഡപ്യൂട്ടി സ്പീക്കറും വനിതാ കമ്മിഷന്‍ മുന്‍ അംഗവുമായ എ. നഫീസത്ത് ബീവി (91) അന്തരിച്ചു. കബറടക്കം ചൊവ്വാഴ്ച മൂന്നിനു പാളയം ജുമാ മസ്ജിദില്‍. ഭൗതികശരീരം ചൊവ്വാഴ്ച പത്തിനു കെപിസിസി ആസ്ഥാനത്തും 11.15നു നിയമസഭാ മന്ദിരത്തിലും പൊതുദര്‍ശനത്തിനു വയ്ക്കും. കോണ്‍ഗ്രസിലെ രണ്ടു തലമുറകള്‍ക്കെങ്കിലും 'ഉമ്മ' ആയിരുന്ന നഫീസത്ത് ബീവി സമീപകാലം വരെയും പൊതുവേദികളില്‍ സജീവമായിരുന്നു. മൂന്നു ദിവസം മുന്‍പാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

1960ലെ തിരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ കരുത്തനായ ടി.വി. തോമസിനെ ആലപ്പുഴ നിയമസഭാ മണ്ഡലത്തില്‍ അട്ടിമറിച്ചാണു നഫീസത്ത് ബീവി കേരള രാഷ്ട്രീയത്തില്‍ ശ്രദ്ധ നേടുന്നത്. തുടര്‍ന്നു രണ്ടാം കേരള നിയമസഭയുടെ ഡപ്യൂട്ടി സ്പീക്കറായി. അന്നു 36 വയസ്സ് മാത്രമുണ്ടായിരുന്ന അവര്‍ സ്പീക്കര്‍ കെ.എം. സീതി സാഹിബ് അസുഖബാധിതനായപ്പോഴും പിന്നീടു പകരം സ്പീക്കറായ സി.എച്ച്. മുഹമ്മദ് കോയ രാജിവച്ചപ്പോഴും അധ്യക്ഷപദത്തിലിരുന്നു സഭ നിയന്ത്രിച്ചു. 1957ലാണ് ആദ്യം നിയമസഭയിലേക്കു മല്‍സരിച്ചത്. അന്നു ടി.വി. തോമസിനോടു തോറ്റു. '67ല്‍ മഞ്ചേരിയിലും '80ല്‍ വാമനപുരത്തും മല്‍സരിച്ചെങ്കിലും വിജയിക്കാനായില്ല.

കൊല്ലത്ത് അബ്ദുല്‍ കരീം-ഹവ്വാ ഉമ്മ ദമ്പതികളുടെ മകളായി ജനിച്ച നഫീസത്ത് ബീവി ആലപ്പുഴ എസ്ഡി കോളജില്‍ നിന്നു ബിരുദമെടുത്ത ശേഷം എറണാകുളം ഗവ. ലോ കോളജില്‍ നിന്നു ബിഎല്‍ പരീക്ഷ പാസ്സായി. മുസ്‌ലിം പെണ്‍കുട്ടികള്‍ കാര്യമായ ഉപരിപഠനത്തിനു മുതിരാതിരുന്ന കാലത്തായിരുന്നു ഇത്.

1965 മുതല്‍ പതിറ്റാണ്ടുകളോളം എഐസിസി അംഗമായിരുന്നു. രാജ്യസഭ, ഗവര്‍ണര്‍ പദവികളിലേക്കു വരെ പരിഗണിക്കപ്പെട്ടെങ്കിലും യാഥാര്‍ഥ്യമായില്ല. ആലപ്പുഴയായിരുന്നു രാഷ്ട്രീയ തട്ടകമെങ്കിലും രണ്ടരപ്പതിറ്റാണ്ടോളമായി തലസ്ഥാനത്തായിരുന്നു താമസം.

പരേതനായ ആലപ്പുഴ ആലിശേരി പനയ്ക്കല്‍ ബംഗഌവില്‍ അബ്ദുല്ലക്കുട്ടിയാണു ഭര്‍ത്താവ്. മക്കള്‍: ഡോ. ആരിഫ, ഡോ. സലാഹുദീന്‍, അഡ്വ. സാദിക്ക, അഡ്വ. റഷീദ. മരുമക്കള്‍: എം. സൈനുദീന്‍, ഡോ. നിസാര്‍ അഹമ്മദ്, ഷാജഹാന്‍, നാസിക്.
Advertisement

Keywords: Kerala News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.