Latest News

പ്രേമം സ്‌റ്റൈലില്‍ പ്രേമിച്ചാല്‍ അയാളെ വിവാഹം കഴിക്കുമെന്ന് മലര്‍

ദുബൈ:[www.malabarflash.com] ആരെങ്കിലും തന്നെ പ്രേമം സ്‌റ്റൈലില്‍ പ്രേമിച്ചാല്‍ താന്‍ അയാളെ വിവാഹം കഴിക്കുമെന്ന് മലര്‍. ദുബായില്‍ മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ സായ് പല്ലവി ദുബൈയില്‍ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.

പ്രേമത്തിലെ മലരിനെ വെല്ലുന്ന വേഷങ്ങള്‍ വന്നാല്‍ സ്വീകരിക്കും. മലയാളികളുടെ പ്രതീക്ഷക്കൊത്തുയരുന്ന കഥാപാത്രങ്ങളുണ്ടായാല്‍ തീര്‍ച്ചയായും സ്വീകരിക്കും.

കാമുകനുണ്ടോയെന്ന ചോദ്യത്തിന് കാമുകനുണ്ടെന്നും പേര് അഭിമന്യു എന്നാണെന്നും പറഞ്ഞ മലര്‍ താന്‍ സ്‌നേഹിക്കുന്ന അഭിമന്യു മഹാഭാരതത്തിലാണുളളതെന്നും വിശദീകരിച്ചു.തന്‍െറ

സാന്നിധ്യം ആര്‍ക്കെങ്കിലും സന്തോഷം നല്‍കുന്നുണ്ടെങ്കില്‍ ആകട്ടെ എന്നു കരുതിയാണ് ദുബൈയില്‍ വന്നത്. നൃത്തം ചെയ്യാനോ മറ്റു കലാപരിപാടികള്‍ അവതരിപ്പിക്കാനോ ഇല്ല. ഓണാഘോഷത്തിന്‍െറ ഭാഗമായി തൊഴിലാളികള്‍ക്ക് വേണ്ടി അമല മെഡിക്കല്‍ സെന്‍റര്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തുന്നതിലും അതിന്‍െറ ഭാഗമാകുന്നതിലും സന്തോഷമുണ്ട്.
കൊച്ചിയില്‍ വിദ്യാര്‍ഥികള്‍ക്ക് മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതി തുടങ്ങുന്ന പരിപാടിയില്‍ പങ്കെടുക്കുന്നതും സാമൂഹിക ലക്ഷ്യമായതിനാലാണ്. 

ഇപ്പോള്‍ നിരവധി വ്യാപാര സ്ഥാപനങ്ങള്‍ ബ്രാന്‍ഡ് അംബാസഡറാകാന്‍ ക്ഷണിച്ചിട്ടുണ്ടെങ്കിലും പോയിട്ടില്ല. സിനിമയിലൂടെ ലഭിച്ച ജനപ്രീതി സമൂഹത്തിലെ നല്ല കാര്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തനാണ് ആഗ്രഹം.
സ്വന്തം നാടുപോലെ തന്നെയാണ് തനിക്ക് കേരളം. മലയാളികള്‍ വളരെ മാന്യമായി പെരുമാറുന്നു. സിനിമ ചെയ്യുന്നതുപോലെ തന്നെ പ്രധാനമാണ് സുഖകരമായ സാഹചര്യത്തില്‍ ജോലി ചെയ്യുക എന്നതും. മലയാള സിനിമയില്‍ തനിക്ക് തീര്‍ത്തും ആഹ്ളാദത്തോടെ തന്നെ അഭിനയിക്കാനായി. സംവിധായകനും സെറ്റിലുള്ള ജോലിക്കാരും മാത്രമല്ല ഷൂട്ടിങ് കാണാന്‍ വന്നവരും വരെ മാന്യമായാണ് പെരുമാറിയത്. 

തമിഴ് നൃത്ത റിയാലിറ്റി ഷോയില്‍ പങ്കെടുക്കുമ്പോള്‍ വിധികര്‍ത്താക്കളായി വരുന്ന പ്രമുഖരെ ജനം ബുദ്ധിമുട്ടിക്കുന്നതും അവര്‍ പരാതിപ്പെടുന്നതും കേട്ടിട്ടുണ്ട്. എന്നാല്‍ മലയാളികള്‍ എത്ര അന്തസ്സായാണ് പെരുമാറുന്നത്. മലയാളത്തില്‍ ഇനിയും അഭിനയിക്കാന്‍ സന്തോഷമേയുള്ളൂ. നല്ല കഥാപാത്രം ലഭിച്ചാല്‍ തീര്‍ച്ചയായും അഭിനയിക്കും.

പ്രേമത്തിനു പിന്നാലെ നിരവധി ഓഫറുകള്‍ വന്നിരുന്നു. മലര്‍ ഇത്രമാത്രം വിജയിപ്പിച്ച പ്രേക്ഷകര്‍ക്ക് മുമ്പില്‍ അടുത്ത കഥാപാത്രത്തെ അവതരിപ്പിക്കാന്‍ അല്പം ഭയമുണ്ട്. ഇപ്പോള്‍ പഠനത്തിലാണ് ശ്രദ്ധ. പഠനം പൂര്‍ത്തിയാക്കാന്‍ ഒരു വര്‍ഷം കൂടിയൂണ്ടെന്ന് ജോര്‍ജിയയില്‍ മെഡിസിന് പഠിക്കുന്ന സായ് പല്ലവി പറഞ്ഞു.

തിരുവനന്തപുരത്ത് കോളജ് വിദ്യാര്‍ഥിനി കാമ്പസില്‍ ജീപ്പിടിച്ച് മരിച്ചതിന് പിന്നില്‍ പ്രേമം സിനിമയെ അനുകരിച്ചവരാണെന്ന ഡി.ജി.പിയുടെ അഭിപ്രായം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ അങ്ങനെയൊരു സംഭവം അറിഞ്ഞില്ളെന്നും ദു:ഖകരമാണ് ഈ വാര്‍ത്തയെന്നും അവര്‍ പറഞ്ഞു. എന്നാല്‍ സിനിമയിലെ എല്ലാം അനുകരിക്കാനുള്ളതല്ല. നല്ലത് അനുകരിക്കുന്നതില്‍ തെറ്റുമില്ല. 

അല്‍ഖൂസ് അല്‍ഖൈല്‍ മാളിന് പിറകിലുള്ള ക്രെഡന്‍സ് ഹൈസ്കൂളിലാണ് വെള്ളിയാഴ്ച മെഡിക്കല്‍ ക്യാമ്പും ഓണാഘോഷവും നടക്കുകയെന്ന് വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ച് അമല മെഡിക്കല്‍ സെന്‍റര്‍ ചെയര്‍മാന്‍ മനോജ് ശ്രീകാന്തയും ജനറല്‍ മാനേജര്‍ പത്മകുമാറും അറിയിച്ചു. രാവിലെ എട്ടു മണിക്ക് തന്നെ പരിപാടികള്‍ ആരംഭിക്കും. 

20 ലേബര്‍ ക്യാമ്പുകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 600 ഓളം പേരെയാണ് മെഡിക്കല്‍ ക്യാമ്പില്‍ പരിശോധിക്കുക.പൂക്കളം, കലാ പരിപാടികള്‍, ഓണസദ്യ, വൈകിട്ട് താമരശ്ശേരി ചുരം ബാന്‍ഡ് അവതരിപ്പിക്കുന്ന സംഗീത പരിപാടി എന്നിവയുമുണ്ടാകും.




Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.