Latest News

പാസ്‌പോര്‍ട്ട് പുതുക്കാന്‍ ഇനി പൊലീസ് വെരിഫിക്കേഷന്‍ വേണ്ട

ന്യൂഡല്‍ഹി: [www.malabarflash.com] പാസ്‌പോര്‍ട്ട് പുതുക്കാന്‍ പൊലീസ് വെരിഫിക്കേഷന്റെ ആവശ്യമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റിനെ അറിയിച്ചു. ആദ്യ തവണ പാസ്‌പോര്‍ട്ട് നല്‍കുന്നത് കൃത്യമായ പൊലീസ് വെരിഫിക്കേഷന്റെ അടിസ്ഥാനത്തിലാണ്. അതിനാല്‍ പുതുക്കുന്ന സമയത്ത് ഇത് ആവശ്യമില്ലെന്നു ലോക്‌സഭയില്‍ വിദേശകാര്യ സഹമന്ത്രി വി.കെ സിങ് രേഖാമൂലം മറുപടി നല്‍കി.

പാസ്‌പോര്‍ട്ട് പുതുക്കാന്‍ അപേക്ഷ നല്‍കിയവര്‍ക്ക് ഏറെ പ്രയോജനകരമായ തീരുമാനമാണിത്. പൊലീസ് വെരിഫിക്കേഷന്‍ നിര്‍ബന്ധമാണെന്ന നിബന്ധന പലരുടേയും അപേക്ഷകള്‍ പരിഗണിക്കുന്നതില്‍ കാലതാമസം വരുത്തിയിരുന്നു. നിലവിലെ ചട്ടങ്ങളനുസരിച്ച് ചെറിയ കുട്ടികള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, മുതിര്‍ന്ന പൗരന്‍മാര്‍ എന്നിവരെ പാസ്‌പോര്‍ട്ട് അപേക്ഷക്കായി പൊലീസ് വെരിഫിക്കേഷനില്‍ നിന്നു നിബന്ധനകള്‍ക്കു വിധേയമായി ഒഴിവാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേ സമയം അടിയന്തര യാത്രകള്‍ക്കായി നല്‍കുന്ന തത്കാല്‍ പാസ്‌പോര്‍ട്ടുകള്‍ നിര്‍ത്തലാക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പാസ്‌പോര്‍ട്ട് വിതരണത്തിലുണ്ടായ മൊത്തത്തിലുള്ള പുരോഗതി കാരണം തത്കാല്‍ പാസ്‌പോര്‍ട്ടുകളുടെ എണ്ണം 2012-13 വര്‍ഷം 11 ശതമാനമായിരുന്നത് 2014-15ല്‍ ആറ് ശതമാനമായി കുറഞ്ഞതായും അദ്ദേഹം പറഞ്ഞു. 

അതേ സമയം പാസ്‌പോര്‍ട്ടിനായുള്ള പൊലീസ് വെരിഫിക്കേഷന്‍ രാജ്യം മുഴുവന്‍ ഓണ്‍ലൈന്‍ ആക്കുന്നതിനായുള്ള ശ്രമം ആഭ്യന്തര മന്ത്രാലയം ആരംഭിച്ചിട്ടുണ്ട്. ഇതുവഴി പാസ്‌പോര്‍ട്ട് ലഭിക്കാനുള്ള കാലതാമസം ഒരു മാസത്തില്‍ നിന്നു ഒരാഴ്ചയായി കുറക്കാനാവുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം കണക്കു കൂട്ടുന്നു. 

നവംബറില്‍ ബംഗളൂരുവിലാണ് ഓണ്‍ലൈന്‍ പൊലീസ് വെരിഫിക്കേഷന്‍ പദ്ധതിക്ക് തുടക്കമാവുക. ഇതു പ്രകാരം ജില്ലാ പൊലീസ് മേധാവി (എസ്.പി, ഡി.സി.പി) ദേശീയ ജനസംഖ്യ രജിസ്റ്റര്‍, ആധാര്‍ കാര്‍ഡ്, ക്രൈം ആന്റ് ക്രിമിനല്‍ ട്രാക്കിങ് നെറ്റ്‌വര്‍ക് സിസ്റ്റം (സി.സി.ടി.എന്‍.എസ്) എന്നിവ പരിശോധിച്ചാണ് അപേക്ഷാര്‍ത്ഥിയുടെ അഡ്രസ്, ക്രിമിനല്‍ റെക്കോര്‍ഡ് എന്നിവ പരിശോധിക്കുക.




Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.