Latest News

ചെറുവത്തൂര്‍ പോരിനൊരുങ്ങി; കണ്ണന്‍ മാഷ് പ്രസിഡണ്ടായേക്കും

ചെറുവത്തൂരിലെ സര്‍വ്വ സമ്മതന്‍ - പ്രഥമ പൗരന്‍ - ഇത്തവണ പഞ്ചായത്തിനെ നയിക്കുക കണ്ണന്‍ മാസ്റ്റര്‍ തന്നെയായിരിക്കുമെന്ന് ജനം തീരുമാനിച്ചു കഴിഞ്ഞിരിക്കണം. പ്രസ്ഥാനത്തിന്റെ ചുവന്ന പരവതാനിക്കപ്പുറത്തുള്ള അധികാര രാഷ്ടിയത്തിന്റെ മധുരം മാഷ് ഇതുവരെ രുചിച്ചു നോക്കിയിട്ടില്ല . എല്ലാം പതുക്കെയും സാവാധാനത്തിലുമെന്നതാണ് മാഷിന്റെ മതം. ജന്മനിയോഗത്തിനൊപ്പം വര്‍ഗ രാഷട്രീയത്തിന്റെ കൂടെ നടന്ന അടിസ്ഥാന വര്‍ഗത്തിനെ മനപാഠമാക്കിയ വിപ്ലവ മനസ്സ്. അതാണ് മാഷ്.[www.malabarflash.com]

നിലവിലുള്ള പ്രസിഡണ്ട് ശ്രീമതി കാര്‍ത്ത്യായനിയും തികഞ്ഞ പോരാളിയാണ്. ആരോഗ്യ വകുപ്പിലെ ജോലിക്കിടെ എന്‍.ജി.ഒ യൂണിയന്റെ കൂടി ആരോഗ്യം കാത്തു. സംസ്ഥാന കമ്മറ്റി ഭാരവാഹിയായിരുന്നു. 2010ല്‍ ത്രിതല തെരെഞ്ഞെടുപ്പു വന്നപ്പോള്‍ പാര്‍ട്ടി ചെറുവത്തൂരിന്റെ പ്രഥമ വനിതയാക്കി. ചോദിച്ചപ്പോള്‍ ഇങ്ങനെ പറഞ്ഞു.
കാര്‍ത്ത്യായനി

മാര്‍ക്‌സിയന്‍ അധികാര വിനിയോഗമെന്നാല്‍ സാംസ്‌കാരിക പ്രവര്‍ത്തന നിര്‍മ്മാണം തന്നെയാണ്. ഇ.എം.എസ്. സ്മാരക ഹാളിനു നേതൃത്വം കൊടക്കാന്‍ കഴിഞ്ഞതില്‍ ഏറെ ചാരിതാര്‍ത്ഥ്യമുണ്ട്. അച്ചാം തുരുത്തിയിലെ പാലത്തിന്റെ ഒരു തൂണിന്റെ പണി ബാക്കി നിന്നു പോയെങ്കിലും ചതുപ്പു നിലങ്ങളായ ദ്വീപുകളില്‍ വികസനത്തിന്റെ കുളിര്‍ക്കാറ്റ് എത്തിത്തുടങ്ങി. നിലേശ്വരത്തു നിന്നും സ്വന്തം വീട്ടു മുറ്റത്തെത്താന്‍ ഗ്രാമ വാസികള്‍ക്ക് ഇനി 13 കി.മീറ്റര്‍ അധികം വഴി താണ്ടുക വേണ്ട. നിലേശ്വരം പട്ടണം അച്ചാം തുരുത്തിയുടെ തിരുമുറ്റമായി മാറാന്‍ പോവുകയാണ്. 

പാലിയേറ്റീവ് കേയറിന്റെ സേവനം ഈ ഗ്രാമപഞ്ചായത്തില്‍ വേറിട്ടു നില്‍ക്കുന്നു. വെള്ളക്കെട്ടിനോടൊപ്പം മാരക രോഗങ്ങളും തളം കെട്ടിക്കിടക്കുന്ന ചതുപ്പുകള്‍. വീടുകള്‍ തോറും എത്തി ആരോഗ്യ പ്രവര്‍ത്തകരും സന്നദ്ധ സംഘടനകളും ഓരോ ഇടങ്ങളും നിരീക്ഷിക്കുന്നുണ്ട്. മാരക രോഗങ്ങളുടെ നിര്‍മ്മാര്‍ജനത്തിനായി ആരോഗ്യട്രസ്റ്റ് രൂപീകരിക്കാന്‍ പദ്ധതിയുണ്ട്. ജില്ലയില്‍ കമ്മീഷന്‍ ചെയ്യ്ത ആദ്യ - ഏക - മല്‍സ്യ ബന്ധന തുറമുഖം ഇവിടെയാണ്. 

വികസനം പുഴയില്‍ തെളിനീരു പോലെ ഒഴുകി നടക്കാന്‍ സര്‍ക്കാര്‍ ചെലവിട്ടത് 29.8 കോടിരൂപ . 1000 പേര്‍ക്ക് നേരിട്ടും, 4000ത്തില്‍ അധികം പേര്‍ക്ക് പരോക്ഷമായും ഉപജീവന മാര്‍ഗമാവുന്നു . വികസനത്തിന്റെ തിലകക്കുറിയായ റയില്‍വ്വേ മേല്‍പ്പാലത്തിന്റെ ഉല്‍ഘാടന സമ്മേളനം മുഖ്യമന്ത്രി നിര്‍വ്വഹിച്ചപ്പോള്‍ 22000ത്തോളം വരുന്ന ഗ്രാമണ ഉപഭോക്താക്കളുടെ മനസ്സായി പ്രസിഡണ്ട് ശ്രിമതി കാര്‍ത്ത്യായനി വേദിയിലിരുന്നത് നാളെയുടെ ചരിത്രമാണ്. 

കേരളത്തിലെ ക്രിക്കറ്റ് പ്രേമികളുടെ ഹരമായ നിലവിലെ ലോകോത്തര കോച്ച് സോണി ചെറുവത്തൂരിനേയും മലയാളം ഉള്ളിടത്തോളം ഓര്‍ക്കുന്ന കുട്ടമത്തിനേയും സംഭാവന ചെയ്തത് ചെറുവത്തൂരാണ്. റോഡും പാലവും വെളിച്ചവും വേണ്ടുവോളം ഇല്ലെങ്കിലും അതല്ല വികസനമെന്ന് തറപ്പിച്ചു പറയുന്നു ഇവിടെ ജനം. തങ്ങള്‍ ആചരിച്ചു പോരുന്നവ, അനുഷ്ഠാനങ്ങള്‍, നാനാവിധ ജാതി മതങ്ങളുടെ സങ്കലനം, ജാതി മതങ്ങള്‍ക്കപ്പുറമുള്ള മാനവികതയിലുള്ള നിരുപദ്രവ രാഷ്ട്രീയം ഇവയൊക്കെ ഈ നാട്ടില്‍ മതേതര മനസ്സിനെ വാര്‍ത്തെടുക്കാന്‍ ഏറെ സഹായിക്കുന്നു. 

മാനവികതയിലൂന്നിയ വികാസത്തിനു കരുത്തു പകരാന്‍ വായനശാലകള്‍, ക്ലബ്ബുകള്‍, സാംസ്‌കാരിക നിലയങ്ങള്‍ ഏറെയുണ്ട് ഇവിടെ . തെയ്യങ്ങളുടെ നാടാണിത്.

ഇടതു പക്ഷത്തോടൊപ്പം രാഷ്ടീയം പറഞ്ഞും പ്രവര്‍ത്തിച്ചും ജയിച്ചു വന്ന സൗദത്ത് , ശബാനത്ത് അടക്കമുള്ള ലീഗ് പ്രതിനധികള്‍, യുഡിഎഫിനേയും എല്‍ഡിഎഫിനേയും ഒരുപോലെ തോല്‍പ്പിച്ച കോണ്‍ഗ്രസ് സ്വതന്ത്രന്‍ വിനോദ് കുമാര്‍ ഇവരൊക്കെ ഭരണത്തില്‍ ഒരുപോലെ, ഒരുവല്ലിയില്‍വിടര്‍ന്ന പൂക്കളായ് ഒരുമിച്ചു തന്നെ നില്‍ക്കുന്നു . എങ്കിലും പലിയിടങ്ങളിലും മങ്ങല്‍ ഏറ്റിട്ടുണ്ട്. കുടിവെള്ളം കിട്ടാതെ വലയുന്ന ഗ്രാമീണര്‍. ചുറ്റപ്പെട്ടു കിടക്കുന്ന പുഴയുടെ നടുവില്‍, നീര്‍ക്കെട്ടില്‍, ചതുപ്പു നിലങ്ങളിലുള്ളവരുടെ തൊണ്ട ഇന്നും വരണ്ടു തന്നെ. സര്‍വ്വത്ര വെള്ളമുണ്ടായിട്ട് എന്തു കാര്യം കുടിക്കാന്‍ ഒരിറ്റെവിടെ? കൊണ്ടു വന്ന ഒരു സംവിധാനവും അവരുടെ ആവശ്യത്തിന്റെ ഏഴ് അയലത്തു പോലുമെത്തിയില്ല. 

ചെറുവത്തൂര്‍ ചെറുഗ്രാമങ്ങളുടെ സങ്കലനമാണ്. അതിനെ പട്ടണമാക്കി ഉയര്‍ത്തിയത് ചെറുവത്തൂര്‍ ബസ് സ്റ്റാന്‍ഡ് സമുച്ചയമാണ്. ഇന്നത് ചോര്‍ന്നൊലിച്ചു നശിച്ചു കൊണ്ടിരിക്കുന്നു. അകം കേറാന്‍ പോലും തടസ്സങ്ങള്‍. ഉപയോഗിക്കാതെയും അമിതോപയോഗം നിമിത്തവും മേളിലും താഴത്തും നാശത്തിന്റെ വക്കില്‍. വികസനത്തിന്റെ കരിനിഴലിലാണ് ഇന്നാ കെട്ടിട സമുച്ചയം. ജില്ലയില്‍ തന്നെ ഏറ്റവും കൂടുതല്‍ പാര്‍പ്പിട പ്രശ്‌നമുള്ളത് പടിഞ്ഞാറന്‍ ചെറുവത്തൂരിലാണ്. സ്ഥലമുണ്ടായിട്ടും വീടു വെക്കാന്‍ നിയന്ത്രിത നിയമങ്ങളുടെ ഊരാക്കുടുക്കുകള്‍. 

കാര്യം കാണന്‍ കഴുതക്കാലു പിടിക്കാനൊന്നും ബോര്‍ഡ് ഒരുക്കമല്ല. തൊഴിലാളി വര്‍ഗത്തിന്റെ സര്‍വ്വാധിപത്യം സ്വപ്‌നം കാണുന്ന ജനമനസ്സുകളില്‍ കറുപ്പു ബാധിച്ചിരിക്കുന്നു. കരയുന്ന കുഞ്ഞിനു മാത്രമേ പാലുള്ളുവെന്ന പഴമൊഴി മറന്നു പോയ പ്രസ്ഥാനമായി ചെറുവത്തൂര്‍ മാറിയിരിക്കുന്നു.

നാട്ടുകാര്‍ തീര്‍ത്ത കാരിയിലെ പാലം നടുകെ പിളര്‍ന്നു. ഭരണകൂടത്തിന്റെ കണ്ണ് അടഞ്ഞു തന്നെ. ഏതാനും ബോര്‍ ഗ്രൈന്‍ഡിങ്ങും, പൈലിങ്ങും നടന്നുവല്ലാതെ സ്ഥിരമായ പാലമെന്ന സ്വപ്‌നം ഇപ്പോഴും വെള്ളത്തിനടിയില്‍ തന്നെ. ആദര്‍ശമില്ലാത്ത ആദര്‍ശ് റയില്‍വ്വേ സ്‌റ്റേഷനു ചുറ്റും മദ്യ ലോബികളുടെ അധമ പ്രവര്‍ത്തനങ്ങള്‍ കണ്ടില്ലെന്നു നടിക്കുകയാണ് പോലീസ്. 

ഇരുട്ടിന്റെ മറവില്‍ അവിടെ നടക്കുന്നതൊന്നും അവരറിയുന്നില്ല. മാമൂല്‍ വാങ്ങുന്ന ആര്‍.ടി.ഒ ചെക്ക് പോസ്റ്റുകളെ ചോദ്യം ചെയ്യാന്‍ കരളുറപ്പും,തണ്ടുമുള്ള യുവനേതൃത്വങ്ങളില്ല. കൈതക്കാട്, അച്ചാം തുരുത്തി,മടക്കര, കോട്ടക്കാലിലെ കുടിവെള്ളം, ഓവചാല്‍ പ്രശ്‌നം ഇവ ചതുപ്പു നിലങ്ങളില്‍ ചവുട്ടി താഴ്ത്തപ്പെട്ട നിലയില്‍.

ജെ.കെ. ബാറിനു ലൈസന്‍സ് അനുവദിച്ചു കൊണ്ടുള്ള എന്‍.ഒ.സി സര്‍വ്വ ജനങ്ങളുടേയും ഏതിര്‍പ്പിനു വഴി വെച്ചു. കാടടച്ചു വെടിവെച്ച പഞ്ചായത്ത് ബോര്‍ഡ് ഒടുവില്‍ അതിനു വില കൊടുക്കേണ്ടി വന്നുവെന്നതിനു ഒട്ടനവധി ഉദാഹരണങ്ങളുണ്ട് . ആയിരത്തില്‍പ്പരം ഇടതു വോട്ടുകളുള്ള കൊവ്വലില്‍ വേറെ പാര്‍ട്ടി ഇല്ലാതിടത്ത് പാര്‍ലിമെന്റില്‍ ബി.ജെ.പിക്ക് 200ല്‍പ്പരം വോട്ടുകള്‍ കിട്ടിയത് മാര്‍ക്‌സിയന്‍ വീഷകര്‍ ചെറുതായി കാണുകയോ? അതു തന്നെ കുട്ടമത്തും സംഭവിച്ചു. 

തൊഴിലാളി വര്‍ഗത്തിന്റെ അമിതാനുരാഗികള്‍, കയ്യൂരില്‍ നിന്നും തൂക്കുമരക്കയറിലേക്ക് ഇന്‍ക്വിലാബ് ധ്വനികളോടെ നടന്നു കേറിയവര്‍ കടുപ്പിച്ചു ചുവപ്പിച്ച മാനത്ത് ഇപ്പോള്‍ കുങ്കുമ ശോഭ പരക്കുകയേ? മൃഗീയ ജനസ്വാധീനമുണ്ട് ഞങ്ങള്‍ക്കെന്ന അമിത പ്രതീക്ഷ കാരണം പുല്ലൂര്‍ പെരിയയില്‍ കഴിഞ്ഞ തവണ വന്നു പെട്ടത് പോലെ ചെറുവത്തൂര്‍ ആവര്‍ത്തിക്കരുതെന്ന് തൊഴിലാളി വര്‍ഗത്തോടൊപ്പം നില്‍ക്കുന്നവര്‍ പ്രത്യാശിക്കുന്നുണ്ടാവാം. വിതച്ചതു കൊടുങ്കാറ്റായി തിരിച്ചു വരാതിരിക്കാന്‍ ജാഗ്രത പുലര്‍ത്താതിരിക്കില്ല അവിടുത്തെ നേതൃത്വമെന്ന് നാട്ടുകാര്‍.
-പ്രതിഭാരാജന്‍
No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.