Latest News

ക്ഷേത്രങ്ങളില്‍ ഇടക്ക നിരോധിക്കാനും ഹിന്ദുസംഘടനകള്‍ ഇടപെടണമെന്ന് എന്‍.എസ് മാധവന്‍

കൊച്ചി:[www.malabarflash.com] പശുത്തോല്‍ കൊണ്ട് നിര്‍മിച്ച ഷൂസ് വില്‍പനക്ക് വെച്ച ഓണ്‍ലൈന്‍ ഷോപ്പിനെതിരെ ആര്‍. എസ്.എസ് അനുഭാവികള്‍ രംഗത്തുവന്നതിനെ വിമര്‍ശിച്ച് സാഹിത്യകാരന്‍ എന്‍.എസ് മാധവന്‍. പശുവിന്റെ ആന്തരിക ചര്‍മം കൊണ്ട് നിര്‍മിക്കുന്ന ക്ഷേത്രവാദ്യമായ ഇടയ്ക്ക നിരോധിക്കാനും ഹിന്ദുസംഘടനകള്‍ മുന്നോട്ടുവരണമെന്ന് മാധവന്‍ ട്വീറ്റ് ചെയ്തു.

ആര്‍.എസ്.എസ് അനുകൂലികളുടെ ട്വിറ്റര്‍ അക്കൗണ്ടിലാണ് ഓണ്‍ലൈന്‍ സ്‌റ്റോറായ മിന്ത്രക്കെതിരെ കേന്ദ്രസര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് ആവശ്യം ഉയര്‍ന്നത്. ഇതിനോടുള്ള പ്രതികരണമായാണ് എന്‍.എസ് മാധവന്റെ ട്വീറ്റ്. കേരളത്തിലെ ക്ഷേത്രങ്ങളിലാണ് ഇടയ്ക്ക വാദ്യമായി ഉപയോഗിക്കുന്നത്.

RSS_Org എന്ന ട്വിറ്റര്‍ അക്കൗണ്ടിലാണ് ഷൂ വില്‍പനക്കെതിരെ നടപടി വേണമെന്ന് ആവശ്യം വന്നത്. ഷൂ വില്‍പനക്ക് വെക്കുന്നതിലൂടെ മിന്ത്ര വിശ്വാസത്തെ വ്രണപ്പെടുത്തുകയാണെന്നും ട്വിറ്ററില്‍ പറയുന്നു. അതേസമയം ട്വിറ്ററില്‍ പറയുന്ന കാര്യങ്ങള്‍ ആര്‍.എസ്.എസിന്റെ ഔദ്യോഗിക നിലപാടല്ലെന്നും ഇത് ഔദ്യോഗിക ട്വിറ്ററല്ലെന്നും ആര്‍.എസ്.എസ് നേതാവ് മന്‍മോഹന്‍ വൈദ്യ പറഞ്ഞു. 

എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ് ലി എന്നിവര്‍ പിന്തുടരുന്ന അക്കൗണ്ടാണിത്. സ്വയംസേവകരിലൊരാളാണ് ഈ ട്വിറ്റര്‍ അക്കൗണ്ട് കൈകാര്യം ചെയ്യുന്നതെന്നും മിന്ത്രയെ സംബന്ധിച്ചുള്ള ട്വീറ്റ് പൊതുജനാഭിപ്രായമാണെന്നും ആര്‍.എസ്.എസ്. കര്‍ണാടക മാധ്യമവിഭാഗം തലവന്‍ രാജേഷ് പദ്മര്‍ അറിയിച്ചു.

അതേസമയം, ഷൂ വില്‍പന മതവികാരത്തെ വ്രണപ്പെടുത്തുന്നു എന്ന ആരോപണത്തോട് മിന്ത്ര പ്രതികരിച്ചു. നിങ്ങളുടെ വികാരങ്ങളെ മാനിക്കുന്നു. എന്നാല്‍ തുകല്‍ ഉത്പന്നങ്ങളുടെ വില്‍പന രാജ്യത്ത് നിയമവിരുദ്ധമാക്കിയിട്ടില്ല എന്നും മിന്ത്ര വ്യക്തമാക്കി.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.