Latest News

ഗെയില്‍ പൈപ്പലൈന്‍: സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന നഷ്ടപരിഹാരം നല്‍കും

കണ്ണൂര്‍: [www.malabarflash.com] പ്രകൃതിവാതക പൈപ്പ് ലൈന്‍ കടന്നുപോകുന്ന പ്രദേശത്തെ ജനങ്ങള്‍ക്ക് കേരള സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന നഷ്ടപരിഹാര പാക്കേജ് നല്‍കുമെന്ന് ഗെയില്‍ ചീഫ് മാനേജര്‍ ടോണി മാത്യു പറഞ്ഞു.

കണ്ണൂര്‍ ജില്ലയില്‍ പൊതുമേഖലാ സ്ഥാപനമായ ഗെയില്‍ ഇന്ത്യ ലിമിറ്റഡിന് പ്രകൃതിവാതക പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിന് ഭൂമി ലഭ്യമാക്കുന്നതു സംബന്ധിച്ച് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജനപ്രതിനിധികളുടെയും ഉദേ്യാഗസ്ഥരുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
82 കി മീ ആണ് കണ്ണൂര്‍ ജില്ലയിലൂടെ പൈപ്പ്‌ലൈന്‍ കടന്നുപോകുന്നത്. 32 കോടി രൂപയാണ് ഇതിന് നഷ്ടപരിഹാരമായി കണക്കാക്കുന്നത്. ഇതില്‍ 12 കോടി ന്യായവിലയുടെ 50 ശതമാനവും ബാക്കി 20 കോടി വിളകള്‍ക്ക് നല്‍കുന്നതുമാണ്. ഇന്ത്യയില്‍ 16 സംസ്ഥാനങ്ങളില്‍ വാതകപൈപ്പ് ലൈനുകള്‍ ഉണ്ട്. ഇതില്‍ 27 നഗരങ്ങളും ഉള്‍പ്പെടുന്നു. പദ്ധതി യാഥാര്‍ഥ്യമായാല്‍ സിഎന്‍ജിയുടെ ലഭ്യത വര്‍ധിക്കും. ഇതു പാചകവാതകമായി ഉപയോഗിക്കാമെന്നതിനാല്‍ ജീവിതച്ചെലവു ഗണ്യമായി കുറയും. 

പദ്ധതിപ്രദേശങ്ങളില്‍ ഗ്യാസ് വിതരണം പൈപ്പ് ലൈന്‍ വഴിയാകുന്നതോടെ അവിടങ്ങളിലെ സിലിണ്ടറുകള്‍ മറ്റിടങ്ങളില്‍ ഉപയോഗിക്കാനാകും. ഫലത്തില്‍ എല്ലായിടത്തും ഗ്യാസിന്റെ ലഭ്യത വര്‍ധിക്കും. സിഎന്‍ജി കൂടുതല്‍ ലഭ്യമാവുന്നതോടെ അവ വാഹനങ്ങളില്‍ ഉപയോഗിക്കാവുന്ന സാഹചര്യമുണ്ടാവും. ഇത് ഭീമമായ തുക നല്‍കി പെട്രോളടിക്കുന്നതിനെക്കാള്‍ ഉപഭോക്താവിനെ സംബന്ധിച്ച് ലാഭകരമായിരിക്കും.
പൈപ്പ് ലൈന്‍ മണ്ണിനടിയിലൂടെ കടന്നുപോകുന്നതിനാല്‍ വളരെ സുരക്ഷിതമാണ്. ടാങ്കറില്‍ ഗ്യാസ് കടത്തുന്നതുവഴിയുള്ള മലിനീകരണവും അപകടവും കുറയ്ക്കാന്‍ ഇതുവഴി സാധിക്കും. സ്ഥലം വിട്ടുനല്‍കുന്നവരുടെ ഭൂമിയുടെ ഉടമസ്ഥാവകാശം ഗെയ്‌ലിന് ആയിരിക്കില്ല. അവയുടെ ക്രയവിക്രയത്തിനും തടസമുണ്ടാവില്ല. സ്ഥലത്തിന്റെ ഉപയോഗാവകാശം മാത്രമാണ് കേന്ദ്രസര്‍ക്കാരിന് ഉണ്ടാവുക. 

വീടുകള്‍ പൊളിച്ചുകൊണ്ടു പൈപ്പിടില്ല. 10 സെന്റില്‍ വീട് വരുന്ന സ്ഥലങ്ങളില്‍ വീതി കുറച്ചാണ് പൈപ്പിടുക. 10 സെന്റില്‍ താഴെ മാത്രം ഭൂമിയുളളവര്‍ക്ക് വീട് വെക്കാനുളള സ്ഥലം വിട്ടിട്ടുമാത്രമേ സ്ഥലമെടുക്കൂ. അത്തരം സ്ഥലങ്ങളില്‍ വീതി ര്യു് മീറ്റര്‍ മാത്രമാവും. പൈപ്പിട്ടശേഷം കൃഷി ചെയ്യുന്നതില്‍ തടസ്സമില്ല. ചീഫ് കണ്‍ട്രോള്‍ ഓഫ് എക്‌സ്‌പ്ലോസീവിന്റെ അനുമതിയുടെ അടിസ്ഥാനത്തിലാണ് ഗ്യാസ് പൈപ്പ് ലൈനിന്റെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുക. പൂര്‍ണമായും സുരക്ഷിതമായ പൈപ്പുകളാണ് സ്ഥാപിക്കുക.
കണ്ണൂര്‍ ജില്ലയില്‍ 53 വില്ലേജിലൂടെ ലൈന്‍ കടന്നുപോകും. തെങ്ങിന് 12078 രൂപ, കമുക് 3934, മാവ് 11750, വാഴ 320, കശുമാവ് 6469, പ്ലാവ് 8710 എന്നിങ്ങനെയാണ് നഷ്ടപരിഹാരം നല്‍കുക. 503 കിലോ മീറ്ററാണ് പൈപ്പ് ലൈന്‍ കേരളത്തിലൂടെ കടന്നുപോകുന്നത്. പരിസ്ഥിതി ലോല പ്രദേശത്തിലൂടെ കടന്നുപോകാത്തതിനാല്‍ പാരിസ്ഥിതികാനുമതി ആവശ്യമില്ലെന്നും ടോണി മാത്യു പറഞ്ഞു.
ജനങ്ങള്‍ക്ക് ഏറെ ഗുണകരമായ ഗെയ്ല്‍ പൈപ്പ് ലൈന്‍ പദ്ധതിയുമായി എല്ലാവരും സഹകരിക്കണമെന്ന് ജില്ലാ കലക്ടര്‍ പി ബാലകിരണ്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. പദ്ധതി വഴി വികസ്യൂ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാരിന് 1500 കോടി രൂപ വാര്‍ഷിക വരുമാനം ലഭിക്കും. സുരക്ഷ സംബന്ധിച്ച ജനങ്ങളുടെ സംശയങ്ങള്‍ തീര്‍ക്കാന്‍ ഗെയില്‍ ഓഫീസ് കണ്ണൂരില്‍ ആരംഭിക്കും. ആശങ്കയുണ്ടെങ്കില്‍ പരിഹരിക്കാന്‍ ബന്ധപ്പെട്ടവരുടെ യോഗം വിളിക്കും. ഇതിനായി ബോധവല്‍ക്കരണ ക്യാമ്പയിന്‍ നടത്തുമെന്നും കലക്ടര്‍ പറഞ്ഞു.
യോഗത്തില്‍ എം എല്‍ എ മാരായ ഇ പി ജയരാജന്‍, ജെയിംസ് മാത്യു, സബ്കലക്റ്റര്‍ നവജ്യോത് ഖോസ, അസി. കലക്റ്റര്‍ ചന്ദ്രശേഖര്‍, എ ഡി എം ഒ മുഹമ്മദ് അസ്‌ലം എന്നിവരും പദ്ധതി പ്രദേശത്തെ ജനപ്രതിനിധികളും സംസാരിച്ചു.




Keywords:Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.