കണ്ണൂര്‍:[www.malabarflash.com] കണ്ണൂരില്‍ ഒന്നാംക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കി. തളാപ്പിലെ ഒരു സ്വകാര്യ വിദ്യാലയത്തിലെ ആറുവയസുകാരനെയാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. മാതാപിതാക്കളാണ് കുട്ടിയെ കാറില്‍ സ്‌കൂളില്‍ കൊണ്ടുവിടുന്നതും തിരികെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരുന്നതും.
എന്നാല്‍ കഴിഞ്ഞദിവസം മാതാപിതാക്കള്‍ സ്‌കൂള്‍ വിട്ടപ്പോള്‍ എത്താന്‍ വൈകി. ഇതിനിടയിലാണ് കുട്ടി രക്ഷിതാക്കളെ കാണാത്തതിനെ തുടര്‍ന്ന് സ്‌കൂള്‍ ഗ്രൗണ്ടിലിരുന്നത്. ഈസമയം രക്ഷിതാക്കള്‍ക്ക് വരാന്‍ പറ്റില്ലെന്നും താന്‍ ഡ്രൈവറാണ്, തന്റെ കൂടെ വരാന്‍ അവര്‍ പറഞ്ഞെന്നും പറഞ്ഞ് ഒരു അപരിചിതന്‍ കുട്ടിയുടെ അടുത്തെത്തി കൈപിടിച്ചു. സംശയം തോന്നിയ കുട്ടി കുതറി ഓടി. ഇതിനിടയില്‍ അപരിചിതന്‍ അപ്രത്യക്ഷമാവുകയും ചെയ്തു.
ഏതാനും മിനുട്ടുകള്‍ കഴിഞ്ഞ് രക്ഷിതാക്കള്‍ സ്‌കൂളിലെത്തിയപ്പോഴാണ് നടന്ന കാര്യങ്ങള്‍ അറിഞ്ഞത്. ഉടന്‍ തന്നെ ടൗണ്‍ എസ് ഐ സനല്‍കുമാറിന് പരാതി നല്‍കിയെങ്കിലും അപരിചിതനെ പോലീസിന് ഇനിയും കണ്ടെത്താനായില്ല.
സ്‌കൂളിലെ സെക്യൂരിറ്റി ജീവനക്കാരന്‍ അന്ന് അവധിയിലായിരുന്നു. ഈ സമയത്താണ് അപരിചിതന്‍ കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. കണ്ണൂരിലും പരിസരപ്രദേശങ്ങളിലും കുട്ടികളെ അടിക്കടി റാഞ്ചാനുള്ള ശ്രമം വ്യാപകമാണ്. ഇത് രക്ഷിതാക്കളില്‍ ഭീതി പരത്തുകയാണ്. സ്‌കൂള്‍ മുറ്റത്തും മറ്റും സിസിടി വിയും സെക്യൂരിറ്റിക്കാരെയും വെക്കണമെന്നാണ് പോലീസിന്റെ ഉപദേശമത്രെ.
കഴിഞ്ഞമാസം പാപ്പിനിശ്ശേരിയിലും സിറ്റിയിലും കടമ്പൂരിലും കുട്ടികളെ റാഞ്ചാന്‍ ശ്രമം നടന്നിരുന്നു. ചിലയിടങ്ങളില്‍ തട്ടിക്കൊണ്ടുപോകല്‍ കുട്ടികളുണ്ടാക്കിയ കള്ളക്കഥയാണെന്നും പോലീസ് പറയുന്നുണ്ട്. എന്നിരുന്നാലും സ്‌കൂള്‍ പരിസരത്തും മറ്റും നിരീക്ഷണം ഊര്‍ജിതമാക്കിയതായി പോലീസ് പറഞ്ഞു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment