Latest News

കുവൈത്ത് മയക്കുമരുന്ന്: റാഷിദ് വീണ്ടും ജയിലില്‍

കുവൈത്ത് :[www.malabarflash.com] സുഹൃത്തിന്റെ കൊടും ചതിയില്‍ കുവൈത്തില്‍ മയക്ക് മരുന്ന് കേസില്‍ കുടുങ്ങിയ മീനാപ്പീസിലെ റാഷിദിനെ കുവൈത്ത് പോലീസ് ഞായറാഴ്ച വീണ്ടും കസ്റ്റഡിയിലെടുത്തു.
മയക്ക് മരുന്ന് കേസില്‍ അടുത്ത് 14 ന് അന്തിമ വിധി വരാനിരിക്കെയാണ് റാഷിദിനെ പോലീസ് വീണ്ടും കസ്റ്റഡിയിലെടുത്തത്.

കഴിഞ്ഞ ദിവസം കേസിന്റെ വിചാരണക്കായി കുവൈറ്റ് സിറ്റിയിലുള്ള ക്രിമിനല്‍ കോടതിയില്‍ ഹാജരായ റാഷിദിനെ പോലീസ് കസ്റ്റഡിയിലെടുത്ത് റിമാന്റ് ചെയ്യുകയായിരുന്നു. റാഷിദിന് നേരത്തെ കോടതി അഞ്ച് വര്‍ഷം തടവും 5000 ദിനാര്‍ (ഏതാണ്ട് പത്ത് ലക്ഷം രൂപ )പിഴയും വിധിച്ചിരുന്നു.

അബ്ബാസയിലെ ഇന്റര്‍നെറ്റ് കഫേ ജീവനക്കാരനായ റാഷിദ് കഴിഞ്ഞവര്‍ഷം നാട്ടില്‍ അവധിക്കാലം കഴിഞ്ഞ് ജൂണ്‍ 26ന് കുവൈത്തിലേക്ക് തിരിച്ചുപോകുന്നതിനിയില്‍ സുഹൃത്തായ പഴയങ്ങാടി മാട്ടൂലിലെ ഫവാസിന് നല്‍കാന്‍ സുഹൃത്ത് നല്‍കിയ മരുന്ന് പാക്കറ്റ് കുവൈത്ത് വിമാനത്താവളത്തില്‍ വെച്ച് പിടിക്കപ്പെടുകയും റാഷിദിനെ മയക്ക് മരുന്ന് വിരുദ്ധസേന പിടികൂടി ജയിലിലടക്കുകയും ചെയ്തിരുന്നു. മയക്ക് മരുന്നായി ഉപയോഗിക്കുന്ന വേദനാസംഹാരി ഗുളികകളാണ് റാഷിദില്‍ നിന്ന് കുവൈത്ത് പോലീസ് പിടികൂടിയത്.

എന്നാല്‍ സുഹൃത്തിന്റെ ചതിയില്‍ കുടുങ്ങി ജയിലില്‍ അകപ്പെട്ട റാഷിദിന് വേണ്ടി കുവൈത്തിലെ മലയാളി സമൂഹം ഒന്നടങ്കം രംഗത്തിറങ്ങിയതിനെ തുടര്‍ന്ന് റാഷിദിന് ജാമ്യം ലഭിച്ചു.
നിയമ നടപടിയുമായി പൂര്‍ണ്ണമായും സഹകരിച്ച് നിരപരാധിത്വം ബോധ്യപ്പെടുത്തുമെന്ന നിലപാടിലാണ് റാഷിദും കുവൈത്തിലുള്ള കാഞ്ഞങ്ങാട് സ്വദേശികളും. ഞായറാഴ്ച ജയിലിലായ റാഷിദ് അന്തിമ വിധിയില്‍ നിരപരാധിത്വം തെളിയിച്ച് ജയില്‍ മോചിതനാകുമെന്ന് തന്നെയാണ് ഇവരുടെ പ്രതീക്ഷ. റാഷിദിനെ ചതിച്ച സുഹൃത്ത് ഫവാസ് കുവൈത്തില്‍ നിന്ന് ഹൈദരാബാദ് വിമാനത്താവളം വഴി നാട്ടിലേക്ക് രക്ഷപ്പെട്ടിരുന്നു.

ഇതേത്തുടര്‍ന്ന് റാഷിദിന്റെ മാതാവ് ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് ഫവാസിനെയും മയക്ക് ഗുളികകള്‍ റാഷിദിന് കൈമാറിയ സുഹൃത്തിനെയും ഹൊസ്ദുര്‍ഗ് പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിടുകയും ചെയ്തിരുന്നു.




Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.