Latest News

നിയമസഭയിലെ കൈയാങ്കളി: ആറ് പ്രതിപക്ഷ എം.എല്‍.എമാര്‍ കുറ്റക്കാരെന്ന് ക്രൈംബ്രാഞ്ച്

തിരുവനന്തപുരം:[www.malabarflash.com] ബജറ്റ് അവതരണത്തിനിടെ നിയമസഭയിലുണ്ടായ കൈയാങ്കളിയില്‍ ആറ് പ്രതിപക്ഷ എം.എല്‍.എ.മാര്‍ കുറ്റക്കാരാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. ഒരു മാസം മുന്‍പ് തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച എഫ്.ഐ.ആറിലാണ് ആറ് എം.എല്‍.എ.മാര്‍ പ്രഥമദൃഷ്ട്യാ കുറ്റക്കാരാണെന്നും പൊതുമുതല്‍ നശിപ്പിച്ചുവെന്നും കണ്ടെത്തിയ കാര്യം ക്രൈംബ്രാഞ്ച് പറഞ്ഞത്. ഹൈക്കോടതിയുടെ നിര്‍ദേശാനുസരണമാണ് ക്രൈംബ്രാഞ്ച് എഫ്.ഐ.ആര്‍. സമര്‍പ്പിച്ചത്.

സി.പി.എം. അംഗങ്ങളായ ഇ.പി.ജയരാജന്‍, വി.ശിവന്‍കുട്ടി, കെ. കുഞ്ഞഹമ്മദ്, സി.കെ.സദാശിവന്‍, കെ.അജിത്ത്, ഇടതു സ്വതന്ത്രന്‍ കെ.ടി.ജലീല്‍ എന്നിവരെ പ്രതികളാക്കിയാണ് ക്രൈംബ്രാഞ്ച് കോടതിയില്‍ എഫ്.ഐ.ആര്‍. സമര്‍പ്പിച്ചത്. ബാര്‍ കോഴക്കേസില്‍ ആരോപണവിധേയനായ അന്നത്തെ ധനമന്ത്രി കെ.എം. മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയാന്‍ ശ്രമിച്ച ഇവര്‍ രണ്ട് ലക്ഷം രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചുവെന്നാണ് ക്രൈംബ്രാഞ്ച് എഫ്.ഐ.ആറില്‍ പറഞ്ഞിരിക്കുന്നത്.

നിയമസഭാ സമ്മേളനം ചേരാന്‍ ഒരു ദിവസം മാത്രം ശേഷിക്കെയാണ് ക്രൈംബ്രാഞ്ച് എഫ്.ഐ.ആര്‍ നല്‍കിയ വിവരം പുറത്തുവന്നത്. ബാര്‍കോഴക്കേസില്‍ ആരോപണവിധേയനായ എക്‌സൈസ് മന്ത്രി കെ.ബാബുവിന്റെ രാജിക്കാര്യം സമ്മേളനം പ്രക്ഷുബ്ധമാക്കുമെന്ന് ഉറപ്പായ സാഹചര്യത്തില്‍ വിഷയത്തിന് കൂടുതല്‍ ചൂടുപകര്‍ന്നിരിക്കുകയാണ് ക്രൈംബ്രാഞ്ചിന്റെ എഫ്.ഐ.ആര്‍. മന്ത്രി ബാബുവിന്റെ രാജിക്കായി മുറവിളി കൂട്ടാന്‍ ഒരുങ്ങുന്ന പ്രതിപക്ഷത്തിനെതിരെ ഉപയോഗിക്കാനുള്ള ഒരു ആയുധമാണ് ഇതുവഴി ഭരണപക്ഷത്തിന് ലഭിച്ചത്.

പൊതുമുതല്‍ നശിപ്പിച്ച എം.എല്‍.എ.മാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് തൃശൂര്‍ സ്വദേശിയായ പി.ഡി.ജോസഫ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെ ചീഫ് ജസ്റ്റിസ് അശോക് ഭൂഷണ്‍, ജസ്റ്റിസ് എ.എം. ഷഫീഖ് എന്നിവരടങ്ങില്‍ ഡിവിഷന്‍ ബഞ്ച് സംസ്ഥാന സര്‍ക്കാരിനോട് നേരത്തെ റിപ്പോര്‍ട്ട് തേടിയിരുന്നു. നിയമസഭയുടെ അകത്തും തുടര്‍ന്ന് നടന്ന ഹര്‍ത്താലിന്റെ പേരില്‍ പുറത്തുമുണ്ടായ അനിഷ്ടസംഭവങ്ങള്‍ക്കും ഉത്തരവാദികളായ എം.എല്‍.എ.മാരില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനുശേഷമാണ് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. എന്നാല്‍, ജമീല പ്രകാശം ഉള്‍പ്പടെയുള്ള പ്രതിപക്ഷ വനിതാ എം.എല്‍.എല്‍മാര്‍ കെ.ശിവദാസന്‍ നായര്‍, ഡോമിനിക്ക് പ്രസന്റേഷന്‍, എം.എ. വഹിദ് എന്നിവര്‍ക്കെതിരെ നല്‍കിയ പരാതിയുടെ അന്വേഷണം ഇതുവരെ പൂര്‍ത്തിയാക്കിയിട്ടില്ല.

ആദ്യം തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.