Latest News

കന്യാസ്ത്രീയുടെ വധം: കുററിക്കോല്‍ സ്വദേശിയുടെ ചിത്രങ്ങളും വിവരങ്ങളും പുറത്തുവിട്ടു

കോട്ടയം:[www.malabarflash.com] പാലാ ലിസ്യൂ കാര്‍മലൈറ്റ് കോണ്‍വന്റില്‍ സിസ്റ്റര്‍ അമലയെ കൊലപ്പെടുത്തിയതു കാസര്‍കോട് കുറ്റിക്കോല്‍ നെഴുവാതട്ടുങ്കല്‍ ബാലകൃഷ്ണന്‍നായരുടെ മകന്‍ സതീഷ് ബാബുവാണെന്ന് (സതീഷ് നായര്‍- 38) സ്ഥിരീകരിച്ചതായി പോലീസ് അറിയിച്ചു. എഡിജിപി കെ. പത്മകുമാറിന്റെ നിര്‍ദേശപ്രകാരം സതീഷ് ബാബുവിന്റെ മൂന്നു ഫോട്ടോകള്‍ ബുധനാഴ്ച പോലീസ് പുറത്തുവിട്ടു.

ഭരണങ്ങാനം, കൂത്താട്ടുകുളം വടകര, പൈക, ചേറ്റുതോട് തുടങ്ങി വിവിധ മഠങ്ങളില്‍ കന്യാസ്ത്രീകളെയും അന്തേവാസികളെയും ഉറക്കത്തില്‍ ആക്രമിച്ചതില്‍ ഇയാള്‍ക്ക് പങ്കുള്ളതായി പോലീസ് പറഞ്ഞു. ക്വട്ടേഷന്‍ സംഘങ്ങളുമായി ബന്ധമുള്ള ഇയാള്‍ വിവിധ ജില്ലകളില്‍ ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. മറ്റ് ജില്ലകളിലും കന്യാസ്ത്രീ മഠങ്ങളില്‍ ഇയാള്‍ സമാനമായ അതിക്രമങ്ങള്‍ നടത്തിയതായി സംശയിക്കുന്നു.

സതീഷിന്റെ ഈരാറ്റുപേട്ട സ്വദേശിയായ ഉറ്റസഹായിയും ബന്ധുവും ഉള്‍പ്പെടെ നാലു പേര്‍ പോലീസ് കസ്റ്റഡിയിലുണ്ട്. ഇന്നലെ പ്രതിയുടെ ഫോട്ടോ പുറത്തുവിട്ടശേഷം ഇയാളുടെ നീക്കത്തെക്കുറിച്ച് നിര്‍ണായക വിവരങ്ങളുമായി ഒട്ടേറെ ഫോണ്‍ കോളുകള്‍ പോലീസിന് ലഭിക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ നാലു സംഘങ്ങളായി തിരിഞ്ഞു പോലീസ് അന്വേഷണം നടത്തിവരുന്നു.

ഭരണങ്ങാനം സ്‌നേഹഭവന്‍ അഗതിമന്ദിരത്തില്‍ കഴിഞ്ഞ ഏപ്രിലില്‍ ഇയാള്‍ ഒരു വൃദ്ധ അന്തേവാസിയെ തലയ്ക്കടിച്ചു ഗുരുതരമായി പരിക്കേല്പിക്കുകയും മൊബൈല്‍ ഫോണ്‍ മോഷ്ടിക്കുകയും ചെയ്തിരുന്നു. സ്ഥാപനം അധികൃതര്‍ പോലീസില്‍ പരാതി നല്കിയിരുന്നെങ്കിലും പ്രതിയെ കണെ്ടത്തിയിരുന്നില്ല. അന്നു മോഷണം പോയ ഒരു മൊബൈല്‍ ഫോണില്‍ നാലു സിം കാര്‍ഡുകള്‍ മാറിമാറി സതീഷ് ഉപയോഗിക്കുന്നതായും സംഭവദിവസം ഈ ഫോണ്‍ കൊലപാതകം നടന്ന പാലാ മഠം ഉള്‍പ്പെടുന്ന ടവര്‍ പരിധിയിലുണ്ടായിരുന്നതായും പോലീസ് കണെ്ടത്തി. ഈ ഫോണിന്റെ ഐഎംഇഐ നമ്പര്‍ പിന്തുടര്‍ന്നാണു സൈബര്‍ സെല്ലിന്റെ സഹായത്തോടെ പ്രതിയെ തിരിച്ചറിഞ്ഞത്. മദ്യപിച്ച് സ്ഥിരമായി മോഷണം നടത്തുന്നയാളാണു പ്രതിയെന്നും മാന്നാര്‍ സ്റ്റേഷനില്‍ ഉള്‍പ്പെടെ വിവിധ ജില്ലകളില്‍ കേസുണെ്ടന്നും പോലീസ് കണെ്ടത്തി.

സിസ്റ്റര്‍ അമല കൊല്ലപ്പെട്ട ആഴ്ചയില്‍ ലിസ്യൂ കോണ്‍വന്റിനു സമീപമുള്ള ചെറുപുഷ്പം ആശുപത്രിയില്‍ ചെത്തിമറ്റം സ്വദേശിയായ ഒരു സുഹൃത്തിനെ പരിചരിക്കാന്‍ സതീഷ് എത്തിയിരുന്നു. സിസ്റ്റര്‍ അമല കൊലചെയ്യപ്പെട്ട ദിവസം രാത്രി 9.30നു സമീപമുള്ള തിയറ്ററില്‍ സെക്കന്‍ഡ് ഷോയ്‌ക്കെന്നു പറഞ്ഞു ആശുപത്രിയില്‍നിന്നു പോയതായി ഈ സുഹൃത്ത് പോലീസിനു മൊഴി നല്കി. ഇയാള്‍ സിനിമാ തിയറ്ററില്‍ എത്തിയതായി വിവിധ തിയറ്ററുകളിലെ കാമറകള്‍ പരിശോധിച്ചതില്‍ കണെ്ടത്താനായില്ല. മഠത്തിനുള്ളില്‍ കയറി ടെറസില്‍ ഇയാള്‍ അര്‍ധരാത്രി വരെ കഴിഞ്ഞ ശേഷമാകാം കൃത്യം നടത്തിയതെന്നു കരുതുന്നു. രാത്രി പുറത്തുപോയശേഷം സതീഷ് ആശുപത്രിയിലേക്കു മടങ്ങിചെന്നിട്ടില്ല.

കഴിഞ്ഞ വ്യാഴാഴ്ച രാവിലെ പാലാ മൂന്നാനി ഷാപ്പില്‍ ഇയാള്‍ എത്തിയിരുന്നു. കന്യാസ്ത്രീ കൊല്ലപ്പെട്ട വിവരം ഷാപ്പില്‍ കൂട്ടൂകാരിലൊരാള്‍ പറഞ്ഞതോടെ ഇയാള്‍ മറ്റൊരാവശ്യമുണെ്ടന്നു പറഞ്ഞ് തിടുക്കത്തില്‍ സ്ഥലംവിട്ടു. പിറ്റേദിവസം ചങ്ങനാശേരിയില്‍നിന്നും ഇതേസുഹൃത്തുക്കളെ വിളിച്ചിരുന്നു. മദ്യപിക്കാന്‍ എത്തണമെന്ന് സുഹൃത്തുക്കള്‍ ക്ഷണിച്ചെങ്കിലും എത്തിയില്ല. ഭാര്യയും രണ്ടു മക്കളുമുള്ള സതീഷ് ഏറെക്കാലമായി ഇവരില്‍ അകന്ന് വിവിധയിടങ്ങളില്‍ കഴിയുകയാണെന്ന് കാസര്‍ഗോട്ടുനടത്തിയ അന്വേഷണത്തില്‍ വ്യക്തമായി.

കൊലപാതകത്തിന്റെ പിറ്റേന്നു രാവിലെ വരെ പ്രതി പാലായില്‍ തന്നെയുണ്ടായിരുന്നതായി അന്വേഷണ സംഘത്തിന് ബോധ്യമായി. പിന്നീട് സൈബര്‍ സെല്ലിന്റെ അന്വേഷണത്തില്‍ പ്രതിയുടെ മൊബൈല്‍ ലൊക്കേഷന്‍ തിരുവല്ലയില്‍ കണ്ടെത്തിയിരുന്നു.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.