Latest News

ഓണ വിളമ്പരവുമായി അത്തമെത്തി

കൊച്ചി: [www.malabarflash.com] വര്‍ണാഭവും സമൃദ്ധവുമായ ഓണാഘോഷത്തിന്റെ വിളമ്പരമായി അത്തമെത്തി. അത്തത്തിന്റെ വരവരിയിച്ച് പൂവിപണിയും സജീവമായി.

അന്യസംസ്ഥാനത്ത് കൃഷിചെയ്തുണ്ടാക്കുന്ന പൂക്കളാണു കേരള വിപണി കീഴടക്കുന്നത്. ബാംഗ്ലൂര്‍,ഹൊസൂര്‍ ,ഗുണ്ടല്‍പേട്ട്,കൊയമ്പത്തൂര്‍, ഡിണ്ടികല്‍ എന്നിവിടങ്ങളില്‍ നിന്നാണ് പൂക്കള്‍ കേരള വിപണിയിലെത്തുന്നത്.

വെള്ള,മഞ്ഞ നിറങ്ങളിലുള്ള ജമന്തി,മഞ്ഞ,ചുവന്ന നിറങ്ങളിലുള്ള ചെണ്ടുമല്ലി,ചുവന്ന വെള്ള നിറങ്ങളിലുള്ള അളരിപ്പൂവ്, വാടാര്‍മല്ലി, കോഴിപ്പൂവ്, വിവിധ വര്‍ണങ്ങളിലുള്ള റോസ് തുടങ്ങിയവയാണ് അത്തത്തിന്റെ വരവറിയിച്ച് വിപണിയിലെത്തിയത്. ഓരോയിടങ്ങളിലും ധാരാളം പൂക്കച്ചവടകേന്ദ്രങ്ങളാണു തുറന്നിട്ടുള്ളത്. 

വില കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കൂടുതലാണ്. വെള്ള ജമന്തി കിലോക്ക് 200 രൂപയും,മഞ്ഞ ജമന്തി 150 ഉം,അരളിപ്പൂവ് നൂറും ,വാടാര്‍മല്ലി 120ഉം,കോഴിപ്പൂവ് 80ഉം, ചെണ്ടുമല്ലി 60 എന്നിങ്ങനെയാണ് വിപണിവില.
400 രൂപ കിലോക്ക് വിലയുള്ള കടും ചുകപ്പ് നിറത്തിലുള്ള അരളിപ്പൂവാണ് ഇത്തവണത്തെ പൂവിപണിയിലെ താരം. സാധാരണ വീടുകളിലെ പൂക്കളമൊരുക്കുന്നതിനായി മുപ്പത് രൂപ വിലയുള്ള വിവിധ പൂക്കളടങ്ങിയ കിറ്റും വിപണിയില്‍ ലഭ്യമാണ്. വിദ്യാലയങ്ങളിലും ഓഫീസുകളിലും ക്ലബുകളിലും നടത്തുന്ന ഓണാഘോഷത്തിന്റെ ഭാഗമായുള്ള പൂക്കള മത്സരങ്ങളാണ് കച്ചവടക്കാരുടെ പ്രതീക്ഷ. 

അടുത്ത പത്ത് ദിവസവും പൂ വിപണി സജീവമായുണ്ടാകും. വന്‍ തോതില്‍ പൂക്കളെത്തിച്ച് ചില കേന്ദ്രങ്ങളില്‍ ശേഖരിച്ച് വിവിധ ഇടങ്ങളിലായാണ് കച്ചവടം നടത്തുന്നത്.
അതിനിടെ കൊച്ചി രാജഭരണ കാലത്തെ സ്മരണകളുണര്‍ത്തി അത്തം ഘോഷയാത്ര തുടങ്ങി. ചരിത്രത്തിന്റെ ഏടുകളില്‍ അത്തച്ചമയമെന്നറിയപ്പെടുന്ന ഘോഷയാത്രയില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കലാകാരന്മാര്‍ പങ്കെടുക്കുന്നുണ്ട്. ഇതോടെ സംസ്ഥാനത്ത് ഓണാഘോഷത്തിന് ഔദ്യോഗിക തുടക്കമായി. തൃപ്പൂണിത്തുറ ഗവ.ബോയ്‌സ് ഹൈസ്‌കൂളില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ പി സദാശിവം അത്താഘോഷം ഉദ്ഘാടനം ചെയ്തു. മന്ത്രി കെ.ബാബു അധ്യക്ഷത വഹിച്ചു.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.