Latest News

ഉമ്മയും മൂന്ന് പെണ്‍മക്കളും വീട്ടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍

ബാലുശ്ശേരി: [www.malabarflash.com] ഉമ്മയുടെയും മൂന്നു പെണ്‍കുട്ടികളുടെയും മൃതദേഹം വീട്ടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. വള്ളിയോത്ത് തൊടിയങ്ങല്‍ താമസിക്കുന്ന എലത്തൂര്‍ തൈത്തോട്ടത്തില്‍ ഷിഹാബിന്റെ ഭാര്യ നസില (30), മക്കളായ ഹെന്ന ഫാത്തിമ (10), ഇരട്ടക്കുട്ടികളായ നഷ്‌വ, തഷ്‌വ (മൂന്നര) എന്നിവരുടെ മൃതദേഹമാണ് ഞായറാഴ്ച രാവിലെ വീട്ടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. പരേതനായ മുണ്ടോത്ത് തെക്കെപുല്ലാക്കണ്ടി മമ്മത്‌കോയയുടെ മകളാണു നസില.

കുട്ടികള്‍ക്കു സുഖമില്ലെന്നു കഴിഞ്ഞ രാത്രി നസില എലത്തൂരിലെ ഷിഹാബിന്റെ ബന്ധുവിനെ ഫോണില്‍ വിളിച്ചറിയിച്ചിരുന്നു. അവിടെ നിന്നു വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ഷിഹാബിന്റെ വള്ളിയോത്തുള്ള അമ്മാവന്‍ വീട്ടിലെത്തിയപ്പോഴാണു വീടിനുള്ളില്‍ തീ ആളിപ്പടരുന്നതു കണ്ടത്. വാതിലുകളെല്ലാം ഉള്ളില്‍ നിന്നു പൂട്ടിയ നിലയിലായിരുന്നു. ഉടന്‍ തന്നെ നാട്ടുകാര്‍ അടുക്കളവശത്തെ വാതില്‍ ചവിട്ടിപ്പൊളിച്ച് ഉള്ളില്‍ കടന്നു തീ കെടുത്താനുള്ള ശ്രമം തുടങ്ങി.

അപ്പോഴേക്കും ഫയര്‍ ഫോഴ്‌സും പൊലീസും സ്ഥലത്തെത്തിയിരുന്നു. തീയണച്ചു മുറിയില്‍ പ്രവേശിച്ചപ്പോഴേക്കും നാലു പേരും പൂര്‍ണമായി കത്തിക്കരിഞ്ഞിരുന്നു. വീടിന്റെ മേല്‍ക്കൂര വരെ കത്തിയമര്‍ന്നു. തയ്യല്‍ മെഷീനും വസ്ത്രങ്ങളുമടക്കം ഒട്ടേറെ വസ്തുക്കള്‍ മുറിയില്‍ ഉണ്ടായിരുന്നു. ഓടുകളും ജനല്‍ച്ചില്ലുകളും ചൂടില്‍ പൊട്ടിത്തെറിച്ചു. ഇരട്ടകളായ കുഞ്ഞുങ്ങള്‍ കെട്ടിപ്പിടിച്ച നിലയിലും ഉമ്മയുടെയും മൂത്ത മകളുടെയും മൃതദേഹങ്ങള്‍ മുറിയില്‍ രണ്ടിടത്തുമായിട്ടാണു കിടന്നിരുന്നത്.

ഒരു മാസം മുന്‍പു കുവൈത്തില്‍ നിന്നു നാട്ടിലെത്തിയെന്നു പറയുന്ന ഷിഹാബ് നാലു ദിവസം മുന്‍പാണു ബിസിനസ് ആവശ്യത്തിനായി ഡല്‍ഹിയിലേക്കെന്നു പറഞ്ഞു വീട്ടില്‍ നിന്ന് ഇറങ്ങിയത്. മൂന്നു വര്‍ഷം മുന്‍പാണ് ഇവര്‍ വള്ളിയോത്ത് താമസം തുടങ്ങിയത്. സംസ്‌കാര ചടങ്ങുകള്‍ക്കു ഷിഹാബ് എത്തിയിരുന്നുമില്ല.

മകളുടെയും കുട്ടികളുടെയും മരണത്തെ കുറിച്ചു സമഗ്ര അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഉമ്മ കുഞ്ഞായിഷ പൊലീസില്‍ പരാതി നല്‍കി. നസിലയുടെ സഹോദരങ്ങള്‍: നഫീസ, സുബൈദ, ഷരീഫ, സുഹറ, ലൈല, നജ്മ, ഷാജി (കുവൈത്ത്)

വിരലടയാള വിദഗ്ധര്‍ വീട്ടിലെത്തി തെളിവെടുത്തു. ഡിവൈഎസ്പി ആര്‍.ശ്രീകുമാര്‍ സ്ഥലത്തെത്തിയിരുന്നു. അസ്വാഭാവിക മരണത്തിനു പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.