കാസര്‍കോട്:[www.malabarflash.com] കേന്ദ്ര സര്‍ക്കാറിനെതിരെ ഇരുമുന്നണികളും നടത്തുന്ന നുണപ്രചരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ പറഞ്ഞു. ഭാരതീയ ജനതാ പാര്‍ട്ടി അഖിലേന്ത്യാ തലത്തില്‍ നടത്തുന്ന മഹാസമ്പര്‍ക്ക അഭിയാന്‍ ജില്ലാതല ശില്‍പ്പശാല കാസര്‍കോട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന ജനോപകാരപ്രദമായ നിരവധി പദ്ധതികളെ അട്ടിമറിക്കാന്‍ കേരളത്തിലെ ഇടത് വലത് മുന്നണി നേതാക്കളും ഉദ്യോഗസ്ഥരും മത്സരിക്കുകയാണ്. അതിനുള്ള നുണപ്രചരണങ്ങള്‍ ശക്തമായി അഴിച്ച് വിടുന്നുണ്ട്.
റോഡ് സുരക്ഷ, വനവല്‍ക്കരണം, തുടങ്ങിയ കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന പല പദ്ധതികളെയും കുറിച്ച് ജനങ്ങളില്‍ തെറ്റിദ്ധാരണ ഉണ്ടാക്കാന്‍ ആസുത്രിതമായ നീക്കമാണ് നടന്ന് കൊണ്ടിരിക്കുന്നത്. സുകന്യ സമൃദ്ധി യോജന, പ്രധാനമന്ത്രി സുരക്ഷാ ഭീമയോജന, പ്രധാനമന്ത്രി ഭീമ ജ്യോതിയോജന, അടല്‍ പെന്‍ഷന്‍ യോജന തുടങ്ങിയ പദ്ധതികള്‍ നടപ്പാക്കാന്‍ പല ബാങ്കുകളും വിമൂഖത കാണിക്കുന്നുണ്ട്.
ബാങ്കുകളില്‍ ജോലി ചെയ്യുന്ന ചില ഉദ്യോഗസ്ഥരാണ് ഇതിന് പിന്നില്‍. ഇരുമുന്നണികളുടെയും ഗൂഡാലോചനയുടെ ഭാഗമായാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. നരേന്ദ്രമോദി സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതികളുടെ ഗുണങ്ങള്‍ സാധാരണക്കാരന് ലഭ്യമാക്കുന്നതിന് വേണ്ടി പാര്‍ട്ടി തലത്തില്‍ മുന്‍കൈയെടുത്ത് ജനസമ്പര്‍ക്കത്തിലൂടെ പദ്ധതികള്‍ വിജയിപ്പിക്കാന്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണമെന്ന് കെ.സുരേന്ദ്രന്‍ പറഞ്ഞു.
വ്യാപാരഭവനില്‍ നടന്ന ശില്‍പ്പശാലയില്‍ ജില്ലാ പ്രസിഡണ്ട് പി.സുരേഷ്‌കുമാര്‍ ഷെട്ടി അദ്ധ്യക്ഷത വഹിച്ചു. ദേശീയ സമിതിയംഗം മടിക്കൈ കമ്മാരന്‍, സംസ്ഥാന വൈസ് പ്രസിഡണ്ട് പ്രമീള സി.നായ്ക്, സംസ്ഥാന സമിതിയംഗം എം.സഞ്ജീവ ഷെട്ടി, ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.കെ.ശ്രീകാന്ത് സംസാരിച്ചു.
Keywords: Kasaragod News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:
Post a Comment