Latest News

കണ്ണീര്‍മഴയില്‍ പിഞ്ചോമനകള്‍ക്ക് യാത്രാമൊഴി

കോതമംഗലം:[www.malabarflash.com] തോരാതെ പെയ്ത കണ്ണീര്‍മഴയില്‍ പിഞ്ചോമനകള്‍ക്ക് നാടിന്‍െറ യാത്രാമൊഴി. കോതമംഗലം നെല്ലിമറ്റം കോളനിപ്പടിയില്‍ സ്കൂള്‍ ബസിന് മുകളില്‍ മരം വീണുണ്ടായ അപകടത്തില്‍ മരിച്ച കറുകടം വിദ്യാവികാസ് സ്കൂളിലെ പിഞ്ചോമനകളില്‍ നാലുപേര്‍ക്കാണ് ശനിയാഴ്ച നാട് കണ്ണീരോടെ വിടചൊല്ലിയത്. 

കുടമുണ്ട കാരോത്തുകുഴി ജാബിറിന്‍െറ മകന്‍ അമീന്‍ (എട്ട്), വാരപ്പെട്ടി ഇഞ്ചൂര്‍ ആലങ്ങാമോളത്ത് അബീഷിന്‍െറ മകള്‍ കൃഷ്ണേന്ദു (അഞ്ച്), നെല്ലിമറ്റം ചിറ്റായത്ത് എല്‍ദോയുടെ മകള്‍ ഇസ സാറ (11), കുത്തുകുഴി മാരമംഗലം മത്തന്‍മുകളേല്‍ ജഗ്ഗിയുടെ മകന്‍ ജോഹന്‍ (13) എന്നിവരുടെ സംസ്കാരമാണ് ശനിയാഴ്ച നടന്നത്. ഊന്നുകല്‍ പുന്നയ്ക്കല്‍ അനീഷിന്‍െറ മകള്‍ ഗൗരിയുടെ (10) സംസ്കാര ചടങ്ങുകള്‍ വിദേശത്തുള്ള ബന്ധുക്കള്‍ എത്തിയശേഷം ഞായറാഴ്ച രാവിലെ 10ന് വീട്ടുവളപ്പില്‍ നടക്കും.
അപകടത്തില്‍ മരിച്ച കുരുന്നുകളുടെ വീടുകളിലേക്ക് പ്രവഹിച്ച നൂറുകണക്കിനാളുകളുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങുകള്‍. അമീന്‍ ജാബിറിന്‍െറ മൃതദേഹമാണ് രാവിലെ 11 ഓടെ ആദ്യം ഖബറടക്കിയത്. വീട്ടുമുറ്റത്ത് പൊതുദര്‍ശനത്തിന് വെച്ച മൃതദേഹം കാണാന്‍ കുടമുണ്ടയിലെ വീട്ടിലേക്ക് വിദ്യാവികാസ് സ്കൂളിലെ സഹപാഠികളും അധ്യാപകരുമത്തെിയതോടെ ദു:ഖം അണപ്പൊട്ടിയൊഴുകി.

മൃതദേഹത്തെ കെട്ടിപ്പിടിച്ച് സ്കൂള്‍ ആയ ഗ്രേസിയുടെ വിലാപം വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും കണ്ടുനില്‍ക്കാന്‍ കഴിഞ്ഞില്ല. ഗള്‍ഫില്‍നിന്ന് പിതൃസഹോദരന്‍ എത്തിയശേഷമാണ് മൃതദേഹം അന്ത്യകര്‍മങ്ങള്‍ പൂര്‍ത്തിയാക്കി പുലിക്കുന്നേപ്പടി ജുമാമസ്ജിദിലേക്ക് എടുത്തത്. മൃതദേഹം അവസാന നോക്കുകാണാന്‍ മാതാവ് ഷബ്നയെ അരികിലത്തെിച്ചതോടെ കൂട്ടക്കരച്ചില്‍ ഉയര്‍ന്നു. യമീന്‍ ജാബിര്‍ ഏക സഹോദരിയാണ്.
മരിച്ചവരില്‍ ഏറ്റവും പ്രായം കുറഞ്ഞ കൃഷ്ണേന്ദുവിന്‍െറ മൃതദേഹം വീട്ടുവളപ്പില്‍ സംസ്കരിച്ചു. ഇഞ്ചൂര്‍ അമ്പലപ്പടിക്ക് സമീപത്തെ വീട്ടില്‍ കൃഷ്ണേന്ദുവിന്‍െറ മൃതദേഹം അവസാന നോക്ക് കാണാന്‍ മഴ അവഗണിച്ചും നൂറുകണക്കിന് ആളുകള്‍ എത്തി. വര്‍ഷയാണ് മാതാവ്. ഏക സഹോദരന്‍: കൃഷ്ണാനന്ദ് (ഒന്നര). പിതാവ് അബീഷ് വാരപ്പെട്ടി സഹകരണ സംഘം ജീവനക്കാരനാണ്. 

ഇസാ സാറയുടെ മൃതദേഹം വീട്ടിലെ അന്ത്യകര്‍മങ്ങള്‍ക്കുശേഷം നെല്ലിമറ്റം സെന്‍റ് ജോണ്‍സ് പള്ളിസെമിത്തേരിയില്‍ സംസ്കരിച്ചു. സംസ്കാരത്തിന് കത്തോലിക്ക ബാവ ബസേലിയോസ് തോമസ് പ്രഥമന്‍ പങ്കെടുത്തു. കോതമംഗലം ബസേലിയോസ് ആശുപത്രിയിലെ നഴ്സ് ജ്യോതിസാണ് മാതാവ്. 

ജോഹന്‍െറ മൃതദേഹം ശനിയാഴ്ച 2.30ഓടെ മാരമംഗലം ഗീവര്‍ഗീസ് പള്ളിയിലും നടന്നു. വീട്ടില്‍ നടന്ന സംസ്കാര ശുശ്രൂഷകള്‍ക്ക് ആര്‍ച് ബിഷപ് മാര്‍ ആലഞ്ചേരി നേതൃത്വം നല്‍കി. മജ്ഞുവാണ് ജോഹന്‍െറ മാതാവ്. സഹോദരി ജുവല്‍. 

മന്ത്രി പി.ജെ. ജോസഫ്, എം.എല്‍.എമാരായ ടി.യു. കുരുവിള, ബെന്നി ബഹനാന്‍, ജോസഫ് വാഴക്കന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ആദരസൂചകമായി കോതമംഗലം നെല്ലിമറ്റം ഊന്നുകല്‍ പ്രദേശങ്ങളില്‍ ശനിയാഴ്ച വ്യാപാര സ്ഥാപനങ്ങള്‍ ഉച്ചവരെ പ്രവര്‍ത്തിച്ചില്ല. ഗൗരിയുടെ പിതാവ് അനീഷ് തിരുവനന്തപുരം ആനാട് എസ്.എന്‍.ഡി. എച്ച്.എസ്.എസിലെ അധ്യാപകനാണ്. മാതാവ്: ഷീബ. സഹോദരങ്ങള്‍: ദേവ സാരംഗ്, കേശു.



Keywords: Kerala News,  Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.