Latest News

സി.കെ ശ്രീധരനെ കടന്നാക്രമിച്ച് പിണറായിയുടെ ഫേസ്ബുക്ക് പോസ്റ്റ്

കാസര്‍കോട് :[www.malabarflash.com] സിപിഎം പ്രവര്‍ത്തകന്‍ മാങ്ങാട്ടെ എം.ബി ബാലകൃഷ്ണനെ വെട്ടിക്കൊന്ന കേസില്‍ പ്രതിയായ ഷിബു കടവങ്ങാനത്തിന്റെ പുതിയ വെളിപ്പെടുത്തലിനെ തുടര്‍ന്ന് ഡി സി സി പ്രസിഡണ്ട് അഡ്വ സി.കെ ശ്രീധരനെ കടന്നാക്രമിച്ച് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ ഫേസ്ബുക്കിലിട്ട പോസ്റ്റ് വിവാദമായി.

കേരളത്തിലെ ഭരണാധികാരികളും പോലീസ് സംവിധാനവും എത്രമാത്രം അധപതിച്ചു എന്നതാണ് വ്യക്തമാക്കുന്നതെന്ന് പിണറായി വിജയന്‍ പോസ്റ്റില്‍ പറയുന്നു. കൊലപാതകി എത്തി ഗൂഢാലോചനയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയിട്ടും അത് റിപ്പോര്‍ട്ട് ചെയ്യാന്‍ തയ്യാറാകാതെ നിസാരവല്‍ക്കരിക്കുകയും വക്രീകരിക്കുകയും ചെയ്ത വലതുപക്ഷ മാധ്യമങ്ങളുടെ പൊയ്മുഖം കൂടി ഇവിടെ തുറന്നുകാട്ടപ്പെടുന്നതായും പോസ്റ്റില്‍ ആരോപിക്കുന്നു.

പിണറായിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം
കാസര്‍കോട് ജില്ലയില്‍ രണ്ടുവര്‍ഷം മുമ്പ് തിരുവോണ നാളില്‍ സിപിഐ എം പ്രവര്‍ത്തകന്‍ എം ബി ബാലകൃഷ്ണനെ വെട്ടിക്കൊന്ന കേസില്‍ കോണ്‍ഗ്രസിന്റെ ജില്ലാ നേതൃത്വത്തിനുള്ള പങ്കാളിത്തം കഴിഞ്ഞദിവസം പുറത്തുവന്നിട്ടുണ്ട്. ബാലകൃഷ്ണന്റെ രക്തസാക്ഷിത്വ വാര്‍ഷിക നാളിലാണ് ആ കേസിലെ ഏഴാം പ്രതി ഷിബു കടവങ്ങാനം എന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പിടിയിലായതും പത്രസമ്മേളനത്തില്‍ കൊലപാതകത്തിന്റെ രാഷ്ട്രീയബന്ധങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞതും. ഡിസിസി പ്രസിഡന്റ് സി കെ ശ്രീധരന്‍ ഉപദേശിച്ച പ്രകാരമാണ് താന്‍ ഒളിവില്‍ പോയതെന്നും കൊലപാതകത്തെക്കുറിച്ച് ശ്രീധരന് വ്യക്തമായ അറിവുണ്ടായിരുന്നു എന്നുമാണ് മാധ്യമങ്ങള്‍ക്കു മുമ്പാകെ ഷിബു വെളിപ്പെടുത്തിയത്. യൂത്ത് കോണ്‍ഗ്രസ് നേതാവ് കൂടിയായ ഷിബു ഉദുമ സര്‍വീസ് സഹകരണബാങ്ക് ജീവനക്കാരനാണ്. തനിക്ക് സി കെ ശ്രീധരന്‍ നല്‍കിയ സഹായങ്ങളെക്കുറിച്ചും രക്ഷപ്പെടുത്താമെന്ന വാഗ്ദാനത്തെക്കുറിച്ചും ഷിബു തുറന്നുപറഞ്ഞിട്ടുണ്ട്. മുന്‍ ഡിസിസി ജനറല്‍ സെക്രട്ടറി കടവങ്ങാനം കുഞ്ഞിക്കേളുനായരുടെ മകനാണ് ഷിബു. കോണ്‍ഗ്രസ് സംഘടനാതലത്തില്‍ വിപുലമായ ഗൂഢാലോചന നടത്തിയാണ് ബാലകൃഷ്ണനെ കൊലപ്പെടുത്തിയത് എന്ന് ഷിബു പറയുന്നു. മാത്രമല്ല പിടികിട്ടാപ്പുള്ളിയായിട്ടും കഴിഞ്ഞ രണ്ടുവര്‍ഷം ഷിബു കാസര്‍കോട് ജില്ലയില്‍ സൈ്വരവിഹാരം നടത്തുകയായിരുന്നു. മുഖ്യമന്ത്രിക്കും കെപിസിസി പ്രസിഡന്റിനും ആഭ്യന്തരമന്ത്രിക്കും അന്വേഷണം നടത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും ഇക്കാര്യങ്ങള്‍ അറിയാമായിരുന്നു.
വളരെ വിചിത്രമായ അനുഭവമാണ് ബുധനാഴ്ച കാസര്‍കോട് ഉണ്ടായത്. കൊലപാതകക്കേസിലെ പ്രതി വാര്‍ത്താസമ്മേളനം നടത്തുമ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ തന്നെ അക്കാര്യം പൊലീസിനെ അറിയിച്ചിരുന്നു. പിടികിട്ടാപ്പുള്ളി പത്രക്കാരെ കാണുന്നുണ്ടെന്ന് സിപിഐ എം കാസര്‍കോട് ജില്ലാസെക്രട്ടറി തന്നെ പൊലീസിന് വിവരം നല്‍കി. എന്നിട്ടുപോലും രണ്ടുമണിക്കൂര്‍ കഴിഞ്ഞാണ് പൊലീസ് അങ്ങോട്ട് തിരിഞ്ഞുനോക്കിയത്. അതിന് സിപിഐ എമ്മിന്റെയും ഡിവൈഎഫ്‌ഐയുടെയും പ്രവര്‍ത്തകര്‍ പ്രസ്‌ക്ലബിനു മുന്നിലെ റോഡില്‍ കുത്തിയിരിക്കേണ്ടിവന്നു. പിടികിട്ടാപ്പുള്ളിയെ പിടിച്ചുകൊടുത്തിട്ടും അറസ്റ്റ് ചെയ്യാനോ നിയമനടപടി എടുക്കാനോ പൊലീസ് തയ്യാറായില്ല. അനിവാര്യമായ നിയമനടപടികള്‍ക്ക് ജനകീയ പ്രക്ഷോഭം വേണ്ടിവന്നു.
ഡിസിസി പ്രസിഡന്റ് സി കെ ശ്രീധരന്‍ അഭിഭാഷകന്‍ കൂടിയാണ്. നിരവധി രാഷ്ട്രീയ കേസുകളില്‍ സിപിഐ എമ്മിനെതിരെ സ്വന്തം നിലയ്ക്കും പബ്ലിക് പ്രോസിക്യൂട്ടര്‍, സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ എന്നിങ്ങനെയുള്ള പദവികള്‍ ഉപയോഗിച്ചും നിയമവേദികളിലും രാഷ്ട്രീയമായും ആക്രമണങ്ങള്‍ക്ക് നിരന്തരം നേതൃത്വം നല്‍കുന്ന വ്യക്തി കൂടിയാണ്. അങ്ങനെയുള്ള ഒരാള്‍ തന്നെ സിപിഐ എമ്മിന്റെ ഉശിരനായ പ്രവര്‍ത്തകനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചനയില്‍ പങ്കാളിയായി എന്നാണ് കൂട്ടുപ്രതി വെളിപ്പെടുത്തിയിരിക്കുന്നത്.
സമീപനാളുകളില്‍ സിപിഐ എമ്മിനെതിരെ വലതുപക്ഷ മാധ്യമങ്ങളും കോണ്‍ഗ്രസും ആര്‍എസ്എസും നടത്തുന്ന പ്രചാരണങ്ങളെ തുറന്നുകാട്ടുന്നതാണ് ഈ അനുഭവം. സംസ്ഥാന പൊലീസ് അന്വേഷിക്കാന്‍ തയ്യാറാകാതെ രാഷ്ട്രീയ ദുഷ്ടലാക്കോടെ കൊലപാതകക്കേസുകള്‍ സിബിഐയെ ഏല്‍പിച്ച അനുഭവങ്ങള്‍ നമുക്കുമുന്നിലുണ്ട്. ഗൂഢാലോചന കുറ്റം ചുമത്തിയും ഭാവനയില്‍ ഉരുത്തിരിഞ്ഞ കഥകളെ ആസ്പദമാക്കിയും പ്രധാന നേതാക്കള്‍ അടക്കമുള്ള സിപിഐ എം പ്രവര്‍ത്തകരെ കേസില്‍ കുടുക്കുകയും ജയിലില്‍ അടയ്ക്കുകയും ചെയ്ത ദുരനുഭവങ്ങളുണ്ട്. അത്തരം സംഭവങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കാസര്‍കോട്ടെ ബാലകൃഷ്ണന്‍ വധവും അതിന്റെ അണിയറ നാടകങ്ങളും പൊതുസമൂഹത്തിനുമുന്നില്‍ നിശിതമായ പരിശോധനയ്ക്ക് വിധേയമാകേണ്ടതാണ്. വധഗൂഢാലോചനയില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് പങ്കാളിത്തമുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തിയത് ഏഴാം പ്രതി ഷിബു കടവങ്ങാനമാണ്. അത് മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നിലാണ്. ഡിസിസി പ്രസിഡന്റും കോണ്‍ഗ്രസിന്റെ വിവിധ തട്ടിലുള്ള നേതാക്കളും കുറ്റവാളികളുടെ പട്ടികയിലുണ്ട്. രണ്ടുവര്‍ഷം കൊലപാതകിയെ ഒളിവില്‍ കഴിയാന്‍ സഹായിച്ചു, അതിന് ബാങ്ക് ജോലിയില്‍നിന്ന് അവധി അനുവദിച്ചു, മുന്‍കൂര്‍ ജാമ്യം ലഭ്യമാക്കുന്നതുവരെ മാറിനില്‍ക്കാന്‍ ഉപദേശിച്ചു, പിടികിട്ടാപ്പുള്ളിയായിട്ടും സൈ്വരവിഹാരത്തിന് ഒത്താശ നല്‍കി എന്നീ കുറ്റകൃത്യങ്ങളാണ് ഭരണകക്ഷിയുടെ ജില്ലാ അധ്യക്ഷന്‍ തന്നെ ചെയ്തതായി പ്രതി വെളിപ്പെടുത്തുന്നത്. ഈ പ്രതി പിടിക്കപ്പെട്ടാല്‍ ഗൂഢാലോചനയുടെ വിശദാംശങ്ങള്‍ പുറത്തുവരും എന്ന് ആഭ്യന്തരമന്ത്രിക്ക് മുന്നറിയിപ്പ് നല്‍കിയതും ഡിസിസി പ്രസിഡന്റാണെന്ന് പ്രതി പറയുന്നു.
കേരളത്തിലെ ഭരണാധികാരികളും പൊലീസ് സംവിധാനവും എത്രമാത്രം അധഃപതിച്ചു, പക്ഷപാതപരമായി പെരുമാറുന്നു എന്നാണ് ഇതെല്ലാം വെളിപ്പെടുത്തുന്നത്. തങ്ങളുടെ കണ്‍മുന്നില്‍ കൊലപാതകി എത്തി ഗൂഢാലോചനയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയിട്ടും അത് റിപ്പോര്‍ട്ട് ചെയ്യാന്‍ തയ്യാറാകാതെ നിസാരവല്‍ക്കരിക്കുകയും വക്രീകരിക്കുകയും ചെയ്ത വലതുപക്ഷ മാധ്യമങ്ങളുടെ പൊയ്മുഖം കൂടി ഇവിടെ തുറന്നുകാട്ടപ്പെടുന്നുണ്ട്. കേരളത്തില്‍ അക്രമരാഷ്ട്രീയത്തിന്റെ കൊടിപിടിക്കുന്നത് കോണ്‍ഗ്രസും ആര്‍എസ്എസുമാണ്. ആര്‍എസ്എസ് തുടര്‍ച്ചയായ കൊലപാതകങ്ങള്‍ നടത്തുന്നു. ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യുന്നു. കോണ്‍ഗ്രസ് എതിരാളികളെ കൊന്നൊടുക്കുക മാത്രമല്ല സ്വന്തം പാര്‍ടിയില്‍പ്പെട്ടവരെ തന്നെ കൊലചെയ്യുന്നു. ഇതൊക്കെ തമസ്‌കരിച്ച് സിപിഐ എമ്മിനുനേരെ അക്രമരാഷ്ട്രീയത്തിന്റെ വക്താക്കളെന്ന ആക്ഷേപം ചൊരിയാന്‍ യഥാര്‍ഥ അക്രമരാഷ്ട്രീയക്കാരും അതിന്റെ വൈതാളികരും അവതരിക്കുന്നു.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.