Latest News

ഷാര്‍ജയില്‍ തീപിടിത്തം; മൂന്നു കടകള്‍ കത്തിനശിച്ചു

ഷാര്‍ജ:[www.malabarflash.com] ഷാര്‍ജയില്‍ അഗ്‌നിബാധ തുടര്‍ക്കഥയാകുന്നു. യര്‍മൂഖിലുണ്ടായ അഗ്‌നിബാധയില്‍ മൂന്നു കടകള്‍ കത്തിനശിച്ചു. മൂന്നു ഫ്‌ളാറ്റുകള്‍ക്കു ഭാഗികമായി നാശനഷ്ടം. ആര്‍ക്കും പരുക്കില്ല. വന്‍നാശനഷ്ടം കണക്കാക്കുന്നു. ചൊവ്വാഴ്ച വൈകിട്ടു നാലരയോടെ സഖര്‍ ബിന്‍ ഖാലിദ് അല്‍ ഖാസിമി സ്ട്രീറ്റിലെ ഇരുനില കെട്ടിടത്തിലായിരുന്നു അഗ്‌നിബാധ.

സുഡാന്‍ സ്വദേശിയുടെ ഡോള്‍ഫിന്‍ റെന്റ് എ കാര്‍, ഇറാഖ് സ്വദേശിയുടെ ഫകാമ റെന്റ് എ കാര്‍, സിറിയന്‍ സ്വദേശിയുടെ പാര്‍ട്ടി അറേഞ്ച്‌മെന്റ് എന്നീ സ്ഥാപനങ്ങളാണു കത്തിനശിച്ചത്. കംപ്യൂട്ടറുകള്‍, സോഫാ സെറ്റുകള്‍, മറ്റു വിലപിടിപ്പുള്ള വസ്തുക്കളെല്ലാം അഗ്‌നിക്കിരയായി.

രണ്ടാം നിലയില്‍ ആളുകള്‍ താമസിച്ചിരുന്ന ഫഌറ്റുകളിലേക്കും തീ പടര്‍ന്നു. എന്നാല്‍, ഫഌറ്റുകളെ പൂര്‍ണമായും തീ വിഴുങ്ങുംമുമ്പ് സിവില്‍ ഡിഫന്‍സ് വിഭാഗമെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. സംഭവസമയം ഫഌറ്റുകളില്‍ ആരും ഉണ്ടായിരുന്നില്ല. എന്നാല്‍, കടകളിലുണ്ടായിരുന്നവര്‍ പെട്ടെന്നു പുറത്തേക്കോടി രക്ഷപ്പെട്ടു. അഗ്‌നിബാധയെ തുടര്‍ന്ന് ഈ ഭാഗങ്ങളില്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.

കെട്ടിടത്തിനു മുന്‍പിലെ റോഡരികില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിരുന്നു. ഇവ പെട്ടെന്നു മാറ്റിയതിനാല്‍ നാശനഷ്ടം നേരിട്ടില്ല. അടുത്തടുത്തായി ഒട്ടേറെ കെട്ടിടങ്ങള്‍ സ്ഥിതി ചെയ്യുന്ന സ്ഥലമാണിത്. വൈദ്യുതി ഷോര്‍ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നു കരുതുന്നു. ഈ മാസം ഒന്നിനു മജാസ് ഏരിയയില്‍ കിങ് ഫൈസല്‍ റോഡിനോടു ചേര്‍ന്നുള്ള വന്‍ പാര്‍പ്പിട കേന്ദ്രത്തിലും പിന്നീടു റോളയിലെ അല്‍ ഗുവൈര്‍ സെന്ററിനടുത്തെ മലയാളികളുടെ കടകളിലും അഗ്‌നിബാധയുണ്ടായിരുന്നു.




Keywords:Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.