Latest News

തല നട്ടെല്ലില്‍ കൂട്ടിച്ചേര്‍ത്ത് ഇന്ത്യന്‍ ഡോക്ടര്‍ വിസ്മയമായി

ലണ്ടന്‍: [www.malabarflash.com] ഉടലില്‍നിന്ന് ചീന്തിപ്പോയ തല തുന്നിച്ചേര്‍ത്ത് വൈദ്യശാസ്ത്രം ഒരു നേട്ടംകൂടി കൈവരിച്ചു. ബ്രിട്ടനിലെ ന്യൂകാസില്‍ റോയല്‍ വിക്ടോറിയ ഇന്‍ഫേമറി ആസ്പത്രിയിലെ ഇന്ത്യന്‍ വംശജനായ ന്യൂറോസര്‍ജന്‍ അനന്ത് കാമത്താണ് വൈദ്യശാസ്ത്രത്തിനുതന്നെ അദ്ഭുതമായ ഈ ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയയ്ക്ക് വിധേയനായ ബ്രിട്ടീഷുകാരന്‍ ടോണി കൊവാന്‍ (29) ആസ്പത്രി വിടാനുള്ള ഒരുക്കത്തിലാണ്.

കഴിഞ്ഞവര്‍ഷം സപ്തംബര്‍ ഒമ്പതിനാണ് കല്‍പ്പണിക്കാരനായ ടോണിയുടെ ജീവിതം മാറ്റിമറിച്ച അപകടമുണ്ടായത്. ന്യൂകാസിലില്‍ വെച്ച് ടോണിയുടെ കാര്‍ നിയന്ത്രണംവിട്ട് ടെലിഫോണ്‍ തൂണിലിടിച്ച് തകര്‍ന്നു. അപകടത്തില്‍ ടോണിയുടെ ഹൃദയം നിലച്ചുപോയി. പോലീസും ജീവന്‍രക്ഷാ പ്രവര്‍ത്തകരും സ്ഥലത്തെത്തി അടിയന്തരവൈദ്യസഹായം നല്‍കി ഹൃദയമിടിപ്പ് നേരെയാക്കി റോയല്‍ വിക്ടോറിയ ഇന്‍ഫേമറിയിലെത്തിച്ചു. കഴുത്തൊടിഞ്ഞ് തല സുഷുമ്‌ന നാഡിയില്‍ നിന്ന് വേര്‍പെട്ട നിലയിലായിരുന്നു. ജീവിക്കാന്‍ ഒരു സാധ്യതയുമില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി.

തലച്ചോറിന്റെ പ്രവര്‍ത്തനം നിലച്ചതായി സ്‌കാനിങ്ങില്‍ അറിഞ്ഞു. അതോടെ ജീവന്‍രക്ഷാ ഉപകരണങ്ങള്‍ മാറ്റാന്‍ തീരുമാനിച്ചു. അമ്മ പെപ്‌സിയും പത്തുവര്‍ഷമായി ടോണിയുെട പങ്കാളിയായ കാരന്‍ ഡോസനും കുടുംബാംഗങ്ങളും ടോണിയ്ക്ക് വിടചൊല്ലി. അപ്പോഴാണ് അദ്ദേഹം കണ്ണുതുറന്നത്. എതാനും മസിലുകളില്‍മാത്രം താങ്ങിനിന്നിട്ടും ടോണിയുടെ തലച്ചോറിന്റെ പ്രവര്‍ത്തനം തകരാറിലായിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ മനസ്സിലാക്കി. അത്യപൂര്‍വമായ ശസ്ത്രക്രിയയിലൂടെ ലോഹത്തകിടും ബോള്‍ട്ടും ഉപയോഗിച്ച് ഡോ. അനന്ത് കുമാര്‍ ടോണിയുടെ തല സുഷുമ്‌ന നാഡിയില്‍ വീണ്ടും ഉറപ്പിച്ചു.

ഇനിയൊരിക്കലും പഴയ ജോലി ചെയ്യാനാവില്ലെങ്കിലും കണ്ണിമചിമ്മി മനസ്സിലുള്ളതറിയിക്കാനും വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ബോര്‍ഡിന്റെ സഹായത്താല്‍ പതിയെ സംസാരിക്കാനും ടോണിക്ക് കഴിയും. വീട്ടില്‍ച്ചെന്ന് പഴയപോലെ ജീവിക്കണമെന്ന ആഗ്രഹം കാരന്‍ ഡോസനുമായി വൈദ്യുതിബോര്‍ഡിലൂടെ ടോണി പങ്കുവെച്ചു. ഇപ്പോള്‍, പീറ്റര്‍ലീയിലെ ഹോതോണ്‍സ് ന്യൂറോളജിക്കല്‍ റീഹാബിലിറ്റേഷന്‍ സെന്ററിലാണ് ടോണി. വീട്ടില്‍ പോയാലും ഒട്ടേറെ ഉപകരണങ്ങള്‍വേണം ജീവീതം മുന്നോട്ടുകൊണ്ടുപോകാന്‍. അതിന് പണം കണ്ടെത്താനുള്ള ശ്രമത്തിലാണ് പെപ്‌സിയും കാരനും.

മുംബൈയില്‍നിന്ന് ന്യൂകാസിലിലേക്ക്

മുംബൈ സര്‍വകലാശാലയില്‍നിന്ന് സ്വര്‍ണമെഡലോടെ ന്യൂറോസര്‍ജറിയില്‍ എം.സി.എച്ച്. നേടി ഇന്ത്യയില്‍ ഏറെക്കാലം ജോലി ചെയ്തിട്ടാണ് ഡോ. അനന്ത് കാമത്ത് ലണ്ടനിലേക്ക് പോയത്. ബ്രിസ്റ്റളില്‍ പരിശീലനം നേടി 2007-ല്‍ എഫ്.ആര്‍.സി.എസ്. കരസ്ഥമാക്കി. യു.എസ്സിലെ യേല്‍ സര്‍വകലാശാലയില്‍ നിന്ന് സുഷുമ്‌നാചലനത്തെക്കുറിച്ച് പ്രത്യേകമായി പഠിച്ചു. ഈ വിഷയത്തിലെ പഠനത്തിന് രണ്ട് ഫെലോഷിപ്പുകളും നേടി. ഒട്ടേറെ മെഡിക്കല്‍ ജേണലുകളിലും ന്യൂറോസര്‍ജറി പാഠപുസ്തകങ്ങളിലും ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. ഇപ്പോള്‍ ന്യൂകാസില്‍ റോയല്‍ വിക്ടോറിയ ഇന്‍ഫേമറിയില്‍ കണ്‍സള്‍ട്ടന്റ് ന്യൂറോസര്‍ജന്‍. സങ്കീര്‍ണമായ സുഷുമ്‌ന ശസ്ത്രക്രിയകളാണ് ഇദ്ദേഹത്തിന്റെ ഇഷ്ടമേഖല.

Advertisement


Keywords: World News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.