Latest News

ആദിവാസി യുവതി ആംബുലന്‍സില്‍ പ്രസവിച്ച സംഭവം: ഡോക്ടര്‍ക്ക് സസ്പെന്‍ഷന്‍

മാനന്തവാടി: [www.malabarflash.com ]മാനന്തവാടി: ജില്ലാ ആശുപത്രിയില്‍ ചികിത്സ ലഭിക്കാതെ ആംബുലന്‍സില്‍ പ്രസവിച്ച ആദിവാസി യുവതിയുടെ മൂന്നു നവജാത ശിശുക്കളും മരിച്ച സംഭവത്തില്‍ മാനന്തവാടി ജില്ലാ ആശുപത്രിയിലെഡോ. സുഷമയെ സസ്‌പെന്‍ഡ് ചെയ്തു.

മാനന്തവാടി വാളാട് എടത്തന കുറിച്ച്യ കോളനിയിലെ കൃഷ്ണന്റെ ഭാര്യ അനിത(27)യുടെ കുട്ടികളാണ് മരിച്ചത്. അനിത മാനന്തവാടി ആശുപത്രിയില്‍ ചികിത്സയില്‍. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയാണ് അനിത രണ്ട് ആണ്‍കുഞ്ഞുങ്ങള്‍ക്കും ഒരു പെണ്‍കുഞ്ഞിനും ജന്മം നല്‍കിയത്.

കലശലായ വേദനയെത്തുടര്‍ന്ന് ബുധനാഴ്ച രാവിലെ ആറരയോടെ അനിതയെ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. ഗുരുതരാവസ്ഥ തിരിച്ചറിഞ്ഞ ഡ്യൂട്ടി നഴ്‌സ് ഗൈനക്കോളജിസ്റ്റ് ഡോ. സുഷമയെ വിവരം അറിയിച്ചെങ്കിലും ഡോക്ടര്‍ പരിശോധനയ്‌ക്കെത്തിയില്ല. ഇതോടെ ഡ്യൂട്ടി നഴ്‌സ് അനിതയെ മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തു. ആശുപത്രിയില്‍ നിന്നുതന്നെ ആംബുലന്‍സ് തരപ്പെടുത്തി. കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കുള്ള യാത്രാമധ്യേ അനിതയെ പനമരം സിഎച്ച്എസ്‌സിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ ആദ്യ ആണ്‍കുഞ്ഞിന് ജന്മം നല്‍കി. നില വഷളായതിനെത്തുടര്‍ന്ന് പനമരം സിഎച്ച്എസ്‌സിയിലെ നഴ്‌സിന്റെ സഹായത്തോടെ അനിതയെ 20 കിലോമീറ്റര്‍ ദൂരെയുള്ള കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. യാത്രയില്‍ അഞ്ച് കിലോമീറ്റര്‍ കഴിഞ്ഞപ്പോള്‍ ആംബുലന്‍സില്‍ പെണ്‍കുഞ്ഞിനും ജന്മം നല്‍കി. കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലെത്തിച്ച അനിത ഒരു ആണ്‍കുഞ്ഞിന് കൂടി ജന്മം നല്‍കി. ആംബുലന്‍സില്‍ പ്രസവിച്ച പെണ്‍കുഞ്ഞും കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ പ്രസവിച്ച ആണ്‍കുഞ്ഞുമാണ് ആദ്യം മരിച്ചത്.

ആദ്യം പ്രസവിച്ച കുഞ്ഞ് ബുധനാഴ്ച രാത്രിയില്‍ മരിച്ചു. വാളാട് നിന്ന് കോഴിക്കോട് മെഡി. കോളേജ് ആശുപത്രിയിലേക്ക് 125 കിലോമീറ്ററിലധികം ദൂരമുണ്ട്. ഗുരുതരാവസ്ഥയിലായ അനിതയെ അവഗണിച്ച വയനാട് ജില്ലാ ആശുപത്രി അധികൃതര്‍ക്കെതിരെ ശക്തമായ ജനരോഷമാണ് ഉയര്‍ന്നത്.

ഇടതുപക്ഷ സംഘടനകളും ബിജെപിക്കാരും വ്യാഴാഴ്ച രാവിലെ മുതല്‍ പ്രതിഷേധം തുടങ്ങി. ചര്‍ച്ചയ്‌ക്കെത്തിയ ആരോഗ്യവകുപ്പ് അധികൃതരെ ഉപരോധിച്ചു.

നേതാക്കളുമായി ഡിഎംഒയുടെ നേതൃത്വത്തില്‍ ചര്‍ച്ച നടന്നെങ്കിലും പരാജയപ്പെട്ടു. ജില്ലാഭരണാധികാരികള്‍ സ്ഥലത്തെത്തിയാല്‍ മാത്രമേ സമരം നിര്‍ത്തൂ എന്ന നിലപാടുമായി സമരക്കാര്‍ നിലയുറപ്പിച്ചു. ഒടുവില്‍ എഡിഎം എത്തി നടത്തിയ ചര്‍ച്ചയില്‍ ഗൈനക്കോളജിസ്റ്റിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചു. യുവതിക്ക് അടിയന്തര ചികിത്സ സഹായമായി ഒരു ലക്ഷം രൂപ നല്‍കാനും തീരുമാനിച്ചു.

അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടും. എഡിഎം പി.വി. ഗംഗാധരന്‍, ഡിഎംഒ ഡോ.എന്‍. കെ. ശശിധരന്‍, ടിഡിഒ വാണിദാസ്, സൂപ്രണ്ട് ഇന്‍ ചാര്‍ജ് ഡോ.രത്‌നവല്ലി, ആര്‍എംഒ ഡോ.കെ.സുരേഷ്, വില്ലേജ് ഓഫീസര്‍ സുജിത് ജോസ്, ഡിവൈഎസ്പി എ.ആര്‍. പ്രേംകുമാര്‍, എസ്‌ഐ വിനോദ്, രാഷ്ട്രീയകക്ഷി പ്രതിനിധികളായ കെ.സി. കുഞ്ഞിരാമന്‍, കെ.എം. വര്‍ക്കി, ഒ.ആര്‍. കേളു, സജിശങ്കര്‍, അഖില്‍ സി. പ്രേം, കണ്ണന്‍ കണിയാരം തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Keywords: Wayanad News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.