Latest News

വെള്ളക്കെട്ടില്‍ വീണ് സഹോദരങ്ങള്‍ മുങ്ങി മരിച്ചു

നെടുങ്കണ്ടം: വീടിനു സമീപത്തെ വെള്ളക്കെട്ടില്‍ വീണു സഹോദരങ്ങള്‍ മുങ്ങി മരിച്ചു. പുഷ്പകണ്ടം അണക്കരമെട്ട് അറയ്ക്കല്‍ വിനോദിന്റെ മക്കളായ അഭിമന്യു (14), അനന്യ (ഏഴ്) എന്നിവരാണു മരിച്ചത്.

ഞായറാഴ്ച വൈകുന്നേരം അഞ്ചരയോടെ, വീട്ടില്‍ മുതിര്‍ന്നവര്‍ ഇല്ലാതിരുന്ന സമയത്താണ് അപകടം. അണക്കരമെട്ടില്‍ വാടകയ്ക്കു താമസിക്കുന്ന വിനോദിന്റെ വീടിനു സമീപം ചെക്ക് ഡാം നിര്‍മിക്കുന്നതിനായി കുഴിച്ച സ്ഥലത്തെ വെള്ളക്കെട്ടിലാണു കുട്ടികള്‍ മുങ്ങി മരിച്ചത്. തറവാട്ടില്‍ നടന്ന കുടുംബയോഗത്തില്‍ പങ്കെടുത്തശേഷം വിനോദിന്റെ മൂന്നു മക്കള്‍ വീട്ടിലേക്കു വരികയായിരുന്നു. ഈ സമയം വിനോദും ഭാര്യ ഷൈലജയും തൂക്കുപാലത്തു സാധനങ്ങള്‍ വാങ്ങാന്‍ പോയിരുന്നു. വീട്ടിലെത്തിയശേഷം മുതിര്‍ന്ന കുട്ടിയും ഇളയ കുട്ടിയും കുളിക്കാന്‍ പോയി. ഏറെ കഴിഞ്ഞിട്ടും ഇരുവരും തിരികെ എത്താതിരുന്നതില്‍ പരിഭ്രാന്തയായ രണ്ടാമത്തെ കുട്ടി അജന്യ ബഹളംവച്ചതിനെത്തുടര്‍ന്നു സമീപവാസികളെത്തി നടത്തിയ തിരച്ചിലിലാണ് ഇരുവരെയും കണ്ടെത്തിയത്.

അനന്യ സംഭവസ്ഥലത്തും അഭിമന്യു ആശുപത്രിയിലേക്കുള്ള മാര്‍ഗമധ്യേയും മരിച്ചു. അഭിമന്യു കല്ലാര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയും അനന്യ പുഷ്പകണ്ടം ഗവ. എല്‍പി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയുമാണ്. മൃതദേഹങ്ങള്‍ തൂക്കുപാലത്തെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.