Latest News

സൗദിയില്‍ വീട്ടുജോലിക്കാരിയായ തമിഴ്‌നാട് സ്വദേശിയുടെ കൈ വെട്ടിമാറ്റി

റിയാദ്:[www.malabarflash.com] സൗദി അറേബ്യയില്‍ വീട്ടുജോലിക്കാരിയായ തമിഴ് നാട് സ്വദേശിയുടെ കൈ വെട്ടിമാറ്റി. കഴിഞ്ഞ ബുധനാഴ്ചയാണ് ക്രൂരമായ ഈ സംഭവം ഉണ്ടായത്. നിത്യവൃത്തിയ്ക്ക് മാര്‍ഗമില്ലാതെയാണ് പ്രായാധിക്യത്തെ മറികടന്ന് രണ്ട് മാസം മുമ്പ് തമിഴ് നാട് സ്വദേശിയായ കസ്തൂരി മുനിരത്‌നമെന്ന അമ്പത്തിയഞ്ചുകാരി വീട്ടു ജോലിക്കായി റിയാദിലെ സ്ത്രീകള്‍ മാത്രം താമസിക്കുന്ന ഒരു വീട്ടിലെത്തിയത്.

എന്നാല്‍ ജോലിക്കായി എത്തിയ ഇവര്‍ക്ക് ഈ വീട്ടില്‍ നേരിട്ടത് കടുത്ത പീഡനമായിരുന്നു. മാത്രമല്ല അമിത ജോലിഭാരവും വീട്ടുകാര്‍ ഇവരില്‍ അടിച്ചേല്‍പ്പിച്ചിരുന്നു. കസ്തൂരിക്ക് വീട്ടുകാരുമായി ഫോണില്‍ ബന്ധപ്പെടുന്നതിനുള്ള അനുമതിപോലും ഇവര്‍ നിഷേധിച്ചിരുന്നു. പുറത്ത് മറ്റാരോടെങ്കിലും സംസാരിച്ചാല്‍ സൗദി വനിത മുറി പൂട്ടിയിട്ട് സ്ഥിരമായി ഇവരെ മര്‍ദ്ദിക്കുയും കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ജീവനില്‍ ഭയന്ന കസ്തൂരി പൂട്ടിയിട്ട മുറിയുടെ ജനല്‍ വഴി തുണി കൂട്ടിക്കെട്ടി പുറത്തേക്കു ചാടാന്‍ ശ്രമിച്ചു.

താഴെ ഇറങ്ങിയ ഉടനെ കത്തിയുമായി ചാടിവീണ ആരോ തന്റെ കൈ വെട്ടിമാറ്റുകയായിരുന്നെന്ന് കസ്തൂരി പറഞ്ഞു. അബോധാവസ്ഥയിലായ കസ്തൂരിയെ റിയാദിലെ കിങ്ഡം ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആ സമയത്ത് ഇവരുടെ് വലതുകൈ നഷ്ടപ്പെട്ട് കാലിനും ശരീര ഭാഗങ്ങളിലും ഗുരുതരമായ പരുക്കേറ്റ നിലയിലുമായിരുന്നെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

ചോര വാര്‍ന്നൊഴുകുന്ന നിലയില്‍ കസ്തൂരിയെ റെഡ് ക്രസന്റ് ആംബുലന്‍സിലാണ് ആശുപത്രിയിലെത്തിച്ചതെന്ന് അവിടെ ജോലി ചെയ്യുന്ന സ്റ്റാഫ് നഴ്‌സും ഇടുക്കി സ്വദേശിനിയുമായ ജിസ പറഞ്ഞു. വെട്ടി മാറ്റിയ കൈ ആശുപത്രിയില്‍ കൊണ്ടു വന്നിരുന്നെങ്കിലും തല്‍ക്കാലം അടിയന്തര ശസ്ത്രക്രിയയിലൂടെ രക്തം വാര്‍ന്നൊഴുകുന്നത് തടയുക മാത്രമായിരുന്നു ഡോക്ടര്‍മാര്‍ക്ക് മുന്നിലുള്ള വഴിമാത്രമായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.സംഭവത്തെക്കുറിച്ച് ഹൈ അല്‍സഹാഫ പോലീസ് ഊര്‍ജിതമായ അന്വേഷണമാരംഭിച്ചു.

കേസിനെ കുറിച്ച് വിശദമായ അന്വേഷണം നടത്തുന്നതിനായി സൗദി ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയ്ക്ക് കൈമാറിയതായും ഒരു എംബസി ഉദ്യോഗസ്ഥന്‍ പറഞ്ഞു.ഇന്ത്യന്‍ സോഷ്യല്‍ ഫോറം തമിഴ്‌നാട് ഘടകം ഭാരവാഹി റാഷിദ് ഖാന്‍ ആണ് ഇപ്പോള്‍ അവര്‍ക്കു വേണ്ട സഹായങ്ങളുമായി കൂടെയുള്ളത്. ഇദ്ദേഹം അറിയിച്ചതനുസരിച്ച് ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ കസ്തൂരിയെ സന്ദര്‍ശിച്ച് എല്ലാ സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്.




Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.