Latest News

നിതാഖാത്: നാല്‍വര്‍ സംഘം പച്ചക്കറിക്കട തുടങ്ങി മാതൃകയാകുന്നു

Gulf, Malappuram, Saudi Arabia, Nitaqat
മലപ്പുറം: സൗദി സ്വദേശിവല്‍ക്കരണത്തെ തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെട്ട് കേരളത്തിലെത്തിയ നാല്‍വര്‍ സുഹൃത്ത് സംഘം മാതൃകയാകുന്നു. ജോലി നഷ്ടപ്പെട്ടെത്തിയ നാലുപേരും മലപ്പുറം കൊണ്ടോട്ടിയില്‍ പഴം പച്ചക്കറിക്കട തുടങ്ങിയാണ് നിര്‍ഭാഗ്യത്തെ തോല്‍പ്പിക്കാന്‍ ശ്രമിക്കുന്നത്.

നെടിയിരുപ്പ് സ്വദേശികളായ ഹക്കീം, അഷ്‌റഫ്, കെ.സി മുനീര്‍ , വളമംഗലം സ്വദേശി അന്‍വര്‍ അലി എന്നിവര്‍ ചേര്‍ന്നാണ് കോളനിറോഡില്‍ കൊണ്ടോട്ടി ദേശീയപാതയോരത്ത് പ്രവാസി ഫ്രൂട്ട്‌സ് ആന്‍ഡ് വെജിറ്റബിള്‍സ് ഷോപ്പ് തുടങ്ങിയിരിക്കുന്നത്. നിതാഖാത്തിന്റെ ഇരകളാണെങ്കിലും ഇവര്‍ക്ക് ഇപ്പോള്‍ നിരാശയില്ല.

നാലുപേരും സൌദിയിലും നാട്ടിലും സുഹൃത്തുക്കളാണ്. അഷ്‌റഫിന് ജിദ്ദയിലെ റാബികില്‍ മല്‍സ്യ മാര്‍ക്കറ്റിലായിരുന്നു ജോലി. സൌദിവല്‍ക്കരണ നിയമം മൂലം ആറുമാസം മുന്‍പാണ് ജോലി ഉപേക്ഷിച്ച് നാട്ടിലെത്തിയത്. സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലി ചെയ്തിരുന്ന അന്‍വര്‍ 12 ദിവസം മുന്‍പും ജിദ്ദയില്‍ ഇലക്ട്രീഷ്യനായിരുന്ന ഹക്കീം നാലുമാസം മുന്‍പാണ് നാട്ടിലെത്തിയത്. മുനീര്‍ നാല് മാസം മുന്‍പ് അവധിക്ക് നാട്ടിലെത്തിയതെങ്കിലും മടക്കമുണ്ടായില്ല. 

ഹൌസ് െ്രെഡവര്‍ വീസയില്‍ സൌദിയിലെത്തിയ മുനീര്‍ വീസയിലുള്ള ജോലിയല്ല ചെയ്തിരുന്നത്. ഇനി തിരിച്ചുവരേണ്ടതില്ലെന്നാണ് സ്‌പോണ്‍സര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം. സൌദിയിലേക്കുള്ള മടക്കം ആശങ്കയിലായതോടെയാണ് നാലുപേരും കച്ചവടത്തിനിറങ്ങിയത്. വാടകമുറിയിലേക്ക് മാറ്റി കച്ചവടം വിപുലപ്പെടുത്താനാണ് ആലോചിക്കുന്നതെന്ന് നാല്‍വര്‍ സംഘം പറഞ്ഞു. നല്ല വീസ കിട്ടിയാല്‍ ഗള്‍ഫിലേക്ക് തിരിച്ചുപോകണമെന്നും സുഹൃത്തുക്കള്‍ ആഗ്രഹിക്കുന്നുണ്ട്.

Keywords: Gulf, Malappuram, Saudi Arabia, Nitaqat

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.