Latest News

സ്വര്‍ണ ടോയ്‌ലറ്റ് : ആരോപണം തെളിയിച്ചാല്‍ രാജിയെന്നു തുര്‍ക്കി പ്രസിഡന്റ്

ഇസ്താംബൂള്‍: [www.malabarflash.com] ആര്‍ഭാടജീവിതത്തിന്റെ പേരില്‍ കടുത്ത വിമര്‍ശനം ഏറ്റുവാങ്ങുന്ന തുര്‍ക്കി പ്രസിഡന്റ് തയ്യിപ് ഏര്‍ദോഗാന്‍ ഒടുവില്‍ പ്രതിപക്ഷത്തിനു ചുട്ടമറുപടിയുമായി രംഗത്തെത്തി. 1150 മുറികളുള്ള തന്റെ കൊട്ടാരത്തിലെ ടോയ്‌ലറ്റിലെ സീറ്റുകള്‍ സ്വര്‍ണം പൂശിയതാണെന്നു തെളിയിച്ചാല്‍ രാജിവയ്ക്കാമെന്നാണ് എര്‍ദോഗന്റെ വാഗ്ദാനം. കൊട്ടാരത്തിലെ ശുചിമുറികളില്‍ പരിശോധന നടത്താന്‍ പ്രതിപക്ഷ സെക്കുലര്‍ പാര്‍ട്ടി നേതാവ് കമാല്‍ കിലികഡ്രലോവിനെ അദ്ദേഹം ക്ഷണിച്ചു.

ഞായറാഴ്ച നടക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചാരണത്തിനിടെയാണ് റിപ്പബ്ലിക്ക് പീപ്പിള്‍സ് പാര്‍ട്ടിയുടെ (സിഎച്ച്പി) നേതാവ് കമാല്‍ പ്രസിഡന്റിന്റെ ആര്‍ഭാടജീവിതത്തെ അതിശക്തമായി വിമര്‍ശിച്ചത്.

കൊട്ടാരങ്ങള്‍ കെട്ടിയും വിമാനങ്ങള്‍ വാങ്ങിയും മെഴ്‌സിഡസ് കാറുകള്‍ സ്വന്തമാക്കിയും സ്വര്‍ണക്കസേര കക്കൂസായി ഉപയോഗിച്ചും അങ്കാറയിലെ മാന്യന്‍ ഭരണം തുടരുകയാണെന്ന് ശനിയാഴ്ച ഇസ്മിറില്‍ നടന്ന യോഗത്തില്‍ കമാല്‍ ആരോപിച്ചു. ഓഗസ്റ്റില്‍ നടന്ന തെരഞ്ഞെടുപ്പില്‍ വിജയിച്ചതിനു പിന്നാലെയാണ് 1150 മുറികളുള്ള, ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച ധവളകൊട്ടാരത്തിലേക്ക് എര്‍ദോഗാന്‍ മാറിത്താമസിച്ചത്.

തുര്‍ക്കിയുടെ തലസ്ഥാനത്തെ ഒരു കുന്നിന്‍മുകളിലാണ് ആര്‍ഭാടവും ആധുനികതയും ഒത്തിണങ്ങുന്ന പുതിയ കൊട്ടാരം. വൈറ്റ്പാലസ് എന്ന അപരനാമത്തിലാണ് ഇത് അറിയപ്പെടുന്നത്. മുന്‍കാല പ്രസിഡന്റുമാര്‍ ചെറിയൊരു കൊട്ടാരത്തിലാണ് താമസിച്ചിരുന്നത്. എന്നാല്‍ പുതിയൊരു തുര്‍ക്കി എന്ന വാഗ്ദാനവുമായി അധികാരത്തിലേറിയ എര്‍ദോഗാന്‍ രാജ്യത്തെ അടിമുടി പരിഷ്‌കരിക്കാനൊരുങ്ങുകയാണ്.
Advertisement

Keywords: Kerala News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.