Latest News

70 കോടിയുടെ സാമ്പത്തികത്തട്ടിപ്പ് കേസ്: തിരുപ്പതിക്ഷേത്ര മുന്‍ മാനേജറായ കാഞ്ഞങ്ങാട് സ്വദേശി അറസ്റ്റില്‍

കാഞ്ഞങ്ങാട്: [www.malabarflash.com] തിരുപ്പതി ക്ഷേത്രത്തിലെ 70 കോടിരൂപയുടെ സാമ്പത്തികത്തട്ടിപ്പ് കേസില്‍ പ്രതിചേര്‍ക്കപ്പെട്ട കാഞ്ഞങ്ങാട് സ്വദേശിയെ ആന്ധ്ര പോലീസ് അറസ്റ്റു ചെയ്തു. അമ്പലത്തറ മൂന്നാംമൈലിലെ സുധാകര്‍ പൈ (63)യെയാണ് ആന്ധ്രപ്രദേശില്‍ നിന്നെത്തിയ ക്രൈംബ്രാഞ്ച് പോലീസ് അറസ്റ്റുചെയ്തത്.

ക്ഷേത്രം അധികാരി സുധീന്ദ്രതീര്‍ഥസ്വാമി നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഇവിടത്തെ മഠാധിപതിയായ രാഘവേന്ദ്രതീര്‍ഥ സ്വാമിയുടെ പേരില്‍ പോലീസ് കേസെടുത്തിരുന്നു. രാഘവേന്ദ്രതീര്‍ഥസ്വാമി ക്ഷേത്രഭരണം നടത്തിയ കാലയളവിലാണ് സുധാകര്‍പൈ തിരുപ്പതി ക്ഷേത്രത്തിന്റെ മാനേജരായി ജോലി നോക്കിയിരുന്നത്.

രാഘവേന്ദ്രതീര്‍ഥസ്വാമിയും സുധീന്ദ്രതീര്‍ഥസ്വാമിയും തമ്മിലുള്ള കേസില്‍, സുപ്രീംകോടതി സുധീന്ദ്രതീര്‍ഥയ്ക്ക് അനുകൂലവിധി പുറപ്പെടുവിച്ചിരുന്നു. തുടര്‍ന്നാണ് ക്ഷേത്രത്തിലെ സാമ്പത്തിക ക്രമക്കേട് ചൂണ്ടിക്കാട്ടി സുധീന്ദ്രതീര്‍ഥ സ്വാമി പോലീസില്‍ പരാതി നല്കിയത്. 

എട്ടുവര്‍ഷത്തോളം ഇവിടെ മാനേജരായിരുന്നു അറസ്റ്റിലായ സുധാകര്‍ പൈ. ഈ കാലയളവില്‍ ക്ഷേത്രത്തില്‍ കിട്ടിയ വരുമാനമെല്ലാം രാഘവേന്ദ്രതീര്‍ഥയെ നേരിട്ട് ഏല്പിക്കുകയാണ് ചെയ്തതെന്ന് സുധാകര്‍പൈ പോലീസിന് മൊഴിനല്കി. ക്ഷേത്രവരുമാനം ബാങ്കിലടയ്ക്കുകയെന്ന നടപടിക്രമത്തില്‍നിന്ന് വ്യതിചലിച്ചതിനാണ് സുധാകര്‍പൈക്കെതിരെ കേസെടുത്തതെന്ന് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. എസ്.രാംമോഹന്‍ പറഞ്ഞു.

സുധാകര്‍ പൈയെ അടുത്തദിവസംതന്നെ ചിറ്റൂര്‍ കോടതിയില്‍ ഹാജരാക്കുമെന്നും അദ്ദേഹം അറിയിച്ചു. ഡിവൈ.എസ്.പി.ക്കുപുറമെ രണ്ട് ക്രൈംബ്രാഞ്ച് ഇന്‍സ്‌പെക്ടറും ആന്ധ്ര പോലീസ് സംഘത്തിലുണ്ടായിരുന്നു. അമ്പലത്തറ പോലീസ് സ്റ്റേഷനിലെത്തിയ സംഘം ഇവിടത്തെ അഡീഷണല്‍ എസ്.ഐ. കെ.വി.കൃഷ്ണനൊപ്പം എത്തിയാണ് സുധാകര്‍പൈയെ അറസ്റ്റു ചെയ്തത്.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.