Latest News

സെല്‍ഫി സ്റ്റിക്കിനുള്ളില്‍ ഒളിപ്പിച്ചു കടത്തുകയായിരുന്ന സ്വര്‍ണം തട്ടിയെടുക്കാന്‍ ശ്രമിച്ച മൂന്ന് കാസര്‍കോട് സ്വദേശികള്‍ പിടിയില്‍

പാലക്കാട്: [www.malabarflash.com] സെല്‍ഫി സ്റ്റിക്കിനകത്ത് ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 48 ലക്ഷം രൂപയുടെ രണ്ടു കിലോ സ്വര്‍ണം തട്ടിപ്പറിക്കാനുള്ള ശ്രമത്തിനിടെ മൂന്നുപേരെ അറസ്റ്റ് ചെയ്തു. സെല്‍ഫി സ്റ്റിക്കിന്റെ ഉടമയും പിടിയിലായി. ഞായറാഴ്ച രാവിലെ ആറിന് പാലക്കാട് ജംക്ഷന്‍ സ്‌റ്റേഷനില്‍ നൂറു കണക്കിന് യാത്രക്കാരുടെ മുന്നിലായിരുന്നു സംഭവങ്ങള്‍.

ചെന്നൈ–മംഗലാപുരം മെയിലിലെ യാത്രക്കാരനായ കോഴിക്കോട് എരഞ്ഞിക്കല്‍ അയനിക്കാട് സ്വദേശി മുഹമ്മദ് യാസിന്റെ (35) ബാഗിനുള്ളിലെ സെല്‍ഫി സ്റ്റിക്കിലാണു വിദഗ്ധമായി സ്വര്‍ണം ഒളിപ്പിച്ചു കടത്തിയിരുന്നത്. ട്രെയിന്‍ ഞായറാഴ്ച രാവിലെ ആറിനു സ്‌റ്റേഷനിലെത്തിയപ്പോള്‍ ട്രെയിനുള്ളില്‍ വച്ചു യാസിന്റെ ബാഗ് തട്ടിയെടുത്ത് മൂന്നുപേര്‍ പുറത്തേക്കോടി. സംഭവം കണ്ട ആര്‍പിഎഫ് ഇവരെ പിന്തുടര്‍ന്നു പിടികൂടിയപ്പോഴാണു സ്വര്‍ണക്കടത്തു വിവരവും തട്ടിപ്പറിക്കലും പുറത്തറിഞ്ഞത്.
ബാഗ് ഉടമ മുഹമ്മദ് യാസിന്‍, തട്ടിയെടുക്കാന്‍ ശ്രമിച്ച കാസര്‍കോട് കനികാരപ്പള്ള ജെല്‍വര്‍ ഗോവല്‍ വീട്ടില്‍ മുഹമ്മദ് ഇക്ബാല്‍ (29), ഹോസ്ദുര്‍ഗ് മീനാവില്‍ ബികെ വീട്ടില്‍ കെ.അറഫാത്ത് (24), കാഞ്ഞങ്ങാട് തേക്കിന്‍ ബസിചാല്‍ വീട്ടില്‍ അബ്ദുല്‍ റഷീദ് (27) എന്നിവരെ റയില്‍വേ സംരക്ഷണ സേന അറസ്റ്റ് ചെയ്തു. 

കൊല്‍ക്കത്തില്‍ നിന്ന് ഇലക്ട്രോണിക്‌സ് ഉല്‍പന്നങ്ങള്‍ വാങ്ങി കേരളത്തില്‍ വില്‍പ്പന നടത്തുകയാണു യാസിന്റെ ജോലി. ബാഗിലുണ്ടായിരുന്ന സെല്‍ഫി സ്റ്റിക്കിന്റെ ഭാരക്കൂടുതല്‍ ശ്രദ്ധയില്‍പെട്ട ആര്‍പിഎഫ് വിശദ പരിശോധന നടത്തിയപ്പോഴാണു ഉള്ളില്‍ സ്വര്‍ണം സൂക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.

കോഴിക്കോടുള്ള വ്യക്തിക്കു നല്‍കാന്‍ കൊല്‍ക്കത്തയിലുള്ള മലയാളി യുവാവാണു തന്നെ ബാഗ് ഏല്‍പ്പിച്ചതെന്നും സ്വര്‍ണം ഒളിപ്പിച്ച വിവരം തനിക്കറിയില്ലെന്നുമാണു യാസിന്റെ മൊഴി.

ബാഗ് തട്ടിപ്പറിച്ച് ഓടിയ സംഘത്തിനു സ്വര്‍ണ കടത്തു സംഘമായി ബന്ധമുള്ളതായി പൊലീസിനു സൂചന ലഭിച്ചു. യാസിന്റെ മൊഴിയും മുഖവിലയ്‌ക്കെടുത്തിട്ടില്ല. കൊല്‍ക്കത്തയില്‍ നിന്നു തന്നെയാണു യുവാക്കളും ട്രെയിനില്‍ കയറിയതെന്നു സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ബാഗിനുള്ളില്‍ സ്വര്‍ണമുണ്ടെന്ന വിവരം മൂവര്‍ സംഘത്തിനു അറിവുണ്ടായിരുന്നതായി പൊലീസിനു വിവരം ലഭിച്ചു. ഇവര്‍ നേരത്തെ സ്വര്‍ണം കടത്തിയിട്ടുണ്ടെന്നും സൂചനയുണ്ട്.

ആര്‍പിഎഫ് സിഐ ജി.വിജയകുമാര്‍, എഎസ്‌ഐ പി.ടി.ബാലസുബ്രഹ്മണ്യന്‍, കോണ്‍സ്റ്റബിള്‍മാരായ കെ.മിഥുന്‍, എം.കെ.ഉണ്ണിക്കൃഷ്ണന്‍, കെ.മധുസൂദനന്‍, എ.പ്രേംകുമാര്‍, കെ.ഗോപാലകൃഷ്ണന്‍, പി.ഫ്രാന്‍സി, എസ്.പ്രവീണ്‍ കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.