Latest News

ചതിക്കുഴികള്‍ തിരിച്ചറിഞ്ഞ് അവയെ പ്രതിരോധിക്കാനും പ്രതികരിക്കാനും സ്ത്രീ സമൂഹം ശക്തിയാര്‍ജിക്കണം

കാഞ്ഞങ്ങാട്:[www.malabarflash.com] 'സമൂഹത്തിലെ ചതിക്കുഴികള്‍ തിരിച്ചറിഞ്ഞ് അവയെ പ്രതിരോധിക്കാനും പ്രതികരിക്കാനും സ്ത്രീ സമൂഹം ശക്തിയാര്‍ജിക്കണമെന്ന് എപിപി അഡ്വ.ഷൈലജ മഠത്തില്‍വളപ്പില്‍ പറഞ്ഞു. ബാലഗോകുലം ജില്ലാ ഭഗിനി പ്രവര്‍ത്തകരുടെ ഏകദിന ശിബിരം ഏച്ചിക്കാനം ശ്രിഗുരുജി വിദ്യാമന്ദിരത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.

പെണ്‍കുട്ടികളുടെ ഇന്നത്തെ ദുരവസ്ഥയ്ക്ക് കാരണം ഒരു പരിധിവരെ രക്ഷിതാക്കള്‍ തന്നെയാണെന്നും അവര്‍ ഓര്‍മിപ്പിച്ചു. നവമാധ്യമങ്ങള്‍ക്കടിമപ്പെട്ട് വാട്‌സ് ആപ്പിലൂടെയും ഇന്റര്‍നെറ്റിലൂടെയുമാണ് കൗമാരക്കാരായ പെണ്‍കുട്ടികള്‍ അധികവും ചതിക്കുഴികളിലകപ്പെടുന്നത്. 

മോഹന വാഗ്ദാനങ്ങളില്‍ അകപ്പെടുന്ന കുട്ടികള്‍ അവസാനം അച്ചനെയും അമ്മയെയും മറന്ന് ക്ഷണികമായ സുഖലോലുപതയ്ക്ക് പിന്നാലെ പായുന്നു. നമ്മുടെ സംസ്‌കാരം എന്തെന്നറിയാതെ വളര്‍ന്നതിന്റയും വളരുന്നതിന്റെയും പരിണിതഫലമാണ് പെണ്‍കുട്ടികള്‍ ചതിക്കപ്പെടുന്നതും തുടര്‍ന്നുള്ള ആത്മഹത്യകളും.
40 വര്‍ഷത്തെ ബാലഗോകുലപ്രവര്‍ത്തനം ഇതിനെതിരെയാണ്. ബാലഗോകുലത്തിലൂടെ വളരുന്ന കുട്ടികളില്‍ സംസ്‌കാരവും പൈതൃകവും അമ്മയും അച്ചനുമുണ്ട്. സമൂഹത്തില്‍ ഭഗിനിമാര്‍ക്ക് ചെയ്യാന്‍ ഒരുപാട് കാര്യങ്ങളുണ്ട്. കേവലം പഠിപ്പിക്കല്‍ മാത്രമാകരുത് അവരുടെ പ്രവര്‍ത്തനം. ഒരു വീടിന്റെ അകത്തളങ്ങിലേക്ക് കയറിച്ചല്ലാനുള്ള സ്വാതന്ത്ര്യം ഭഗിനിമാര്‍ക്കുണ്ട്. നമ്മുടെ സഹോദരിമാരുടെ തെറ്റുകള്‍ തിരുത്തി അവര്‍ മുന്നേറുേമ്പാഴാണ് യഥാര്‍ത്ഥ ബാലഗോകുലം പ്രവര്‍ത്തനം സാധ്യമാകുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

ബാലഗോകുലത്തിന്റെ ജീവനാഡി ഭഗിനിപ്രവര്‍ത്തകരാണെന്ന് മുഖ്യപ്രഭാഷണം നടത്തിക്കൊണ്ട് ബാലഗോകുലം സംസ്ഥാന കാര്യദര്‍ശി സ്മിത വത്സലന്‍ പറഞ്ഞു. സമൂഹത്തില്‍ വലിയ മാറ്റങ്ങളുണ്ടാക്കാന്‍ അവര്‍ക്ക് സാധിക്കണമെന്നും അവര്‍ വ്യക്തമാക്കി.
കണ്ണൂര്‍ മേഖല സംഘടന കാര്യദര്‍ശി എന്‍.ടി.വിദ്യാധരന്‍, ഖജാന്‍ജി കെ.രാധാകൃഷ്ണന്‍, ജില്ലാ അധ്യക്ഷന്‍ കെ.വി.ഗണേശന്‍, സുകുമാരന്‍ പെരിയച്ചൂര്‍, ഉദുമ താലൂക്ക് കാര്യദര്‍ശി പി.എം.രാമചന്ദ്രന്‍ കുറ്റിക്കോല്‍, കുഞ്ഞമ്പു മേലത്ത്, ജയരാമന്‍ മാടിക്കാല്‍, മധു വാഴക്കോട് എന്നിവര്‍ സംസാരിച്ചു. ജില്ലാ ഭഗിനി പ്രമുഖ് ചേതന ഏച്ചിക്കാനം സ്വാഗതവും ഗീത ബാബുരാജ് നന്ദിയും പറഞ്ഞു.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.