Latest News

ഉമ്മക്കൊപ്പം കുഞ്ഞുആയിഷയും മക്കയിലേക്ക്

നെടുമ്പാശേരി:[www.malabarflash.com] സംസ്ഥാന ഹജജ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ഹജ്ജ് സംഘത്തിലെ ആദ്യ കുഞ്ഞ് ബുധനാഴ്ച യാത്രയാവും. കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശി അബ്ദുല്ലയുടെയും ഫാത്തിമയുടെയും മകള്‍ ആയിഷ അബ്ദുല്ലയാണ് സംഘത്തോടൊപ്പം പോവുന്ന ആദ്യ ബേബി.

ഒരു വര്‍ഷവും ആറു മാസവുമാണ് ആയിഷയുടെ പ്രായം. ഉമ്മക്കും, ഉമ്മയുടെ മാതാപിതാക്കളായ അബ്ദുല്‍ റഹ്മാന്‍, റസിയ, അബ്ദുറഹ്മാന്റെ സഹോദരി ആയിഷ എന്നിവര്‍ക്കൊപ്പമാണ് കുഞ്ഞു ആയിഷ വിശുദ്ധ യാത്ര പോവുന്നത്. ബുധനാഴ്ച വൈകിട്ട് 5.25നുള്ള എ.വണ്‍ 5417 വിമാനത്തിലാണ് ഇവര്‍ പോവുന്നത്. കണ്ണൂര്‍ സ്വദേശിയായ സൈനബ ഉമ്മയാണ് (80) ഈ സംഘത്തിലെ ഏറ്റവും പ്രായം കൂടിയ ഹജ്ജാജി. ഒരേ കവറില്‍ അഞ്ചു പേര്‍ക്ക് മാത്രമേ അപേക്ഷിക്കാന്‍ കഴിയൂ എന്നതിനാല്‍ സ്വകാര്യ സംഘത്തോടൊപ്പമാണ് ആയിഷയുടെ പിതാവ് അബ്ദുല്ല ഹജ്ജിന് പോവുന്നത്.11ന് ഇദ്ദേഹം മക്കയിലെത്തും.

ഇത്തവണ 21 പേര്‍ രണ്ടു വയസിനു താഴെയുള്ള കുട്ടികളുടെ യാത്രക്കായി അപേക്ഷിച്ചെങ്കിലും അഞ്ചു കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് മാത്രമാണ് ഹജ്ജ് സംഘത്തിലേക്ക് സെലക്ഷന്‍ ലഭിച്ചത്. ഇതില്‍ നാലും പെണ്‍കുട്ടികളാണ്. 

കോഴിക്കോട് പന്നിയങ്കര സ്വദേശി അല്‍ത്താഫ് അഹമ്മദിന്റെയും അസ്ഫിയ ഫാത്തിമയുടെയും മകള്‍ അസ്ബ അഹമ്മദാണ് കുഞ്ഞുസംഘത്തിലെ ജൂനിയര്‍. കഴിഞ്ഞ ഏപ്രിലില്‍ ജനിച്ച അസ്ബക്ക് പ്രായം വെറും നാലു മാസം. സെപ്തംബര്‍ 12നുള്ള വിമാനത്തില്‍ ഉപ്പക്കും ഉമ്മക്കുമൊപ്പമാണ് അസ്ബ മക്കയിലേക്ക് പോവുന്നത്. അബ്ദുല്ല റയീസ്, ഹാജറ കോമത്ത് (കണ്ണൂര്‍), താഹിറത്തുല്‍ മറിയം (മലപ്പുറം) എന്നിവരാണ് സംഘത്തിലെ മറ്റു ബേബികള്‍.

ഒരു വയസും ഒമ്പത് മാസവും പ്രായമുള്ള ഹാജറ കോമത്താണ് ഇവരില്‍ സീനിയര്‍. 17ന് അവസാന വിമാനത്തിലാണ് മൂന്നു പേരുടെയും യാത്ര. ഹജ്ജ് തീയതിക്ക് മുമ്പ് രണ്ടു വയസ് പൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കാണ് അവരുടെ മാതാപിതാക്കളോടൊപ്പം ഹജ്ജ് യാത്രക്കായി അപേക്ഷിക്കാന്‍ അവസരമുള്ളത്. ഇന്‍ഫന്റ് വിഭാഗത്തില്‍ പെടുന്ന ഇവര്‍ക്ക് വിമാന നിരക്കിന്റെ 10 ശതമാനം (11,050 രൂപ) മാത്രമാണ് അടയ്ക്കേണ്ടത്. രണ്ടു വയസിനു മുകളിലുള്ളവര്‍ സാധാരണ കാറ്റഗറിയില്‍ വരുന്നതിനാല്‍ ഇത്തരം കുഞ്ഞുങ്ങള്‍ക്കു വേണ്ടിയുള്ള അപേക്ഷയും കുറവാണ്. 

ഇന്‍ഫന്റ് വിഭാഗത്തില്‍ കഴിഞ്ഞ വര്‍ഷം നാലു പേര്‍ക്കാണ് അവസരം ലഭിച്ചത്. 2013ലെ സംഘത്തില്‍ അഞ്ചു കുട്ടികള്‍ ഉണ്ടായിരുന്നു. 2013 വരെ ഹജ്ജിനെത്തുന്ന കൈകുഞ്ഞുങ്ങള്‍ക്ക് വിസ വേണ്ടിയിരുന്നില്ല. കഴിഞ്ഞ വര്‍ഷമാണ് ഇവര്‍ക്കും ഹജ്ജ് മന്ത്രാലയം വിസ നിര്‍ബന്ധമാക്കിയത്.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.