Latest News

തിരുവനന്തപുരം, കോഴിക്കോട് കോര്‍പറേഷന്‍ വിഭജനം റദ്ദാക്കി

കൊച്ചി: [www.malabarflash.com] തിരുവനന്തപുരം, കോഴിക്കോട് കോര്‍പറേഷനുകള്‍ വിഭജിച്ചു പുതിയ മുനിസിപ്പാലിറ്റികള്‍ രൂപീകരിക്കാനുള്ള സര്‍ക്കാര്‍ വിജ്ഞാപനം ഹൈക്കോടതി റദ്ദാക്കി.

കോര്‍പറേഷനുകള്‍ വിഭജിച്ചു മുനിസിപ്പാലിറ്റിയാക്കുന്ന നടപടി ഭരണഘടനാ വിരുദ്ധമാണെന്നു വിലയിരുത്തിയാണു ജസ്റ്റീസ് എ.വി. രാമകൃഷ്ണപിള്ളയുടെ ഉത്തരവ്.

എന്നാല്‍, പഞ്ചായത്തുകള്‍ മുനിസിപ്പാലിറ്റിയാക്കുന്നതും മുനിസിപ്പാലിറ്റികള്‍ കോര്‍പറേഷനുകള്‍ ആക്കുന്നതും നിയമപരമാണെന്നു കോടതി വ്യക്തമാക്കി. കോഴിക്കോ ട് മുന്‍ മേയറും മറ്റും സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിച്ചാണു ഹൈക്കോടതിയുടെ തീരുമാനം.

തിരുവനന്തപുരം കോര്‍പറേഷനിലെ ചില വാര്‍ഡുകള്‍ വിഭജിച്ചു കഴക്കൂട്ടം മുനിസിപ്പാലിറ്റി രൂപീകരിക്കുന്നതും കോഴിക്കോട് കോര്‍പറേഷനിലെ വാര്‍ഡുകള്‍ വിഭജിച്ചു ചെറുവണ്ണൂര്‍-നല്ലളം, ഏലത്തൂര്‍, ബേപ്പൂര്‍ മുനിസിപ്പാലിറ്റികള്‍ രൂപീകരിക്കുന്നതും ചോദ്യംചെയ്താണു ഹര്‍ജിക്കാര്‍ ഹൈക്കോടതിയിലെത്തിയത്.

പൊതുജനാവശ്യം മുന്‍ നിര്‍ത്തിയാണു നടപടികളെന്നായിരുന്നു സര്‍ക്കാരിന്റെ വാദം. കോര്‍പറേഷന്‍ മുനിസിപ്പാലിറ്റിയാക്കി മാറ്റാന്‍ സര്‍ക്കാരിന് അധികാരമില്ലെന്നു കോടതി വ്യക്തമാക്കി. പഞ്ചായത്ത് മുനിസിപ്പാലിറ്റി ആക്കുന്നതിനും മുനിസിപ്പാലിറ്റിയുടെ പദവി ഉയര്‍ത്തി കോര്‍പറേഷന്‍ ആക്കുന്നതിനുമാണ് അധികാരമുള്ളത്. മുന്‍ സര്‍ക്കാരിന്റെ തീരുമാനം റദ്ദാക്കുന്ന തരത്തിലുള്ള നടപടി നിലനില്‍ക്കില്ലെന്നും കോടതി പറഞ്ഞു. വരുമാനം, കാര്‍ഷികേതര തൊഴില്‍, ജനസംഖ്യ എന്നിവ പരിഗണിച്ചാണു സര്‍ക്കാര്‍ തീരുമാനം എടുത്തതെന്ന വാദം ശരിയല്ലെന്നും കോടതി പറഞ്ഞു.

തളിപ്പറമ്പ് മുനിസിപ്പാലിറ്റി വിഭജിക്കാനുള്ള നടപടിയും മുക്കം, കൊടുവള്ളി, മാനന്തവാടി, പാനൂര്‍, മുനിസിപ്പാലിറ്റികളുടെ രൂപവത് കരണവും കണ്ണൂര്‍ മുനിസിപ്പാലിറ്റിയും അഞ്ചു പഞ്ചായത്തുകളും ചേര്‍ത്തു കണ്ണൂര്‍ കോര്‍പറേഷന്‍ രൂപവത്കരിക്കാനുള്ള തീരുമാനവും കോടതി ശരിവച്ചു.

കൊല്ലം മുനിസിപ്പാലിറ്റിയോടു തൃക്കടവൂര്‍ പഞ്ചായത്ത് വാര്‍ഡുകള്‍ കൂട്ടിചേര്‍ക്കുന്ന നടപടി ചോദ്യംചെയ്യുന്ന ഹര്‍ജി കോടതി തള്ളി.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.